മഅദനിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചു; നില തൃപ്തികരം

Posted on: June 8, 2013 3:38 pm | Last updated: June 8, 2013 at 3:38 pm
SHARE

madaniബംഗളുരു: സ്‌ഫോടനക്കേസ് ചുമത്തി ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലടച്ച പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ ചികിത്സക്കായി ബംഗളുരുവിലെ സൗഖ്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ അദ്ദേഹത്തെ വിശദമായ പരിശോധനക്ക് വിധേയനാക്കി. ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രമേഹത്തിലെ വ്യതിയാനവും വലതുകണ്ണിന്റെ കാഴ്ചശക്തി കുറയുന്നതുമാണ് പ്രധാന പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തെ വിദഗ്ധ ചികിത്സക്ക് വിധേയനാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധു റജീബും, സൗഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് സെന്ററിലെ രണ്ട് ജീവനക്കാരുമാണ് മഅദനിക്ക് ഒപ്പമുണ്ടായിരുന്നത്. പരിശോധനക്ക് ശേഷം അദ്ദേഹത്തെ ജയിലിലേക്ക് തന്നെ കൊണ്ടുപോയി.

ആശുപത്രിയിലേക്ക് പോകുമ്പോള്‍ സഹായികളെ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് പോകാന്‍ മഅദനി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് കോടതി വഴിയും രാഷ്ട്രീയ തലത്തിലും പരിഹാരത്തിന് ശ്രമിക്കുന്നതിനിടെ ഒരു ബന്ധുവിനെയും രണ്ട് ആശുപത്രി ജീവനക്കാരെയും മഅദനിക്ക് സഹായിയായി പോലീസ് അനുവദിക്കുകയായിരുന്നു.