പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തന ഫണ്ടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

Posted on: June 8, 2013 12:18 am | Last updated: June 8, 2013 at 12:19 am
SHARE

പട്ടാമ്പി: കേരള പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തന ഫണ്ടില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. 2004 മുതല്‍ 2012 വരെയുള്ള കാലയളവില്‍ അസോസിയേഷന്റെ വരവ് ചെലവ് കണക്കുകളിലാണ് വന്‍ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. അസോസിയേഷന്റെ കീഴില്‍ പുറത്തിറക്കുന്ന മുഖപത്രമായ ‘കാവല്‍ കൈരളി’ക്ക് വേണ്ടി പിരിവ് നടത്തിയതിലും ഗുരുതരമായ സാമ്പത്തിക തിരിമറി കണ്ടെത്തി. ഇതേ തുടര്‍ന്ന് മൂന്ന് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിട്ടു. മുന്‍സംസ്ഥാന ട്രഷററുടെ വ്യക്തിപരമായ ബേങ്ക് അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ മാറ്റിയതായും കണ്ടെത്തി. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാജന്‍, ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു, ട്രഷറര്‍ സി ബി ബാബുരാജ് എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് സര്‍ക്കാര്‍ ശിപാര്‍ശ. ചിലാശ്ശേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ബാബുരാജിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ബാബുരാജ് ട്രഷറര്‍ പദവി ദുരുപയോഗപ്പെടുത്തി അനധികൃത ഇടപാടുകളും അഴിമതിയും നടത്തിയെന്നും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നും വ്യക്തമായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു. ബാബുരാജ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാണക്കേടുണ്ടാക്കി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയതായും കത്തില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ രഹസ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. വെളിപ്പെടുത്താത്ത സ്രോതസ്സില്‍ നിന്ന് ബാബുരാജിന്റെ അക്കൗണ്ടിലേക്ക് വന്‍തുക വന്നുവെന്നും ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഡി ജി പിയുടെ കത്ത് ലഭിച്ച പാലക്കാട് ജില്ലാ പോലീസ് മേധാവി വാക്കാലുള്ള വിശദീകരണം തേടി ഇയാളെ തുടര്‍നടപടികളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ആരോപണമുയര്‍ന്നു. ഇടതുപക്ഷാനുകൂലികള്‍ അസോസിയേഷന്റെ തലപ്പത്തിരുന്ന കാലത്താണ് നടപടികള്‍ക്ക് ആധാരമായ സംഭവങ്ങളുണ്ടായത്.
പല വിധത്തിലായി 46 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തി. ‘കാവല്‍ കൈരളി’യുടെ കണക്കുകളില്‍ പലതിലും വൗച്ചറുകളില്ലെന്നും പണമിടപാടുകള്‍ സംശയാസ്പദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2006 ഡിസംബര്‍ മുതല്‍ 2007 മെയ് വരെയുള്ള കണക്കുകള്‍ കാണാനുമില്ല. പത്രം അച്ചടിച്ച സ്ഥാപനങ്ങള്‍ക്ക് നല്‍കിയ തുകകളില്‍ വ്യാപക പൊരുത്തക്കേടുകളുണ്ട്. ഒരു ജ്വല്ലറിയില്‍ നിന്ന് കാല്‍ ലക്ഷത്തോളം രൂപ സംഭാവന വാങ്ങിയതില്‍, ക്യാഷ് ബുക്കില്‍ 15,000 രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അസോസിയേഷന്റെ കണക്കുകളില്‍ വന്‍ക്രമക്കേടുകളുണ്ട്.
2011 ജൂണ്‍ 23ന് ലഭിച്ച 1.80 ലക്ഷം രൂപയുടെ ചെക്ക് രണ്ട് മാസത്തിന് ശേഷം സ്വന്തം അക്കൗണ്ടിലേക്ക് ട്രഷറര്‍ മാറ്റിയതായും കണ്ടെത്തി. 2008 മെയ് മുതല്‍ 2009 ജൂണ്‍ വരെ ക്യാഷ് ബുക്ക് ദിവസേന ക്ലോസ് ചെയ്തിട്ടില്ല. വന്‍തുക കൈവശം സൂക്ഷിച്ചതിനു ഇത് തെളിവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2008 മെയ് എട്ടിന് 3.99 ലക്ഷം രൂപയാണ് ഇപ്രകാരമുണ്ടായിരുന്നത്. ഉടന്‍ ബേങ്കില്‍ അടക്കാന്‍ സൗകര്യമുണ്ടായിട്ടും അത് ചെയ്തില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മാസാവസാനം കൈവശം സൂക്ഷിച്ച തുക 98,000 രൂപയായി കുറഞ്ഞു. ചട്ടപ്രകാരം 500 രൂപയാണ് പരമാവധി കൈവശം സൂക്ഷിക്കാന്‍ അനുമതി. 2008ല്‍ പലതവണകളായി ഇപ്രകാരം ലക്ഷക്കണക്കിനു രൂപ ട്രഷറര്‍ കൈവശം സൂക്ഷിച്ചിട്ടുണ്ട്. 2010ലെ കണ്ണൂര്‍ സമ്മേളനത്തിനായി സ്വാഗതസംഘത്തിനു മുന്‍കൂറായി നല്‍കിയ ഒരു ലക്ഷം രൂപ ചെലവിട്ടതിന് വൗച്ചറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2012 മെയില്‍ പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ സെല്‍ എസ് പി വി കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കണക്കുകള്‍ പരിശോധിച്ചത്.
അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറി. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും നടത്തിയ മുന്‍സംസ്ഥാന ട്രഷറര്‍ ബാബുരാജിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.