ഒരു നിശാപ്രയാണത്തിന്റെ ഓര്‍മയില്‍

Posted on: June 7, 2013 6:00 am | Last updated: June 6, 2013 at 10:11 pm
SHARE

ഇസ്‌ലാമിക ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു അധ്യായമാണ് ഇസ്‌റാഅ്-മിഅ്‌റാജ് സംഭവം. തിരുനബി (സ)യുടെ പ്രവാചകത്വ ലബ്ധിക്ക് പത്ത് വര്‍ഷവും മൂന്ന് മാസവും പിന്നിട്ട റജബ് 27നായിരുന്നു അത്. മഹിതമായ പല ലക്ഷ്യങ്ങളും ഈ നിശായാത്രക്ക് പിന്നില്‍ ഉണ്ടായിരുന്നു. ഒരു ഖിബ്‌ലയില്‍ നിന്ന് മറ്റൊരു ഖിബ്‌ലയിലേക്കുള്ള പ്രയാണം, അഭൗമിക ലോകത്ത് നബി(സ)ക്ക് സ്വീകരണമരുളുക, നബിയെ ഔന്നത്യത്തിന്റെ പരകോടിയിലെത്തിക്കുക, നബിയുടെ നേതൃ മഹിമ മറ്റ് പ്രവാചകര്‍ക്ക് മുമ്പില്‍ ബോധ്യപ്പെടുത്തുക, താങ്ങും തണലുമായിരുന്ന പ്രിയപത്‌നി ഖദീജാ ബീവിയുടെയും പിതൃവ്യന്‍ അബൂത്വാലിബിന്റെയും വേര്‍പാടില്‍ ഖിന്നനായിരുന്ന നബിക്ക് സാന്ത്വനമേകുക, ഇത്തരം മഹിതമായ നിരവധി കാര്യങ്ങള്‍. പ്രസ്തുത ദിവസം ശിഅ്ബ് അബീത്വാലിബിലെ കുടുംബാഗമായ ഉമ്മുഹാനിഇന്റെ വീട്ടിലാണ് നബി (സ) താമസിച്ചിരുന്നത്. അവിടെ മലക്കുകള്‍ വന്നിറങ്ങി, മസ്ജിദുല്‍ ഹറമിലേക്കവര്‍ നബിയെ കൊണ്ടുപോയി. ഹിജ്ര്‍ ഇസ്മാഈലില്‍ നബി (സ) നിദ്ര കൊണ്ടു. അല്‍പ്പ സമയത്തിനു ശേഷം മലക്കുകള്‍ നബിയെ വിളിച്ചുണര്‍ത്തി സംസം കിണറിനരികെ കൊണ്ടുപോയി, സംസം ഉപയോഗിച്ച് ഹൃദയം സ്ഫുടം ചെയ്തു. യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണമായി. ബുറാഖ് എന്ന അതിവേഗതയില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ കയറി നബി യാത്ര തിരിച്ചു. ഇവിടെ നിന്നും ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ്വയിലേക്കുള്ള നിശാപ്രയാണമാണ് ഇസ്‌റാഅ് എന്നറിയപ്പെടുന്നത്. പോകുന്ന വഴിയില്‍ ചരിത്രം വിളിച്ചോതുന്ന മദ്‌യന്‍, മദീന, തൂരിസീന, ബയ്തുലഹം തുടങ്ങിയ സ്ഥലങ്ങളും അവര്‍ സന്ദര്‍ശിച്ചതായി ചില വിവരണങ്ങളില്‍ കാണാം. അനന്തരം മസ്ജിദുല്‍ അഖ്‌സ്വായിലെത്തി. ബുറാഖിനെ അവിടെ തളച്ചു. നബിയുടെ വരവ് പ്രമാണിച്ച് പ്രവാചകന്മാരെ അല്ലാഹു അവിടെ ഒരുമിച്ചു കൂട്ടി. നബി അവര്‍ക്ക് ഇമാമായി നിസ്‌കരിച്ചു. അഞ്ച് നേര നിസ്‌കാരം നിര്‍ബന്ധമാകും മുമ്പെ നബി(സ)ക്ക് നിസ്‌കാരമുണ്ടായിരുന്നു എന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. നിസ്‌കാരം കഴിഞ്ഞ് വീഞ്ഞിന്റെ ഒരു പാത്രവും പാലിന്റെ ഒരു പാത്രവും നബിക്ക് മുമ്പില്‍ ജിബ്‌രീല്‍ സമര്‍പ്പിച്ചു.നബി(സ) പാല്‍ തിരഞ്ഞെടുത്തു. ”താങ്കള്‍ ശുദ്ധ പ്രകൃതിയെ തിരഞ്ഞെടുത്തിരിക്കുന്നു” എന്നായിരുന്നു ജിബ്‌രീലിന്റെ പ്രതികരണം. പരീക്ഷണത്തില്‍ വിജയിയായ നബിയേയും കൂട്ടി ജിബ്‌രീല്‍ തുടര്‍യാത്രയാവുകയാണ്.
