Connect with us

Articles

പി എം കെ: പ്രബോധനത്തിന്റെ കൈപ്പുസ്തകം

Published

|

Last Updated

പി എം കെ ഫൈസിയുടെ വിയോഗത്തിന് ഒരാണ്ട് തികയുന്നു. ദഅ്‌വ ജീവിതസപര്യയാക്കി മാറ്റിയ സാത്വികനായിരുന്നു പി എം കെ. സമൂഹത്തിലെ നാനാ ജാതി മനുഷ്യരോട് പി എം കെ എന്ന കുറിയ മനുഷ്യന്‍ സുസ്‌മേരവദനായി സംസാരിച്ചു. പണ്ഡിതര്‍, ചിന്തകര്‍, പ്രഭാഷകര്‍, എഴുത്തുകാര്‍, വിദ്യാസമ്പന്നര്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, ദുര്‍ബലര്‍, സാധാരണക്കാര്‍, രോഗികള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിലുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും ആവശ്യമായ ആത്മീയവും ഭൗതികവുമായ വിജ്ഞാനങ്ങളും തിരിച്ചറിവുകളും നല്‍കുകയും അതിന് പ്രായോഗികമായ രീതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക പാടവമുണ്ടായിരുന്നു. ജീവിതം തന്നെ പ്രബോധനമാക്കിയ പി എം കെക്ക് തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രാതികൂല്യങ്ങളെ പ്രായോഗിക സമീപനങ്ങളിലൂടെ അനുകൂലകങ്ങളാക്കാന്‍ കഴിഞ്ഞു. സുന്നി പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ നവ ജാഗരണത്തില്‍ കര്‍മകുശലതയും ധൈഷണിക വീര്യവും അന്വേഷണ തീക്ഷ്ണതയും കൊണ്ട് ജീവിതം ധന്യമാക്കിയ അദ്ദേഹത്തിന് ശ്രദ്ധേയമായ ഇടമുണ്ട്.
നടന്നു തേഞ്ഞിട്ടില്ലാത്ത വഴികള്‍ പി എം കെ കണ്ടുപിടിച്ചു. അതിലൂടെ വെളിച്ചം സ്വപ്‌നം കണ്ട് അദ്ദേഹം വേച്ചു വേച്ചു നടന്നു. ചിലപ്പോള്‍ ഒറ്റയാനായി, മറ്റു ചിലപ്പോള്‍ രണ്ടിലൊരാളായി, അങ്ങനെ ദഅ്‌വ സ്പിരിറ്റുള്ള മനസ്സുകളെ പി എം കെ കോര്‍ത്തിണക്കി. അമേരിക്കയിലെയും റഷ്യയിലെയും പിന്നെ കാശ്മീരിലേയും അജ്ഞതകളെക്കുറിച്ച് ഗിരി പ്രഭാഷണങ്ങള്‍ നടക്കുമ്പോള്‍ മലയാള മണ്ണിന്റെ പാലക്കാടിന്റെ ഭാഗമായ ഘനാന്ധകാരമുറ്റി നിന്ന കിളിമലയ്ക്ക് താഴേക്ക് ചൂട്ടു കറ്റയുമായി, സാന്ത്വനതീര്‍ഥവുമായി പി എം കെ കടന്നു ചെന്നു. ഇരുട്ട് വഴിമാറി. പള്ളികള്‍, മദ്‌റസകള്‍, പഠന ക്ലാസുകള്‍, ആത്മീയ സദസ്സുകള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവിടെ കണ്ണ് തുറന്നു. നാട് വെളുത്തു തുടങ്ങിയാല്‍ പി എം കെയെക്കാണില്ല. അദ്ദേഹം മറ്റേതോ ഇരുണ്ട വഴികളില്‍ മെഴുകുതിരിയുമായി നില്‍പ്പുണ്ടാകും.
ഇസ്‌ലാമികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മണത്തറിയാനുള്ള സവിശേഷമായ ഘ്രാണ ശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്. മുസ്‌ലിം ഗ്രാമങ്ങളെ കുരിശണിയിക്കാന്‍ സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന മിഷണറി പ്രവര്‍ത്തനങ്ങള്‍, മിഷണറി പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആത്മീയ സാമ്പത്തിക