ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മോഡി ബി ജെ പിയെ നയിക്കും

Posted on: June 9, 2013 2:00 pm | Last updated: June 10, 2013 at 10:53 am
SHARE

narendra_modi

 

 

പനാജി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നരേന്ദ്ര മോഡി നയിക്കും. ഗോവയില്‍ നടന്ന ബി ജെ പി. ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡിയെ മുഖ്യ പ്രചാരകനായി തിരഞ്ഞെടുത്തത്. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലക്കാത്ത കരഘോഷത്തോടെയാണ് പ്രഖ്യാപനത്തെ സദസ്സ് സ്വീകരിച്ചത്. നരേന്ദ്ര മോഡിയുടെ സ്ഥാനലബ്ധിയില്‍ ആഹ്ലാദം പങ്കിട്ട് മോഡി അനുകൂലികള്‍ ഡല്‍ഹിയില്‍ പ്രകടനം നടത്തി.
എല്‍ കെ അഡ്വാനിയുടെ എതിര്‍പ്പ് അവഗണിച്ചാണ് മോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തത്. മോഡിക്ക് പ്രചാരണ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം നല്‍കരുതെന്നും പകരം കണ്‍വീനര്‍ സ്ഥാനം നല്‍കാമെന്നുമുള്ള നിര്‍ദേശമാണ് എല്‍ കെ അഡ്വാനി കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചത്. എന്നാല്‍ മോഡി സംഘത്തിന്റെ പിടിവാശിക്ക് മുമ്പില്‍ ദേശീയ നിര്‍വാഹകസമിതിക്ക് മുട്ടുമടക്കേണ്ടി വന്നു.
അഡ്വാനിയുടെ സാന്നിധ്യത്തില്‍ മോഡിയെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകനായി പ്രഖ്യാപിക്കാനായിരുന്നു നീക്കം. അതറിഞ്ഞാണ് അഡ്വാനി വിട്ടുനിന്നതെന്ന് കരുതുന്നു. ബി ജെ പി രൂപവത്കരിച്ചശേഷം ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇതുവരെ അഡ്വാനി പങ്കെടുക്കാതിരുന്നിട്ടില്ല. വെള്ളിയാഴ്ച നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തില്ല. അനാരോഗ്യമാണ് അഡ്വാനി എത്താത്തതിന് കാരണമെന്ന് ദേശീയ വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ ശനിയാഴ്ചയും വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചിരുന്നു. അഡ്വാനി പക്ഷക്കാരായ ഉമാഭാരതി, ജസ്വന്ത്‌സിംഗ്, യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയവരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും തിരക്കിട്ട ചര്‍ച്ചകള്‍ക്കും ഒടുവിലാണ് മോഡി പ്രചാരണ സമിതി അധ്യക്ഷനാകുന്നത്. നിര്‍വാഹക സമിതി യോഗത്തിന് മുന്നോടിയായി വെളളിയാഴ്ച നടന്ന നേതൃയോഗത്തില്‍ നിന്ന് അഡ്വാനി വിട്ടുനിന്നപ്പോള്‍ തന്നെ ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. രണ്ട് ദിവസത്തെ യോഗത്തിലും ഇത് ആവര്‍ത്തിച്ചതോടെ അഡ്വാനി പക്ഷം രണ്ടും കല്‍പ്പിച്ചാണെന്ന് വ്യക്തമായി. എന്നാല്‍, മോഡി അനുകൂലികളെ തെരുവിലിറക്കിയാണ് മറുപക്ഷം തിരിച്ചടിച്ചത്. കഴിഞ്ഞ ദിവസം അഡ്വാനിയുടെ വസതിക്ക് മുമ്പിലേക്ക് മാര്‍ച്ച് നടത്തിയ ‘മോഡി സേന’ അഡ്വാനിയെ തട്ടിനീക്കി പാര്‍ട്ടി മുന്നോട്ടുപോകുമെന്ന് മുദ്രാവാക്യം മുഴക്കി. അതിനിടക്കാണ് സമവായ ശ്രമങ്ങള്‍ ഊര്‍ജിതമായത്. ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ മോഡിയെ പ്രചാരക സമിതി കണ്‍വീനറാക്കുകയെന്ന നിര്‍ദേശം അഡ്വാനി മുന്നോട്ട് വെച്ചു. ചെയര്‍മാന്‍ സ്ഥാനത്തിന് പകരം കണ്‍വീനര്‍ സ്ഥാനമാണ് ലഭിച്ചിരുന്നതെങ്കില്‍ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കാന്‍ മോഡിക്കാകുമായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞ മോഡി പക്ഷം ഈ നിര്‍ദേശം തള്ളി. ഒടുവില്‍ ആര്‍ എസ് എസിന്റെ ശക്തമായ പിന്തുണയുടെ തണലിലാണ് മോഡി പ്രചാരണ സമിതി ചെയര്‍മാനായിരിക്കുന്നത്.