പനിക്ക് പിറകെ സംസ്ഥാനത്ത് മന്തും പടരുന്നു

Posted on: June 6, 2013 11:57 pm | Last updated: June 6, 2013 at 11:57 pm
SHARE

കണ്ണൂര്‍: പകര്‍ച്ചപ്പനിബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതിനിടെ കനത്ത ഭീതിപരത്തി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മന്ത് രോഗവും പടരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാമുണ്ടായതിനേക്കാള്‍ കൂടിയ തോതില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മന്ത് പടരുന്നത് ആരോഗ്യ മേഖലയില്‍ ആശങ്ക പരത്തുകയാണ്. സംസ്ഥാനത്ത് മന്ത് രോഗം നിയന്ത്രണവിധേയമാണെങ്കിലും അന്യ സംസ്ഥാന തൊഴിലാളികളുടെ വരവ് കൂടിയതാണ് ഇപ്പോള്‍ വീണ്ടും രോഗപ്പകര്‍ച്ച വര്‍ധിക്കാനിടയാക്കിയത്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ മാത്രം വിവിധ ജില്ലകളിലായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ 168 പേര്‍ക്ക് ഇതിനകം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് രോഗബാധിതരിലേറെയുമെങ്കിലും മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ തദ്ദേശീയരില്‍ നിരവധി പേര്‍ക്ക് മന്ത് ബാധിച്ചത് കനത്ത പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്. 2012 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള പരിശോധനയില്‍ 546 പേര്‍ക്കാണ് സംസ്ഥാനത്ത് മന്ത് കണ്ടെത്തിയത്. ഇതില്‍ 296 പേര്‍ അന്യ സംസ്ഥാന തൊഴിലാളികളാണ്. 2013 മുതലുള്ള പരിശോധനകളില്‍ നാല് മാസത്തിനിടെ കണ്ടെത്തിയ 168 രോഗികളില്‍ 113 പേരും അന്യദേശക്കാരാണെന്നും വ്യക്തമായിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് അപകടകരമായ രീതിയില്‍ രോഗം പടരുന്നത്. ആരോഗ്യ വകുപ്പിന്റെ ജില്ലാതല വെറ്ററല്‍ കണ്‍ട്രോള്‍ യൂനിറ്റുകളാണ് ജില്ലാ കേന്ദ്രങ്ങളില്‍ നിശ്ചിത എണ്ണം ആളുകളില്‍ മന്ത് രോഗം കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ 600 വീതം പേരിലും മറ്റു ജില്ലകളില്‍ 300 വീതം പേരിലും മാത്രമാണ് പ്രതിമാസം രോഗസ്ഥിരീകരണത്തിനായി രാത്രികാല രക്തപരിശോധന നടത്തുന്നത്. വളരെ കുറച്ചുപേരില്‍ മാത്രം നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍തന്നെ ഇത്രയധികം രോഗികളെ കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കില്‍ വ്യാപകമായ പരിശോധന നടത്തിയാല്‍ രോഗമുള്ളവരുടെയെണ്ണം ഞെട്ടിപ്പിക്കുന്ന തരത്തിലായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധന പ്രകാരം 32 മന്ത് രോഗബാധിതര്‍ സംസ്ഥാനത്തുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലെ പൊന്നാനി മേഖലയിലുള്ളവരാണെന്ന് വ്യക്തമാക്കുന്നുണ്ട്. തദ്ദേശീയരായ 17 പേര്‍ക്കാണ് ഇവിടെ മന്ത് സ്ഥിരീകരിച്ചിട്ടുള്ളത്. തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും മന്ത് രോഗികളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബാലരാമപുരം, തളിയില്‍ പ്രദേശങ്ങളിലായി രണ്ട് രോഗികളെയാണ് കണ്ടെത്തിയത്. പത്തനംതിട്ടയിലും ഇടുക്കിയിലും വയനാട്ടിലുമായി ഏഴ് പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. ഇവരെല്ലാവരും പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളാണ്. തൃശൂരിലെ ആറ് മന്ത് രോഗികളില്‍ മൂന്ന് വീതം പേരും ബീഹാര്‍, ഒഡീഷ സ്വദേശികളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ വര്‍ഷമാദ്യം ജനുവരി മാസത്തില്‍ 50 പേരിലാണ് സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയത്. ഇതിലും മലപ്പുറം ജില്ലയിലെ എട്ട് തദ്ദേശവാസികളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. തൃശൂരില്‍ രോഗബാധിതരായ പത്ത് പേരും ഇടുക്കിയില്‍ ഏഴ് പേരും കൊല്ലത്തെ എട്ട് പേരും അന്യ സംസ്ഥാന തൊഴിലാളികളാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീടുള്ള മാസങ്ങളില്‍ ഓരോ ജില്ലയിലും രോഗം പിടിപ്പെട്ടവരുടെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല.
