Connect with us

Kerala

സമ്പൂര്‍ണ ബജറ്റ് സമ്മേളനം നാളെ തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം പതിമൂന്നാം കേരള നിയമസഭ നാളെ മുതല്‍ വീണ്ടും സമ്മേളിക്കുന്നു. സമ്പൂര്‍ണ ബജറ്റും ധനാഭ്യര്‍ഥനകളും പാസാക്കുകയാണ് മുഖ്യ അജന്‍ഡയെങ്കിലും രാഷ്ട്രീയത്തിലെ കാറ്റും കോളും സഭാതലത്തെയും പ്രക്ഷുബ്ധമാക്കുമെന്നുറപ്പാണ്. പകര്‍ച്ചപ്പനിയും മാലിന്യ പ്രശ്‌നവുമെല്ലാം തന്നെയാകും പ്രതിപക്ഷത്തിന്റെ പ്രധാന തുറുപ്പ് ചീട്ട്. ഒപ്പം ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കരിനിയമങ്ങള്‍ പ്രയോഗിക്കുന്നുവെന്ന ആക്ഷേപം സഭയിലും ഉന്നയിക്കപ്പെടും. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലൂടെയാകും ചര്‍ച്ചകള്‍ രാഷ്ട്രീയത്തിലേക്ക് വഴിമാറുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന അഭ്യൂഹം അന്തരീക്ഷത്തിലുള്ളതിനാല്‍ വീറും വാശിയും പ്രകടമാക്കാന്‍ സഭാതലത്തെ ഇരുപക്ഷവും ഉപയോഗപ്പെടുത്തും.

പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ബന്ധം ഇനി പഴയത് പോലെയുണ്ടാകില്ലെന്ന രമേശിന്റെ മുന്നറിയിപ്പ് സഭയിലും പ്രതിഫലിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ജാതി സംഘടനകളുടെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയാത്തതും സര്‍ക്കാറിന്റെ ബലഹീനതയായി വ്യാഖ്യാനിക്കപ്പെടും. പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ ഉണ്ടാക്കിയ വിവാദങ്ങളും ഘടകകക്ഷികള്‍ ഉയര്‍ത്തുന്ന ഭീഷണിയുമെല്ലാം സഭയിലും സര്‍ക്കാറിന്റെ കെട്ടുറപ്പിനെ ബാധിച്ചേക്കാം. പകര്‍ച്ചപനി പ്രതിരോധിക്കുന്നതിലെ പാളിച്ചകളും സഭയില്‍ ഉന്നയിക്കപ്പെടും. ആദ്യ ദിവസം തന്നെ ഈ വിഷയം അടിയന്തിരപ്രമേയമായി സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. കെ ആര്‍ ഗൗരിയമ്മക്കും ടി വി തോമസിനുമെതിരെ പി സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച എത്തിക്‌സ് കമ്മറ്റിയുടെ റിപ്പോര്‍ട്ടും ഈ സമ്മേളന കാലത്ത് സഭയില്‍ വരും.

Latest