ഗള്‍ഫിലും തക്കാളിക്ക് തീവില

Posted on: June 8, 2013 11:29 pm | Last updated: June 8, 2013 at 11:35 pm
SHARE

tomatoഷാര്‍ജ: തക്കാളിക്ക് വിപണിയില്‍ തീവില. അഞ്ച് ദിര്‍ഹമാണ് ഒരു കിലോ തക്കാളിക്ക് ഇപ്പോഴത്തെ വില. കിലോക്ക് ഒരു ദിര്‍ഹമും ഒന്നര ദിര്‍ഹമും വിലയായിരുന്ന സ്ഥാനത്താണിത്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് തക്കാളി വിലയില്‍ വന്‍ കുതിപ്പുണ്ടായത്.

നേരത്തെ ഏഴ് കിലോ തൂക്കം വരുന്ന തക്കാളി ഒരു പെട്ടി 13 ഉം 14 ഉം ദിര്‍ഹമിനു ലഭിച്ചിരുന്നതായി റോളയിലെ ഒരു ഗ്രോസറി ഉടമ പറഞ്ഞു. ഇപ്പോഴാകട്ടെ ഇതിന്റെ ഇരട്ടിയിലധികം വില നല്‍കണം. സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരത്തെ വന്‍ വിലക്കുറവില്‍ തക്കാളി വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കിലോക്ക് അഞ്ച് ദിര്‍ഹമാണ് ഈടാക്കുന്നത്. രാജ്യത്ത് തക്കാളി ഉത്പാദനം കുറയുകയും വിദേശങ്ങളില്‍ പ്രതീക്ഷിച്ചത്ര ഇറക്കുമതി നടക്കാത്തതിനാല്‍ തക്കാളിക്ക് ക്ഷാമം നേരിട്ടതാണ് വില വര്‍ധനവിനു കാരണമെന്നറിയുന്നു. ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഒമാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് പ്രധാനമായും രാജ്യത്തേക്ക് തക്കാളിയെത്തുന്നത്.
അതേസമയം രാജ്യത്ത് അനുഭവപ്പെടുന്ന ശക്തമായ ചൂടാണ് തക്കാളി ഉത്പാദനത്തിന് കുറവുണ്ടാക്കിയതെന്നാണ് സൂചന. ചൂട് കനത്തതോടെ ജലസേചന സൗകര്യം കുറഞ്ഞു. വരും ദിവസങ്ങളില്‍ വില ഇനിയും കൂടാനാണ് സാധ്യത.

മറ്റുപച്ചക്കറികളെയൊന്നും വില വര്‍ധന കാരമായി ബാധിച്ചിട്ടില്ല. താരതമ്യേന കുക്കുമ്പര്‍, ക്യാരറ്റ് എന്നിവക്കാണ് അല്‍പം വിലക്കൂടുതല്‍. സവാളക്കാണ് ഏറ്റവും കുറഞ്ഞ വില. കിലോക്ക് ഒന്ന് മുതല്‍ ഒന്നര ദിര്‍ഹം വരെയാണ് വില. പഴ വര്‍ഗങ്ങളില്‍ തണ്ണിമത്തനാണ് ഏറ്റവും കുറവ്. കിലോക്ക് ഒന്നര ദിര്‍ഹമിനു താഴെ. മാമ്പഴക്കാലമായതിനാല്‍ പലതരം മാമ്പഴങ്ങളും ചുരുങ്ങിയ വിലക്ക് ലഭ്യമാകുന്നു. ഇന്ത്യയില്‍ നിന്നുള്ള വിവിധയിനം മാമ്പഴങ്ങളാണ് യു എ ഇ വിപണി കീഴടക്കിയിരിക്കുന്നത്.