ചൂഷണങ്ങള്‍, ത്വരീഖത്തിന്റെയും ആത്മീയ ചികിത്സയുടെയും മറവില്‍ നടക്കുന്ന കള്ള ശൈഖുമാരുടെ തട്ടിപ്പുകള്‍, തമസ്സിന്റെ ഉപാസകരായ അധര്‍മകാരികളുടെ താവളങ്ങള്‍. രാഷ്ട്രീയത്തിന്റെ, ബിദ്അത്തിന്റെ, സമ്പത്തിന്റെ ഓരം പറ്റി രൗദ്രത കാട്ടുന്ന മേലാളന്മാരുടെ കാര്യാലയങ്ങള്‍…… അന്വേഷണത്തിന്റെ തീക്ഷ്ണതയും ആവിഷ്‌കാരത്തിന്റെ മൂര്‍ച്ചയും കൈമുതലാക്കി എവിടേയും പി എം കെ നിര്‍ഭയം കടന്നുചെന്നു. ഫാദര്‍ അലവിയുടെ മര്‍കസുല്‍ ബിഷാറയും “കന്നാസ് ഔലിയ”യും ഉദാഹരണങ്ങള്‍ മാത്രം.
മുമ്പേ ചിന്തിക്കുക, മുമ്പേ പറയുക, മുമ്പേ ചെയ്യുക, മുഖ്യധാരയേറ്റെടുത്താല്‍ മറ്റു പുതിയതുകള്‍ കണ്ടെത്തുക, ആക്ഷേപങ്ങളെ നറു പുഞ്ചിരിയോടെ സ്വാഗതം ചെയ്യുക, ആക്ഷേപിക്കുന്നവരെ ന്യായീകരിക്കുക, ഒപ്പം ജീവിതം കൊണ്ട് മറുപടി പറയുക, നേര്‍ച്ചപ്പൂരങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍, മഖ്ബറകളിലെ അനാശാസ്യങ്ങള്‍ക്കെതിരെയുള്ള രചനകള്‍, ദഅ്‌വ കോളജുകളുടെ, ഇംഗ്ലീഷ് മീഡിയങ്ങളുടെ, ആതുരാലയങ്ങളുടെ, കരുണാലയങ്ങളുടെ, പൊതു വിഷയങ്ങളിലെ ഇടപെടലുകളുടെ ആവശ്യകതകളെക്കുറിച്ചുള്ള ഗൗരവമേറിയ ചിന്തകള്‍ എന്നിവയൊക്കെ മുന്നോട്ട് വെച്ചവരില്‍ പി എം കെയുമുണ്ടായിരുന്നു.
സുന്നികളുടെ ആദ്യത്തെ മള്‍ട്ടികളര്‍ മാസികയായ അല്‍ ഇര്‍ഫാദ്, അല്‍ ഇര്‍ശാദ് ചാരിറ്റബിള്‍ സൊസൈറ്റി, റെഡ് ക്രസന്റ് ഹോസ്പിറ്റല്‍, ഐ ആര്‍ ഡി സി, ഐ പി സി, ഐ ഡി സി, ഉമ്മുല്‍ ഖുറാ, കംപാരിറ്റീവ് റിലീജ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്… പി എം കെയുടെ പ്രബോധന വഴികള്‍ അങ്ങനെ പരന്നുകിടക്കുന്നു. ആത്മീയതയുടെ തെളിനീര്‍ കാണിച്ചുകൊടുത്ത് വരണ്ട ഇസ്‌ലാമിന്റെ ഊഷരതയില്‍ നിന്ന് പാരമ്പര്യ ഇസ്‌ലാമിന്റെ ഉര്‍വരതയിലേക്ക്, വിദ്യാസമ്പന്നരായ ബുദ്ധിജീവികളെ ആകര്‍ഷിപ്പിച്ച അദ്ദേഹം സുന്നികള്‍ക്ക് ഒരു ഇംഗ്ലീഷ് മാഗസിന്‍ എന്ന ആശയത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടേയിരിക്കുമ്പോഴാണ് നിര്യാതനായത്.
ദഅ്‌വ പി എം കെയുടെ ലഹരിയായിരുന്നു. തനിക്കു ബോധ്യപ്പെട്ട സത്യം അദ്ദേഹം മറച്ചുവെച്ചില്ല, അത് പങ്ക് വെച്ചു, ചര്‍ച്ച ചെയ്തു, സംവദിച്ചു, സഹ പ്രവര്‍ത്തകരോട്, സഹാധ്യാപകരോട്, സഹയാത്രികരോട്, സത്യാന്വേഷിയോട്, വചന പ്രഘോഷകരോട്, മിഷനറി പ്രവര്‍ത്തകരോട്, മതാചാര്യന്മാരോട്, ബുദ്ധിജീവികളോട്, യുക്തിവാദികളോട്. അങ്ങനെ ആയിരത്തിലധികം ആളുകള്‍ സത്യത്തിന്റെ ശാദ്വല തീരത്തണഞ്ഞു. “നിന്നെക്കൊണ്ട് ഒരാള്‍ സന്മാര്‍ഗം പ്രാപിച്ചാല്‍ പ്രപഞ്ചവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാള്‍ നിനക്കുത്തമം അതെത്ര” എന്ന തിരു വചനമായിരുന്നു പി എം കെയുടെ പ്രധാന പ്രേരകം. അല്ലാഹു അദ്ദേഹത്തിന്റെ ഖബ്‌റ് സ്വര്‍ഗമാക്കട്ടെ.

Latest