‘ഹോണറബിള്‍ സ്പീക്കറും ഹോണറബിള്‍ മെമ്പേഴ്‌സും’ ഇനി നിയമസഭക്ക് പുറത്ത്

Posted on: June 8, 2013 6:00 am | Last updated: June 8, 2013 at 12:13 am
SHARE

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഇനി മുതല്‍ ‘ഹോണറബിള്‍ സ്പീക്കര്‍’ ‘ഹോണറബിള്‍ മെമ്പേഴ്‌സും’ ഉണ്ടാകില്ല. പകരം ‘ബഹുമാനപ്പെട്ട സഭാ അധ്യക്ഷന്‍, ബഹുമാനപ്പെട്ട അംഗങ്ങള്‍’ എന്നാകും അഭിസംബോധന. നിയമസഭാ നടപടി ക്രമങ്ങള്‍ പൂര്‍ണമായി മലയാളത്തിലാക്കുന്നതിന്റെ ഭാഗമാണിത്. സ്ഥിരമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ക്ക് പകരം മലയാളം വാക്കുകള്‍ കൊണ്ടുവരാനാണ് ശ്രമമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു.

മലയാളഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിന്റെ തുടര്‍ച്ചയായാണ് നിയമസഭയിലെ പുതിയ പരിഷ്‌കാരങ്ങള്‍. നിയമസഭയിലെ വാക്കുകളും ഫയലുകളും സാധ്യമാകുന്നത്ര മലയാളമാക്കും. പതിമൂന്നാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം മുതല്‍ ഈ മാറ്റമുണ്ടാകും. നടപടിക്രമങ്ങളിലെല്ലാം മലയാളത്തിനായിരിക്കും മുന്‍ഗണന. നിയമസഭാ സെക്രട്ടേറിയറ്റിലെ എല്ലാ സമിതി വിഭാഗങ്ങളിലും 95 ശതമാനം ഫയലുകള്‍ മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ സാധ്യമായതെല്ലാം മലയാളത്തിലാണ് പുറപ്പെടുവിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. നിയമസഭാ സെക്രട്ടേറിയറ്റില്‍ മാത്രം ഉപയോഗിക്കുന്ന പദങ്ങള്‍ കണ്ടെത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല പദകോശം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. നിയമസഭയിലെ ഓഫീസര്‍മാരുടെ തസ്തികാ മുദ്രകളും മലയാളത്തില്‍ക്കൂടി തയ്യാറാക്കി വിതരണം ചെയ്തുവരുന്നുണ്ട്. നിയമസഭാ സെക്രട്ടേറിയറ്റിലെ എല്ലാ വിഭാഗത്തിലെയും ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും മലയാളത്തിലാക്കും.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഭരണ ശാസ്ത്രാവലി, ഭരണഭാഷാ പ്രയോഗങ്ങള്‍ എന്നീ പുസ്തകങ്ങള്‍ നിയമസഭാ സെക്രട്ടേറിയറ്റിലെ എല്ലാ സെക്ഷനുകളിലും അണ്ടര്‍ സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. മലയാളഭാഷ ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും നിയമസഭയുമായോ നിയമസഭാ സെക്രട്ടേറിയറ്റുമായോ ബന്ധമുള്ള മലയാള പദങ്ങള്‍ ഇംഗ്ലീഷ് പദം ആണെങ്കില്‍ അതിന് യോജിച്ച മലയാള പദം കണ്ടെത്തി എഴുതുന്നതിനായി അസംബ്ലി ബ്ലോക്കിലെ പടിഞ്ഞാറേ പോര്‍ട്ടിക്കോയില്‍ വൈറ്റ് ബോര്‍ഡ് സ്ഥാപിക്കും. ജീവനക്കാരുടെ ഇടയില്‍ ഭാഷാവബോധം വളര്‍ത്തുന്നതിനായി ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വകുപ്പുതല സമിതി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു കൈയെഴുത്ത് ത്രൈമാസിക ഇറക്കുന്നതിനുള്ള ശ്രമത്തിലാണ് നിയമസഭാ സെക്രട്ടേറിയറ്റ്.