വിദ്യാഭ്യാസക്കച്ചവടം അനുവദിക്കരുത്

Posted on: June 8, 2013 6:00 am | Last updated: June 7, 2013 at 10:47 pm
SHARE

സംസ്ഥാനത്ത് സ്വാശ്രയ മേഖലയിലെ പ്രൊഫഷനല്‍ കോളജുകളുടെ നിലവാരം കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തക്കിടെയാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നതും ജസ്റ്റിസ് ജെ എം ജെയിംസ് കമ്മിറ്റി പരീക്ഷ റദ്ദാക്കിയതും. അടിക്കടി ഫീസ് കുത്തനെ ഉയര്‍ത്തുക എന്നതില്‍ കവിഞ്ഞ് വിദ്യാര്‍ഥികളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ മാനേജ്‌മെന്റുകള്‍ ഒട്ടും താത്പര്യം കാണിക്കാത്തതാണ് നിലവാരത്തകര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് പിന്‍ബലമേകുന്നതാണ് മെഡിക്കല്‍ കോളജ് പ്രവേശന പരീക്ഷയില്‍ നടന്ന ക്രമക്കേടുകള്‍.
സര്‍ക്കാറുമായി ധാരണയിലെത്തിയ 11 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 316 എം ബി ബി എസ് മാനേജ്‌മെന്റ് സീറ്റിലേക്കാണ് കഴിഞ്ഞ മാസം 31 ന് പ്രവേശന പരീക്ഷ നടന്നത്. മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ നടന്ന പരീക്ഷക്കുള്ള ചോദ്യക്കടലാസുകള്‍, സീറ്റ് വാഗ്ദത്തം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ടവര്‍ മുന്‍കൂട്ടി നല്‍കിയെന്നാണ് ആരോപണം. ഇവര്‍ക്ക് മാനേജ്‌മെന്റ് പ്രത്യേക പരിശീലനവും നല്‍കിയിരുന്നുവത്രേ. ജസ്റ്റിസ് ജെ എം ജെയിംസ് കമ്മിറ്റി എറണാകുളത്തും തിരുവനന്തപുരത്തുമായി നടത്തിയ തെളിവെടുപ്പില്‍ ആരോപണം വസ്തുതാപരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. വിവിധ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുകയും അത് സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും കലാശിക്കുകയും ചെയ്തിരുന്നു.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 35 ശതമാനമാണ് മാനേജ്‌മെന്റ് സീറ്റുകള്‍. 55 ലക്ഷം മുതല്‍ 70 ലക്ഷം വരെ രൂപ വില നിശ്ചയിച്ച് പല വിദ്യാര്‍ഥികള്‍ക്കും നേരത്തെ ഈ സീറ്റുകള്‍ വാഗ്ദത്തം ചെയ്തതായി മേല്‍നോട്ട കമ്മിറ്റിക്ക് തെളിവ് ലഭിച്ചുവെന്നാണ് വിവരം. സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാനേജ്‌മെന്റ് അയച്ച ഫോണ്‍ സന്ദേശങ്ങള്‍ തെളിവെടുപ്പില്‍ ചിലര്‍ ഹാജരാക്കിയിരുന്നു. റദ്ദാക്കിയ പരീക്ഷ സുതാര്യമായും കാര്യക്ഷമതയോടെയും താമസിയാതെ തന്നെ നടത്തുമെന്നാണ് ജസ്റ്റിസ് ജെ എം ജെയിംസ് കമ്മിറ്റി അറിയിച്ചത്.
പലതരം അഴിമതികളും ക്രമക്കേടുകളും കണ്ടും കേട്ടും മടുത്ത കേരളീയ ജനതക്ക് ഈ ക്രമക്കേടില്‍ അത്ഭുതം തോന്നാന്‍ ഇടയില്ല. എന്നാല്‍ ഇത്തരം പരീക്ഷകളിലൂടെ കോളജുകളില്‍ അഡ്മിഷന്‍ തരപ്പെടുത്തി എം ബി ബി എസ് ബിരുദവും വാങ്ങി പുറത്തു വരുന്നവരുടെ നിലവാരത്തെയും ചികിത്സാ യോഗ്യതയെയും സംബന്ധിച്ച് സമൂഹം ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ടതുണ്ട്. ആതുര ചികിത്സ വളരെ ഉത്തരവാദപ്പെട്ട ജോലിയാണ്. മനുഷ്യജീവനുകളുടെ സംരക്ഷണ ചുമതലയാണ് ഇവര്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതെന്നതിനാല്‍ മറ്റു കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരിലുപരി പഠന വൈഭവവും അഭിരുചിയും സമര്‍പ്പണ ബോധവും ഈ മേഖലയിലെ പഠിതാക്കള്‍ക്ക് അനിവാര്യമാണ്. പകരം കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്ക് വഴിവിട്ട മാര്‍ഗത്തിലൂടെ സീറ്റ് തരപ്പെടുത്തിക്കൊടുത്ത് ചുളുവില്‍ ബിരുദം വാങ്ങി പുറത്ത് വരാന്‍ സൗകര്യമൊരുക്കിക്കൊടുക്കുന്നത് സമൂഹത്തോട് ചെയ്യുന്ന കൊടിയ വഞ്ചനയും ദ്രോഹവുമാണ്.
സ്വകാര്യ ട്രസ്റ്റുകളും സമുദായ, വിദ്യാഭ്യാസ സംഘടനകളുമൊക്കെയാണ് ഉന്നത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്. ഇവരില്‍ ഉത്തമ ലക്ഷ്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും സ്ഥാപനങ്ങള്‍ നടത്തുന്നവരുണ്ടെങ്കിലും ഒരു സാമൂഹിക പ്രതിബദ്ധതയുമില്ലാതെ കച്ചവടതാത്പര്യം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നവരാണ് ഏറെയും. ഫീസിന്റെ കനത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ഇത്തരക്കാരാണ് പഠനത്തില്‍ താത്പര്യമോ മിടുക്കോ തെളിയിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പ്രഹസനം നടത്തി തങ്ങളുടെ സ്ഥാപനത്തില്‍ പ്രവേശം തരപ്പെടുത്തുന്നത്.
കേരളത്തില്‍ ഇന്ന് 135ഓളം കോഴ്‌സുകളുണ്ടെങ്കിലും മക്കളെ എം ബി ബി എസിനോ എന്‍ജിനീയറിംഗിനോ പഠിപ്പിക്കാനാണ് ബഹുഭൂരിഭാഗം രക്ഷിതാക്കളുടെയും താത്പര്യം. ഇതിനായി എത്ര പണം ചെലവഴിക്കാനും സന്നദ്ധരാണ്. ഇവരെ ലക്ഷ്യം വെച്ചാണ് പല സ്വാശ്രയ വിദ്യാഭ്യാസ ട്രസ്റ്റുകളും രൂപം കൊള്ളുന്നത.് യോഗ്യരായ അധ്യാപകരോ ആവശ്യമായ സംവിധാനങ്ങളോ ഇല്ലാത്ത ഈ സ്ഥാപനങ്ങളാണ് ഉന്നത ബിരുദധാരികളുടെ നിലവാരത്തകര്‍ച്ചക്ക് പ്രധാന കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലും പ്രവേശന പരീക്ഷകളിലും നടത്തിപ്പിന്റെ മാനദണ്ഡങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കില്‍ മാത്രമേ പഠന നിലവാരത്തകര്‍ച്ച പരിഹരിക്കാനും പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാനും സാധിക്കുകയുള്ളൂ.