കാലാവസ്ഥ രോഗവ്യാപനത്തിന് അനുകൂലമാണെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് മന്തിന്റെ സാന്ദ്രത കൂടുതല്‍. വൂച്ചറേറിയ ബാന്‍ക്രോഫ്ടി, ബ്രൂഗിയ മലായി തുടങ്ങിയ ചെറു വിരകളാണ് മന്തിന് കാരണമാകുന്നത്. ക്യൂലക്‌സ്, മാന്‍സോണിയ വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് രോഗം പകര്‍ത്തുന്നത്. ഒരു പെണ്‍വിര ഒരു ദിവസം 5,000 മൈക്രോഫൈലേറിയ എന്നറിയപ്പെടുന്ന ചെറുവിരകളെ ഉത്പാദിപ്പിക്കുന്നു. ഈ മൈക്രോഫൈലേറിയകള്‍ രാത്രികാലങ്ങളില്‍ രോഗബാധിതരുടെ ഉപരിതല രക്തപ്രവാഹത്തില്‍ വരുന്നു. ഇവരെ കൊതുക് കടിക്കുമ്പോള്‍ ശരീരത്തിലുള്ള മൈക്രോഫൈലേറിയ കൊതുകിന്റെ ശരീരത്തില്‍ പ്രവേശിക്കുന്നു. രണ്ട് മൂന്ന് ആഴ്ചകള്‍ കൊണ്ട് മൈക്രോഫൈലേറിയയുടെ വളര്‍ച്ച പൂര്‍ത്തിയാകുകയും മനുഷ്യരിലേക്കു പകരാന്‍ സജ്ജമാകുകയും ചെയ്യുന്നു.
രോഗാണുബാധയുള്ള കൊതുക് ആരോഗ്യവാനായ ഒരാളെ കടിക്കുമ്പോള്‍ രോഗകാരിയായ വിരകള്‍ അയാളുടെ ശരീരത്തില്‍ പ്രവേശിക്കുകയും അവ രസക്കുഴലുകളിലും രസഗ്രന്ഥികളിലും എത്തിച്ചേരുകയും ചെയ്യും. രസക്കുഴലുകളില്‍ കൂട്ടമായി വസിക്കുന്ന വിരകള്‍ രസക്കുഴലുകള്‍ക്കു തടസ്സവും ക്ഷതവും തന്മൂലം ഉണ്ടാക്കുന്ന വീക്കവുമാണു കാലക്രമേണ മന്തായി രൂപപ്പെടുന്നത്. മൈക്രോഫൈലേറിയ രക്തത്തിലുള്ളവരില്‍ നിന്നാണ് മറ്റുള്ളവരിലേക്കു രോഗം പടരുന്നത്. ആദ്യഘട്ടത്തില്‍ ഒരുതരത്തിലുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്ത രോഗമായതിനാല്‍ കൈകാലുകളിലോ വൃഷ്ണത്തിലോ നീരുണ്ടായതിനു ശേഷമേ മന്ത് ബാധിച്ചത് അറിയൂ.
തീരെ ശുചിത്വമില്ലാത്ത ജീവിത സാഹചര്യങ്ങളില്‍ നിന്നുവരുന്ന അന്യസംസ്ഥാനത്തൊഴിലാളികളാണ് രോഗവാഹകരിലേറെയുമെന്നത് ഏറെ ആശങ്കാജനകമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതിയെന്നോണം കേരളത്തിലേക്ക് അന്യ സംസ്ഥാന തൊഴിലാളികളെത്തുന്നതും മഴക്കാല പ്രതികൂല സാഹചര്യവുമെല്ലാം വലിയ ആരോഗ്യ ഭീഷണി ഉയര്‍ത്തുകയാണ്.