Connect with us

National

ചികിത്സയിലെ പിഴവ്: കൈ മുറിച്ചുമാറ്റിയതിന് 5.1 ലക്ഷം നഷ്ടപരിഹാരം

Published

|

Last Updated

ന്യുഡല്‍ഹി: ചികിത്സയിലെ വീഴ്ച കാരണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വലത് കൈ മുട്ടിന് താഴെ മുറിച്ച് മാറ്റേണ്ടിവന്ന സംഭവത്തില്‍ ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയും അതിലെ നാല് ഡോക്ടര്‍മാരും ചേര്‍ന്ന് 5.1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍ സി ഡി ആര്‍ സി) ഉത്തരവിട്ടു.
ആശുപത്രിയിലെ ചികിത്സയിലെ പിഴവാണ് ഈ ദുഃസ്ഥിതിക്ക് കാരണമെന്നും ഡോക്ടര്‍മാരായ ശിശുരോഗ വിദഗ്ധ മീരാ രാമകൃഷ്ണന്‍. വസ്‌കുലര്‍ സര്‍ജന്‍ വാസുദേവ റാവു, ശിശുരോഗ വിദഗ്ധന്‍ അരവിന്ദ് ഷേണായ്, പീഡിയാട്രിക് സര്‍ജന്‍ ജയന്ത് അയ്യങ്കാര്‍ എന്നിവരാണ് ഈ വീഴ്ചക്ക് ഉത്തരവാദികളെന്നും കമ്മീഷന്‍ വിധിച്ചു. 2002 ആഗസ്റ്റിലാണ് കേസിന് അടിസ്ഥാനമായ സംഭവത്തിന്റെ തുടക്കം.
ജലദോഷവും ചുമയും കാരണമാണ് ആല്‍ഫ്രഡ് ബെനിഡക്ടും ഭാര്യ റാണിയും തങ്ങളുടെ രണ്ട് വയസ്സുകാരി മകളെയും കൊണ്ട് ഡോ. ഷേണായിയെ കാണുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മകളെ ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് ന്യുമോണിയ ആണെന്നതിനാല്‍ കൈ ഞരമ്പിലൂടെ ഔഷധങ്ങളും ദ്രവരൂപത്തിലുള്ള ഭക്ഷണവും നല്‍കാന്‍ സൂചിയിട്ടു. ഇതേത്തുടര്‍ന്ന് ദിവസങ്ങള്‍ക്കകം വലത് കൈമുട്ടിന് താഴെ രക്തപ്രവാഹമില്ലാതായി. തുടര്‍ന്ന് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റുകയായിരുന്നു.
കൈയില്‍ രക്തപ്രവാഹം നിലക്കാന്‍ എന്താണ് കാരണമെന്ന് കുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ക്കൊ ഡോക്ടര്‍മാര്‍ക്കൊ വിശദീകരിക്കാനായില്ല. ന്യുമോണിയയെ തുടര്‍ന്നുള്ള സങ്കീര്‍ണതകളാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റാന്‍ കാരണമായതെന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. പക്ഷേ , ഈ വാദം കമ്മീഷന്‍ തള്ളുകയും ഡോക്ടര്‍മാര്‍ നാല് പേരും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയും ആശുപത്രി പതിനായിരം രൂപയും കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയുമായിരുന്നു.

Latest