Connect with us

Gulf

മാധ്യമങ്ങള്‍ പരിഷ്‌കൃത സമൂഹത്തില്‍ പുരോഗതിയുടെ ചാലകശക്തി

Published

|

Last Updated

ദുബൈ: പരിഷ്‌കൃത സമൂഹത്തില്‍ പുരോഗതിക്ക് ചാലകശക്തിയായി വര്‍ത്തിക്കുന്നത് മാധ്യമങ്ങളാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം അഭിപ്രായപ്പെട്ടു.

ദുബൈ മീഡിയാ ഓഫീസില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് മീഡിയാ മജ്‌ലിസില്‍ വിദേശ മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.
സമൂഹത്തിന്റെ മികച്ച പങ്കാളിയാണ് മാധ്യമങ്ങള്‍. കാഴ്ചപ്പാടുകളുടെ ജാലകവുമാണത്. മാധ്യമങ്ങളുമായി പരമാവധി സഹകരിക്കണമെന്ന് ഫെഡറല്‍, ലോക്കല്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ മറകൂടാതെ വെളിപ്പെടുത്തണം. കൃത്യമായ റിപ്പോര്‍ട്ടിംഗിന് അത് അനിവാര്യവുമാണ്.
യു എ ഇയുടെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യരുമായുള്ള ആശയവിനിമയത്തിനും അത് ഉതകി. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളെല്ലാം ജനങ്ങളുമായി സംവാദം സാധ്യമാക്കി.

മാധ്യമങ്ങള്‍ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ലോകനിലവാരത്തിലേക്ക് പ്രൊഫഷനലിസം ഉയരണം.

എക്‌സ്‌പോ 2020 ദുബൈക്കു ലഭ്യമാകും എന്നാണ് പ്രതീക്ഷ. പാരീസിലെ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ബ്യൂറോയിലേക്ക് യു എ ഇയുടെ രേഖകള്‍ എത്തിച്ചിട്ടുണ്ട്. എക്‌സ്‌പോ 2020 സാമ്പത്തിക സാംസ്‌കാരിക മേഖലക്ക് വലിയ ഗുണം ചെയ്യുന്ന ആഗോള സംരംഭമാണ്. അറബ് മേഖലയ്ക്കും ഇത് ഗുണകരമാകും -ശൈഖ് മുഹമ്മദ് പറഞ്ഞു.

ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയാ ഇന്‍കോര്‍പറേറ്റഡ് (ഡി എം ഐ) ചെയര്‍മാനുമായ ശൈഖ് മക്്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം, ദുബൈ മീഡിയാ ഓഫീസ് ഡയറക്ടര്‍ ജനറല്‍ മോണാഘാനിം അല്‍ മറി, മീഡിയാ ഇന്‍കോര്‍പറേറ്റഡ് എം ഡി സമി അല്‍ ഖംസി എന്നിവരും മജ്‌ലിസില്‍ പങ്കെടുത്തു. രണ്ടാമത്തെ മജ്്‌ലിസാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്.