Connect with us

Editors Pick

ഒന്നര വര്‍ഷമായി ടെറസില്‍ ചങ്ങലക്കിട്ട 90കാരനെ രക്ഷപ്പെടുത്തി

Published

|

Last Updated

ബംഗളൂരു: കഴിഞ്ഞ ഒന്നര വര്‍ഷമായി വീടിന്റെ ടെറസില്‍ വീട്ടുകാര്‍ ചങ്ങലിക്കിട്ട 93കാരനെ ബംഗളൂരു പോലീസ് രക്ഷപ്പെടുത്തി. മതിയായ ഭക്ഷണം കൊടുക്കാതെ ഇടുങ്ങിയ സ്ഥലത്ത് ചങ്ങലക്കിട്ട നിലയിലായിരുന്നു വൃദ്ധനായ അനന്തയ്യ ഷെട്ടി. ബംഗളൂരു നഗരത്തിലെ ബണശങ്കരി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് സംഭവം.
വെള്ളടാങ്കിന് വേണ്ടി നിര്‍മിച്ച തൂണുകള്‍ക്ക് കീഴെയാണ് വൃദ്ധനെ താമസിപ്പിച്ചത്. ഇത്തരമൊരു സ്ഥിതിയില്‍ വൃദ്ധനെ കണ്ട് ഞെട്ടിപ്പോയെന്ന് ഡി സി പി (സൗത്ത്) എച്ച് എസ് രേവണ്ണ പറഞ്ഞു. ചൂടേറ്റും മഴ നനഞ്ഞും തണുപ്പ് സഹിച്ചുമാണ് അദ്ദേഹം അവിടെ കഴിഞ്ഞിരുന്നത്. ദൈവകാരുണ്യത്തിലാണ് ഇത്രയും നാള്‍ പിടിച്ചുനിന്നത്. മാലിന്യങ്ങള്‍ കാരണം ദുര്‍ഗന്ധപൂരിതവുമായിരുന്നു അവിടം. വൃത്തികെട്ട ആ സ്ഥലത്ത് തന്നെയാണ് അദ്ദേഹത്തിന് വല്ലപ്പോഴും ഭക്ഷണം നല്‍കിയിരുന്നതെന്നും രേവണ്ണ പറഞ്ഞു.
തന്നോട് കുടുംബങ്ങള്‍ വിവേചനപരമായാണ് പെരുമാറിയതെന്ന് ജയനഗര്‍ ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ഷെട്ടി പറഞ്ഞു. എനിക്ക് വേണ്ട പരിചരണം നല്‍കിയിരുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഒരു ദിവസം പോലും രണ്ട് നേരം ഭക്ഷണം നല്‍കിയിരുന്നില്ല. അയല്‍വാസികളോട് യാചിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല- അദ്ദേഹം പറഞ്ഞു.
പോലീസ് സംഘം ഷെട്ടിയുടെ അടുത്തെത്തിയപ്പോള്‍, മൂന്നാമത്തെ മകന്‍ സുരേഷ് കുമാറും മരുമകള്‍ കല്‍പ്പനയും ഓടിവന്ന് പിതാവിന് മനോരോഗമാണെന്ന് പറയുകയായിരുന്നു. നാട്ടുകാര്‍ക്കും മറ്റും ശല്യമായതിനാലാണ് ചങ്ങലക്കിട്ടതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, പോലീസ് ഷെട്ടിയെ മോചിപ്പിക്കുകയും കുമാറിനെയും കല്‍പ്പനയെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നാല് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമാണ് ഷെട്ടിക്കുള്ളത്.
ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളൂരു നഗരത്തില്‍ മാതാപിതാക്കള്‍ നാല് വര്‍ഷമായി മുറിയില്‍ പൂട്ടിയിട്ട 35കാരിയെ പോലീസ് രക്ഷപ്പെടുത്തിയിരുന്നു. വെറും നിലത്ത് ശരിയായ വസ്ത്രം പോലുമില്ലാതെ കഴിഞ്ഞ യുവതിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്.