Connect with us

National

മഹാരാഷ്ട്രയില്‍ കാര്‍ഷിക മേഖലക്ക് അറുപതിനായിരം കോടിയുടെ പദ്ധതി

Published

|

Last Updated

മുംബൈ: കഴിഞ്ഞ ഏതാനും വര്‍ഷമായി കടുത്ത വരള്‍ച്ച സംസ്ഥാനത്തെ കാര്‍ഷിക രംഗത്ത് ഏല്‍പ്പിച്ച ആഘാതം നേരിടുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറുപതിനായിരം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. വികേന്ദ്രീകൃത ജലസംഭരണ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും വിള പരിഷ്‌കരണത്തിനുമാണ് പദ്ധതിയില്‍ ഏറെ പ്രധാന്യം നല്‍കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ വരള്‍ച്ചാരഹിത സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥാ മാറ്റം കൃഷിയെ ബാധിക്കാത്ത വിധം സംവിധാനങ്ങളൊരുക്കാനാണ് പദ്ധതി ശ്രമിക്കുക.
വിശദാംശങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും കേന്ദ്ര കൃഷി മന്ത്രി ശരത് പവാറുമായും ധനമന്ത്രി ചിദംബരവുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. പതിനായിരം കോടി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തും. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് മുപ്പതിനായിരം കോടിയാണ് പ്രതീക്ഷിക്കുന്നത്. ശേഷിക്കുന്ന തുക അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നടക്കമുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്ന് സമാഹരിക്കുമെന്നും ചവാന്‍ പറഞ്ഞു.