Connect with us

Gulf

'പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി തയാറാക്കും'

Published

|

Last Updated

ദുബൈ: പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതി തയ്യാറാക്കുമെന്ന് ചെയര്‍മാന്‍ പി എം എ സലാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദേശനാടുകളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് നാട്ടില്‍ അനുയോജ്യമായ പദ്ധതികള്‍ ഒരുക്കുന്നതിന് പഠനങ്ങള്‍ നടത്തി പ്രൊജക്ട് തയ്യാറാക്കാന്‍ ഏജന്‍സിയെ ഏല്‍പിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്ഷേമബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യവും മറ്റും വര്‍ധിപ്പിച്ച് പദ്ധതി വിപുലീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസി കേരളീയ ക്ഷേമ പദ്ധതിയില്‍ ഇതുവരെ ഒന്നേകാല്‍ ലക്ഷം പേര്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ടെന്നും അഞ്ച് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ പെന്‍ഷന്‍ നല്‍കിത്തുടങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ക്ഷേമ പദ്ധതി തുടങ്ങുന്നത്. 60 വയസ് പൂര്‍ത്തിയാക്കിയവരും അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശാദായം അടച്ചവര്‍ക്കുമാണ് പെന്‍ഷന്‍ നല്‍കിതുടങ്ങുക. ഗഡുക്കള്‍ അടച്ചുതീര്‍ത്തിട്ടില്ലാത്ത അംഗത്തിന് മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കും. അംഗത്തിന് ചികിത്സാ ആവശ്യത്തിന് ധനസഹായം, വനിതാഅംഗത്തിനും ആശ്രിതരായ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായം പ്രസവാനുകൂല്യം തുടങ്ങിയവ ക്ഷേമപദ്ധതിയില്‍ ഉള്‍പെടും.
നിലവില്‍ 55 വയസാകുന്നതിന് മുമ്പായി അംഗത്വം എടുത്തിരിക്കണമെന്നാണ് വ്യവസ്ഥ. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഈ വ്യവസ്ഥ മാറ്റി 60 വയസാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പി എ എം സലാം പറഞ്ഞു. നിലവില്‍ വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും രണ്ട് വര്‍ഷമെങ്കിലും പൂര്‍ത്തീകരിച്ച് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും ഇതില്‍ അംഗമാവാം. വിദേശത്ത് ജോലിയില്‍ തുടരുന്ന പ്രവാസി പ്രതിമാസം 300രൂപയാണ് അംശാദായം അടക്കേണ്ടത്. കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് 100 രൂപയാണ് അംശാദായം. നൂറു രൂപ അടക്കുന്നവര്‍ക്ക് പെന്‍ഷന്‍ പ്രതിമാസം 500 രൂപയാണ് ലഭിക്കുക.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അക്ഷയ കേന്ദ്രങ്ങളിലും തുക അടക്കാം. എസ് ബി ടി, ഇന്ത്യന്‍ ബാങ്ക് കൗണ്ടറുകളിലും പണം സ്വീകരിക്കും. ഇനിയും അംഗത്വം എടുക്കാത്തവര്‍ എത്രയും വേഗം ഇതുപയോഗപ്പെടുത്തണമെന്നും ഇതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഭാവിയില്‍ വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ തിരുവനന്തപുരത്തുള്ള മുഖ്യഓഫീസിലും കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലുള്ള മേഖലാ ഓഫീസിലും മലപ്പുറത്തുള്ള ലെയ്‌സന്‍ ഓഫീസിലും നോര്‍ക്കാ റൂട്ട്‌സിന്റെ ഓഫീസുകളിലും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും. www.pravasiwelfarefund.org എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.
ഇപ്പോഴത്തെ കണക്കുപ്രകാരം 60ലക്ഷം മലയാളികള്‍ വിദേശത്തുണ്ട്. പ്രവാസി വോട്ടവകാശത്തിന് വേണ്ടി മുറവിളി കൂട്ടിയ പ്രവാസികള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ കൂട്ടാക്കിയില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. വെറും 10,000 പേര്‍ മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്.
ഇപ്പോള്‍ നാട്ടില്‍ പ്രവാസി സെന്‍സസ് നടക്കുകയാണ്. വീടുകളില്‍ നിന്നും ശരിയായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഇക്കാര്യം ഗൗരവപൂര്‍വം ശ്രദ്ധിക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നോര്‍ക ഡയറക്ടര്‍മാരായ എം ജി പുഷ്പാകരനും ഇസ്മായേല്‍ റാവുത്തറും പറഞ്ഞു.