Connect with us

Editorial

മ്യാന്‍മറില്‍ നിന്നുള്ള വാര്‍ത്തകള്‍

Published

|

Last Updated

പടിഞ്ഞാറന്‍ മ്യാന്‍മറിലെ റോഹിംഗ്യ മുസ്‌ലിംകള്‍ക്കെതിരെ ബുദ്ധ തീവ്രവാദികള്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്ക് സുരക്ഷാ സൈനികരുടെ പിന്തുണയുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. പശ്ചിമ മ്യാന്‍മറിലെ രാഖിനെയിലെ റോഹിംഗ്യാ മുസ്‌ലിംകളുടെ അഭയാര്‍ഥി ക്യാമ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പില്‍ ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ബുദ്ധ തീവ്രവാദികളുടെ ആക്രമണത്തില്‍ വാസസ്ഥലങ്ങള്‍ തകര്‍ന്ന് തരിപ്പണമായതോടെ ഒന്നര ലക്ഷത്തോളം റോഹിംഗ്യാ മുസ്‌ലിംകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് യു എന്‍ കണക്ക്. അത്യന്തം ദയനീയമായ സ്ഥിതിഗതികളാണ് ഇത്തരം ക്യാമ്പുകളിലുള്ളത്. ക്യാമ്പുകള്‍ അടച്ചു പൂട്ടണമെന്നും റോഹിംഗ്യകളെ ഇറക്കി വിടണമെന്നും ഭൂരിപക്ഷ സംഘടനകള്‍ ആക്രോശിക്കുമ്പോള്‍ അതിന് വഴങ്ങുകയാണ് അര്‍ധ സൈനിക ഭരണകൂടം ചെയ്യാറുള്ളത്. അപ്പോള്‍ ഇവരെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റും. രണ്ടും മൂന്നും ക്യാമ്പുകള്‍ പിരിച്ച് വിട്ട് ഈ ആളുകളെ മുഴുവന്‍ ഒരൊറ്റ ഇടത്ത് കുത്തി നിറക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ നിലവിലെ ക്യാമ്പില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറണമെന്ന് ഉത്തരവിട്ടപ്പോള്‍ സമാധാനപരമായി പ്രതിഷേധിച്ചതിനാണ് കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യേഗസ്ഥര്‍ വെടിവെപ്പ് നടത്തിയത്.
ലോകത്തെ മനുഷ്യസ്‌നേഹികളുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട മനുഷ്യാവകാശ പ്രതിസന്ധിയാണ് മ്യാന്‍മറിലെ രാഖിനെ മേഖലയില്‍ നിലനില്‍ക്കുന്നത്. ഇവിടെ എട്ട് ലക്ഷത്തോളം റോഹിംഗ്യ മുസ്‌ലിംകളെ ചരിത്രപരമായ അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് തുടച്ചുനീക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നു. നിസ്സാര പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കലാപം സൃഷ്ടിക്കുക, പച്ചക്ക് കൊല്ലുക, ആട്ടിയോടിക്കുക, സ്ത്രീകളെ അപമാനിക്കുക, സ്വത്ത് കൈവശപ്പെടുത്തുക തുടങ്ങിയ ക്രൂരതകളാണ് അരങ്ങേറുന്നത്. സഹികെട്ട് ബംഗ്ലാദേശിലേക്കും മലേഷ്യയിലേക്കും തായ്‌ലാന്‍ഡിലേക്കും പലായനം ചെയ്യുന്ന ഈ മനുഷ്യരെ അവരും തിരസ്‌കരിക്കുന്നു. ദുരിതക്കടല്‍ നീന്തി തിരച്ചെത്തുന്നവരെ ബുദ്ധ തീവ്രവാദികള്‍ പിന്നെയും ആട്ടിയോടിക്കുന്നു. ഇങ്ങനെ ഇവര്‍ക്ക് ജീവിതം മുഴുവന്‍ അലച്ചിലായിത്തീര്‍ന്നിരിക്കുന്നു. നാട്ടില്‍ നില്‍ക്കുന്നവരാണെങ്കില്‍ അഭയാര്‍ഥികളായി ക്യാമ്പുകളില്‍ കഴിഞ്ഞു കൂടുന്നു. ഈ സമൂഹത്തിന് പൗരത്വം നല്‍കാന്‍ മ്യാന്‍മര്‍ അധികാരികള്‍ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. ബംഗ്ലാദേശില്‍ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാരാണ് ഇവരെന്ന് സര്‍ക്കാര്‍ ചാപ്പ കുത്തിയിരിക്കുന്നു. നൂറ്റാണ്ടുകളായി മേഖലയില്‍ അധിവസിക്കുന്ന ഒരു ആദിവാസി സമൂഹത്തിലാണ് കുടിയേറ്റ കുറ്റം ചുമത്തുന്നത്.
പ്രസിഡന്റ് തീന്‍ സീന്റെ നേതൃത്വത്തില്‍ മ്യാന്‍മറില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുന്നുവെന്നും മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പ്പിച്ചു തുടങ്ങിയെന്നും പാശ്ചാത്യലോകം പ്രശംസിക്കുന്നതിനിടക്കാണ് ആട്ടിയോടിക്കല്‍ നടക്കുന്നത്. മ്യാന്‍മറിന് മേല്‍ലുള്ള ഉപരോധം എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും പിന്‍വലിച്ചിരിക്കുന്നു. നിരവധി രാജ്യങ്ങള്‍ പുതുതായി എംബസികള്‍ തുറന്നു. പ്രതിപക്ഷ നേതാവും നൊബേല്‍ ജേതാവുമായ ആംഗ് സാന്‍ സൂക്കി സര്‍ക്കാറിനെ പുകഴ്ത്തുന്നു. റോഹിംഗ്യാ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ വ്യക്തമായി ഒരക്ഷരം പറയാന്‍ അവര്‍ തയ്യാറായിട്ടില്ല. കൃത്യമായി ഭൂരിപക്ഷത്തിന്റെ കൂടെയാണ് അവര്‍.
ഇവിടെ മ്യാന്‍മറിനെ തിരുത്താനുള്ള ബാധ്യത ഇന്ത്യടക്കമുള്ള രാജ്യങ്ങള്‍ക്കുണ്ട്. പകരം ഇന്ത്യയും ചൈനയും അവിടെ പരമാവധി മുതല്‍ മുടക്കി നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്. ഈ നില മാറണം. ആഗോള സമൂഹം എന്നത് വന്‍ശക്തികളുടെ താത്പര്യം സംരക്ഷിക്കാനുള്ള ഏര്‍പ്പാടാകരുത്. എന്തിലും കയറി ഇടപെടുന്നവര്‍ക്ക് റോഹിംഗ്യാ മുസ്‌ലിംകളുടെ കാര്യം വരുമ്പോള്‍ ഇങ്ങനെ ആലസ്യം ബാധിക്കുന്നത് എന്ത്‌കൊണ്ടാണ്? സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആക്രമണമാണ് അവിടെ നടക്കുന്നതെന്ന് യു എന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടെങ്കിലും മുഖവിലക്കെടുക്കാന്‍ ലോകം തയ്യാറാകണം.

 

Latest