Connect with us

Kerala

ആപ്പിള്‍ എ ഡേ: ഫ്‌ളാറ്റും പണവും തിരിച്ചുനല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കി

Published

|

Last Updated

കൊച്ചി: ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് ഫഌറ്റും പണവും തിരിച്ചുകൊടുക്കാനുള്ള പദ്ധതിക്ക് രൂപം കൊടുത്തതായി കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി അഡ്വ. കെ മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിക്ഷേപിച്ച തുക പണമായോ ഫഌറ്റായോ തിരികെ സ്ഥലമായോ കൊടുക്കുന്ന രൂപത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിക്ക് സമര്‍പ്പിക്കും. ഹൈക്കോടതിയുടെ അനുമതിയോടുകൂടി തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതിനായി നിക്ഷേപകരുടെ ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടിയുടെ ഫഌറ്റ്, വില്ലാ പ്രൊജക്ടുകള്‍ അടക്കമുള്ള 19 പദ്ധതികളില്‍ പണം നിക്ഷേപിച്ചവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെല്‍സയുടെ നേതൃത്വത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതി രൂപവത്കരിച്ചത്. ഫഌറ്റുകള്‍ സമയത്ത് പണി പൂര്‍ത്തിയാക്കാനും കൈമാറാനും കഴിയാതെ വന്നതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.
ഒരു വില്ലാ പ്രൊജക്ടും ഫഌറ്റുമടക്കമുള്ള രണ്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കി നിക്ഷേപകര്‍ക്ക് കൈമാറിയിട്ടുണ്ട്. പതിമൂന്ന് പദ്ധതികളുടെ നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതു താമസിയാതെ കൈമാറാന്‍ കഴിയുമെന്നാണ് ഡയറക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആപ്പിള്‍ ന്യൂ കൊച്ചിന്‍, ആപ്പിള്‍ ഐസ് എന്നീ പ്രൊജക്ടുകള്‍ നിര്‍ത്തലാക്കി. ഈ പദ്ധതികളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഭൂമിയായോ പണമായോ തിരിച്ച് നല്‍കും.
നാല് പദ്ധതികള്‍ 70 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതു ഒന്നരവര്‍ഷത്തിനുള്ളില്‍ കൈമാറാന്‍ കഴിയുമെന്ന് കമ്പനിയുടെ ഉടമകള്‍ സമ്മതിച്ചതായി കെല്‍സ ഭാരവാഹികള്‍ അറിയിച്ചു.
2227 പേരാണ് ഇതില്‍ നിക്ഷേപിച്ചിട്ടുള്ളത്. ബേങ്കില്‍ നിന്ന് ലോണെടുത്ത നിക്ഷേപകര്‍ക്ക് ബോങ്കിലെ പലിശയടക്കം തിരിച്ച് നല്‍കും. മറ്റുള്ളവര്‍ക്ക് നാല് ശതമാനം പലിശയോടുകൂടി തുക തിരിച്ച് നല്‍കുമെന്നും ഇവര്‍ അറിയിച്ചു. അഡ്വ. സുഭാഷ് ചന്ദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

---- facebook comment plugin here -----

Latest