അനുഗ്രഹങ്ങളാല്‍ വലയം ചെയ്ത ബയ്തുല്‍ മുഖദ്ദസിന്റെ പ്രാന്ത പ്രദേശത്ത് ഭൂവിതാനത്തില്‍ നിന്നും അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന ഒരു പാറക്കൂട്ടമുണ്ട്. അതിന്റെ മീതെ പ്രത്യേകം തയ്യാര്‍ ചെയ്ത ഗോവണി സ്ഥാപിക്കപ്പെട്ടു. ഇനിയുള്ള യാത്ര ഇതിലൂടെയാണ്. ഓരോ ആകാശത്തും ഊഷ്മളമായ വരവേല്‍പ്പാണ് നബി(സ)ക്ക് ലഭിച്ചത്.
ഒന്നാം ആകാശത്ത് തന്റെ സര്‍വഗുണ സമ്പന്നനായ മകനേയും കാത്ത് ആദം നബി നില്‍പ്പുണ്ടായിരിന്നു. രണ്ടാമത്തേതില്‍ ഈസാ നബി(അ)മും യഹ്‌യാ നബിയും കാത്തിരിക്കുന്നു. മൂന്നില്‍ സൗന്ദര്യ പ്രതീകം യൂസുഫ് നബിയും നാലില്‍ ഇദ്‌രീസ് നബിയും അഞ്ചാമത്തേതില്‍ ഹാറൂണ്‍ നബിയും ഉണ്ടായിരുന്നു. അതു പോലെ ആറില്‍ മൂസാ നബിയും ഏഴില്‍ ഇബ്‌റാഹീം നബിയും ഉണ്ടായിരുന്നു. ഏഴാം ആകാശത്ത് സ്ഥിതി ചെയ്യുന്ന ബയ്തുല്‍ മഅ്മൂറും നബി സന്ദര്‍ശിച്ചു. ദിവസത്തില്‍ എഴുപതിനായിരം മലക്കുകള്‍ അവിടെ വരുന്നു. എന്നാല്‍ ഒരിക്കല്‍ വന്നവര്‍ പിന്നീട് അതുവഴി കടന്നുവരുേന്നയില്ല. ഇവിടെ വെച്ച് ജിബ്‌രീലിന്റെ ശരിയായ രൂപവും നബി ദര്‍ശിച്ചു. സിദ്‌റത്തുല്‍ മുന്‍തഹയിലെ പല അത്ഭുത സംഭവങ്ങളും നേരില്‍ ദര്‍ശിച്ച നബി അതിന്റെ അപ്പുറമുള്ള സ്ഥലത്തേക്കും യാത്രയാകുകയാണ്. പക്ഷേ ഇത്തവണ ജിബ്‌രീല്‍(അ) നബി(സ) ക്ക് കൂട്ടിനില്ല. അങ്ങോട്ട് പ്രവേശമില്ലെന്നതാണ് ഹേതു.
