സര്‍ക്കാര്‍ കോളജിന് താഴിട്ടു; വേങ്ങരയിലെ കോളജ് മുസ്‌ലിംലീഗ് ട്രസ്റ്റിന് കീഴില്‍

Posted on: June 7, 2013 7:27 pm | Last updated: June 7, 2013 at 7:27 pm
SHARE

വേങ്ങര: വേങ്ങര മണ്ഡലത്തില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ആര്‍ട്‌സ് കോളജിന് താഴിട്ട് ലീഗിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് എയ്ഡഡ് കോളജ് അനുവദിച്ചു. വിദ്യാഭ്യാസ കച്ചവട താത്പര്യത്തോടെ രൂപവത്കരിച്ച മലബാര്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനാണ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. 

സര്‍ക്കാര്‍, എയ്ഡഡ് കോളജ് നിലവിലില്ലാത്ത വേങ്ങര മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളജ് ആരംഭിക്കുമെന്ന് സ്ഥലം എം എല്‍ എ പി കെ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നല്‍കുകയും കോളജ് സര്‍ക്കാര്‍ മേഖലയില്‍ തന്നെ ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ഇതു പ്രകാരം സര്‍ക്കാര്‍ കോളജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഏതാനും മണ്ഡലം ലീഗ് നേതാക്കളെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. സ്ഥലം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ എയ്ഡഡ് കോളജിനായി ട്രസ്റ്റ് രൂപവത്കരിക്കുകയും പദ്ധതിക്കായി ഊരകം പഞ്ചായത്തിലെ പൂളാപ്പീസ് പുല്ലഞ്ചാലിനടുത്ത് ഏഴ് ഏക്കര്‍ ഭൂമി വിലക്കെടുക്കുകയുമുണ്ടായി. പ്രസ്തുത സംഭവം വിവാദമായതോടെ മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളജിന് ഭൂമി ലഭ്യമല്ലെന്നും എയ്ഡഡ് മേഖലയില്‍ കോളജ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വിശദീകരിച്ച് ഏതാനും ലീഗ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എയ്ഡഡ് കോളജിന് ആവശ്യമായ സ്ഥലം ലഭ്യമാവുകയും സര്‍ക്കാര്‍ കോളജിന് സ്ഥലം ലഭിക്കുകയും ചെയ്യുന്നില്ലെന്ന വാദത്തില്‍ പിടിച്ച് നില്‍ക്കാനാവാതെ ലീഗ് നേതാക്കള്‍ കുഴങ്ങിയിരുന്നു. ഇതിനിടയില്‍ കണ്ണമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ചേറൂര്‍ റാണിക്കുന്നില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള ഇരുപത്തിയേഴ് ഏക്കര്‍ ഭൂമി സര്‍ക്കാറിന്റെ പക്കല്‍ തന്നെയുണ്ടെന്നത് സി പി എം രേഖാമൂലം ചൂണ്ടിക്കാട്ടിയതോടെ സ്ഥലം ലഭ്യമല്ലെന്ന വാദത്തില്‍ നിന്നും ചുമതലക്കാര്‍ ഒഴിഞ്ഞ് മാറി.
ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കോളജ് നഷ്ടമാകരുതെന്നും വിദ്യാഭ്യാസ കച്ചവടത്തിന് വഴി ഒരുക്കരുതെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വരികയുണ്ടായി. വിവാദമൊഴിവാക്കാന്‍ ഊരകം വെങ്കുളത്ത് നടന്ന യോഗത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ കോളജ് വരുമെന്ന് ഉറപ്പ് പ്രഖ്യാപനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയിരുന്നു. ഇതിനിടെ അതീവ രഹസ്യമായാണ് ട്രസ്റ്റ് ഭാരവാഹികള്‍ കോളജിനുള്ള നീക്കുപോക്കുകള്‍ നടത്തിയത്. മന്ത്രിതലത്തിലുള്ള സ്വാധീനം ഉപയോഗിച്ച് കഴിഞ്ഞ ദിവസം ഇവര്‍ സര്‍ക്കാര്‍ അംഗീകാരവും നേടി. ഈ വര്‍ഷം തന്നെ ആര്‍ട്‌സ്, സയന്‍സ് വിഷയങ്ങളില്‍ പ്രവേശനം നല്‍കാനാണ് പദ്ധതി.
അതേ സമയം വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വെച്ചുള്ള എയ്ഡഡ് കോളജ് സര്‍ക്കാര്‍ കോളജിനെ വിലങ്ങ് വച്ച് തുടങ്ങുന്നതിനോട് മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിനും വിയോജിപ്പുണ്ട്. ഊരകം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ കെ മന്‍സൂര്‍ കോയതങ്ങള്‍ ചെയര്‍മാനായ കോളജ് കമ്മിറ്റിയില്‍ മുസ്‌ലിം ലീഗ് നേതാക്കളായ 13 അംഗങ്ങളാണുള്ളത്. ഭാരവാഹികളില്‍ ബഹുഭൂരിപക്ഷവും എയ്ഡഡ്, സ്വാശ്രയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവരും ബിസിനസുകാരുമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ കോളജ് സ്വകാര്യവത്കരിച്ച നടപടി വന്‍വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്‌വരും ദിവസങ്ങളില്‍ ലീഗ് നേതൃത്വത്തിന് കനത്ത പ്രതിസന്ധിയുണ്ടാക്കുമെന്നുറപ്പാണ്.