Connect with us

Malappuram

എയ്ഡഡ് കോളജ്; പ്രതിഷേധം ശക്തമാകുന്നു ന്യായീകരണവുമായി എം എസ് എഫ്

Published

|

Last Updated

page three final copyവേങ്ങര: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വേങ്ങര മണ്ഡലത്തിലെ സര്‍ക്കാര്‍ കോളജിന് തുരങ്കം വെച്ച് മുസ്‌ലിംലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റിന് എയ്ഡഡ് കോളജ് അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ മണ്ഡലം എം എസ് എഫ് നേതൃത്വം ന്യായീകരണവുമായി രംഗത്തെത്തി.
കോളജ് തുടങ്ങാനാവശ്യമായ സ്ഥലം സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ തന്നെ ഉണ്ടെന്ന വസ്തുത മറച്ച് വെച്ച് സര്‍ക്കാര്‍ ഭൂമി ലഭിക്കാത്തതിനാല്‍ കോളജ് നഷ്ടപ്പെടാതിരിക്കാനാണ് ട്രസ്റ്റിന് കീഴില്‍ എയ്ഡഡ് മേഖലയില്‍ കോളജ് അനുവദിച്ചതെന്ന വിശദീകരണവുമായാണ് എം എസ് എഫ് രംഗത്തുവന്നത്. എയ്ഡഡ് കോളജ് അനുവദിച്ച നടപടിയിലെ പ്രതിഷേധക്കാരെ വിമര്‍ശിച്ചാണ് പത്രകുറിപ്പ് ഇറക്കിയത്. അതേ സമയം എയ്ഡഡ് കോളജ് അനുവദിച്ച നടപടിയെയല്ല പ്രതിഷേധക്കാര്‍ എതിര്‍ത്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ ബജറ്റില്‍ പോലും പ്രഖ്യാപിച്ച് നടപടികളാരംഭിച്ച കോളജ് നഷ്ടപ്പെടുത്തി സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ എയ്ഡഡ് മേഖലയില്‍ അനുമതി നല്‍കിയതിനെതിരെയാണ് പൊതുവികാരം.
കോളജ് എയ്ഡഡ്‌മേഖലയിലേക്ക് മാറ്റുകവഴി സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി പാര്‍ശ്വവര്‍ത്തികള്‍ക്ക് കൂട്ട് നിന്നതായി നാഷനല്‍ ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി ആരോപിച്ചു. ടി എ സമദ് അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിച്ച കോളജ് അഴിമതിക്ക് വഴിയൊരുക്കി സ്വകാര്യ മേഖലക്ക് നല്‍കിയതില്‍ എസ് ഡി പി ഐ വേങ്ങര മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. അരീക്കന്‍ ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം മുസ്തഫ, വി മുഹമ്മദ് ബശീര്‍, പി ചെറീത്, ഖയ്യൂംഹാജി പ്രസംഗിച്ചു. കോളജ് മുസ്‌ലിംലീഗ് ഉടമസ്ഥതയിലുള്ള സ്വകാര്യ ട്രസ്റ്റിന് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഐ എന്‍ എല്‍ ജില്ലാ ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കെ തങ്ങളും ജനറല്‍ സെക്രട്ടറി സി എച്ച് മുസ്തഫയും ആവശ്യപ്പെട്ടു.

Latest