നബി(സ) തനിയെ യാത്ര തുടങ്ങി. അല്ലാഹുവുമായി സംസാരിക്കുകയും ചെയ്തു. ഉപഹാരമായി അഞ്ച് നേരത്തെ നിസ്‌കാരം അല്ലാഹു കനിഞ്ഞേകി. ആദ്യത്തില്‍ അമ്പത് വഖ്ത് നിര്‍ബന്ധമാക്കുകയും പിന്നീട് മൂസാ നബിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ഒമ്പത് തവണ തിരുനബി അല്ലാഹുവിനെ സമീപിച്ചതിന്റെ ഫലമായി അഞ്ചായി ചുരുക്കുകയും ചെയ്തു. എണ്ണത്തില്‍ കുറവ് വരുത്തിയെങ്കിലും പ്രതിഫലത്തില്‍ ഒട്ടും കുറവ് വരുത്തിയില്ല. അഞ്ച് നേരം നിസ്‌കരിക്കുന്നവന് അമ്പതിന്റെ പ്രതിഫലം ലഭിക്കുന്നു. യാത്ര കഴിഞ്ഞ് ബയ്തുല്‍ മുഖദ്ദസില്‍ തിരിച്ചെത്തിയ നബി (സ) ബുറാഖ് മാര്‍ഗം മക്കയില്‍ തിരിച്ചെത്തി.
മിഅ്‌റാജിന്റെ രാത്രിയില്‍ അല്ലാഹു നേരിട്ട് നല്‍കിയ ആരാധന എന്ന സവിശേഷ പ്രാധാന്യം നിസ്‌കാരത്തിനുണ്ട്. സത്യവിശ്വാസിയുടെ മിഅ്‌റാജാണ് നിസ്‌കാരം എന്നു മഹാന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. അടിമ ഉടമയായ അല്ലാഹുവുമായി നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുന്നുണ്ടതില്‍. ഒഴുകുന്ന നദിയോടാണ് അതിന്റെ ഉപമ. നിസ്‌കരിക്കുന്നവനെ എല്ലാവിധ മാലിന്യങ്ങളില്‍ നിന്നും അത് ശുദ്ധീകരിക്കുന്നു. വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയിലെ വേര്‍തിരിവ് നിസ്‌കാരമാണ്. ദിവസത്തില്‍ 17 റക്അത്താണ് നിര്‍ബന്ധമായും നിസ്‌കരിക്കേണ്ടത്. അതിനൊരു കാരണവും പലരും പറഞ്ഞിട്ടുണ്ട്. സാധാരണയായി മനുഷ്യര്‍ ഉണര്‍ന്നിരിക്കുന്ന സമയം ഏതാണ്ട് പതിനേഴ് മണിക്കൂറാണ്. പകലില്‍ പന്ത്രണ്ട് മണിക്കൂറും അസ്തമാന ശേഷം മൂന്ന് മണിക്കൂര്‍ സമയവും പുലര്‍ച്ചെ രണ്ട് മണിക്കൂര്‍ സമയവും. ഓരോ മണിക്കൂറിലെയും പോരായ്മകള്‍ക്ക് ഓരോ റക്അത്തെന്ന കണക്കില്‍ അല്ലാഹു നിശ്ചയിച്ചതാകാം. ഐച്ഛികമായ സുന്നത്ത് നിസ്‌കാരങ്ങള്‍ ഇവയുടെ കുറവുകള്‍ നികത്താനുമാണ്. മറവി മൂലമോ മറ്റോ വല്ല നിസ്‌കാരവും ഒരാള്‍ക്ക് നഷ്ടമായിട്ടുണ്ടെങ്കില്‍ ആഖിറത്തില്‍ സുന്നത്ത് നിസ്‌കാരങ്ങള്‍ അവക്ക് പകരം നില്‍ക്കുമെന്ന് പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്.
മനുഷ്യര്‍ക്കിടയിലെ സാഹോദര്യവും സ്‌നേഹവും നിസ്‌കാരം വഴി ഊട്ടിയുറപ്പിക്കപ്പെടുന്നു. തോളോട് തോളുരുമ്മി നിന്ന് അല്ലാഹുവിനു മുമ്പില്‍ മനുഷ്യര്‍ താദാത്മ്യം പ്രാപിക്കുന്നു ഒരാള്‍ നിസ്‌കാരം ജമാഅത്തായി നിര്‍വഹിച്ചാല്‍ അഞ്ച് നേട്ടങ്ങള്‍ അവനു ലഭിക്കും. ഒന്ന്; ജീവിതത്തിലെ പ്രായാസം ഇല്ലാതാകും. രണ്ട്; ഖബ്ര്‍ ശിക്ഷ ഉയര്‍ത്തപ്പെടും. മൂന്ന്; നന്മതിന്മയുടെ രേഖ വലതു കൈയില്‍ ലഭിക്കും. നാല;് സ്വിറാത്ത് പാലത്തിലൂടെ മിന്നല്‍ പിണര്‍ കണക്കെ വിട്ടു കടക്കാനാകും. അഞ്ച് വിചാരണയില്ലാതെ സ്വര്‍ഗ പ്രവേശം സാധ്യമാകും. 40 നാള്‍ ഒരാള്‍ ജമാഅത്തായി നിസ്‌കരിച്ചാല്‍ നരകമോചനവും കപട വിശ്വാസത്തില്‍ നിന്നുള്ള മോചനവും ലഭ്യമാകും .
റമസാനിനു സ്വാഗതമരുളി റജബ് ആദ്യ വാരത്തിലേ നബി (സ) പ്രാര്‍ഥിച്ചിരുന്നു. ”അല്ലാഹുവേ, ഞങ്ങള്‍ക്ക് റജബിലും ശഅ്ബാനിലും നീ ബറകത്ത് ചെയ്യേണമേ .. റമസാന്‍ സമാഗതമാക്കുകയും ചെയ്യേണമേ… ” റമസാന്റെ മുന്നോടി എന്ന നിലയില്‍ റജബിന്റെ സ്ഥാനം ഊഹിക്കാവുന്നതേയുള്ളൂ. തര്‍ജീബ് എന്ന അറബി പദത്തില്‍ നിന്നാണ് റജബിന്റെ നിഷ്പത്തി. വന്ദിക്കുക എന്ന് വിവക്ഷ. ഇതര മാസങ്ങളേക്കാള്‍ അറബികള്‍ ഈ മാസത്തെ ആദരിച്ചിരിന്നു. അസബ്ബ ്എന്നും ഇതിനു നാമകരണമുണ്ട്. അല്ലാഹു ധാരാളം നന്മകള്‍ ഇതില്‍ ചൊരിയുന്നു എന്നാണിതിനു നിമിത്തം. യുദ്ധത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനാല്‍ അസ്വമ്മ് എന്നും ഇതറിയപ്പെടുന്നു. ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരം വാഗ്ദത്തം ചെയ്ത അഞ്ച് സമയങ്ങളില്‍ ഒന്നാം സ്ഥാനത്ത് റജബ് ഒന്ന് നില്‍ക്കുന്നു. അനസ് (റ) നിന്ന് ഇമാം ബയ്ഹഖി (റ) ഉദ്ധരിക്കുന്നു. സ്വര്‍ഗത്തില്‍ റജബ് എന്നു പേരായ ഒരു അരുവിയുണ്ട്. അതിന് പാലിനേക്കാള്‍ വെണ്‍മയും തേനിനേക്കാള്‍ മാധുര്യവുമുണ്ട്. റജബില്‍ ആരെങ്കിലും നോമ്പനുഷ്ഠിച്ചാല്‍ അതില്‍ നിന്ന് അല്ലാഹു അവര്‍ക്ക് കുടിപ്പിക്കും; തീര്‍ച്ച.