Connect with us

Ongoing News

ചാമ്പ്യന്‍സ് ട്രോഫി:ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ

Published

|

Last Updated

ലണ്ടന്‍: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) സംഘടിപ്പിക്കുന്ന അവസാന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. 2017 ല്‍ ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി ചാമ്പ്യന്‍സ് ട്രോഫി നിര്‍ത്തലാക്കാന്‍ ഐ സി സി തീരുമാനിച്ചിരിക്കുകയാണ്. ഐ സി സി റാങ്കിംഗിലെ ആദ്യ എട്ട് സ്ഥാനക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് പ്രാഥമിക റൗണ്ട്. ഗ്രൂപ്പ് എയില്‍ ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവര്‍.
ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. പരിശീലന മത്സരത്തില്‍ ശ്രീലങ്കയെയും ആസ്‌ത്രേലിയയെയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പതിനഞ്ച് മാസത്തിന് ശേഷം ഉപദ്വീപിന് പുറത്ത് കളിക്കാനൊരുങ്ങുകയാണ് ഇന്ത്യ. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന ഗ്രൂപ്പ് മത്സരത്തില്‍ ഓരോ കളിയും നിര്‍ണായകമാണ്. ലോകകപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യക്ക് മേല്‍ ഒന്നാം റാങ്കിന്റെ സമ്മര്‍ദവുമുണ്ട്. ആസ്‌ത്രേലിയയെ പരിശീലന മത്സരത്തില്‍ 65ന് ചുരുട്ടിക്കൂട്ടി 243 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുന്നറിയിപ്പ് നല്‍കുന്നു. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്ക്. രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2000 ഒക്‌ടോബര്‍ 13ന് നെയ്‌റോബിയില്‍ 95 റണ്‍സിനായിരുന്നു ആദ്യ ജയം. രണ്ടാം ജയം 2002 സെപ്തംബര്‍ 25ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ പത്ത് റണ്‍സിനും.
ഗ്രൂപ്പ് ബിയിലെ ടീമുകള്‍ തുല്യ ശക്തികളാണ്. പാക്കിസ്ഥാന്‍ ഒഴിച്ച് മറ്റെല്ലാവരും തന്നെ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയിട്ടുണ്ട്. 1998 ല്‍ മിനി ലോകകപ്പ് എന്ന വിശേഷണത്തോടെ ആരംഭിച്ച ചാമ്പ്യന്‍സ് ട്രോഫിയുടെ അവസാന പതിപ്പിന് പാക്കിസ്ഥാനാണ് കാര്യമായ തയ്യാറെടുപ്പ് നടത്തിയത്. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും വെസ്റ്റിന്‍ഡീസിന്റെയും ആസ്‌ത്രേലിയയുടെയും കളിക്കാര്‍ ഐ പി എല്‍ തിരക്കിലായിരുന്നപ്പോള്‍ പാക്കിസ്ഥാന്‍ ശരിയായ രീതിയില്‍ പരിശീലനം നടത്തിയാണ് വരുന്നത്. പരിശീലന മത്സരത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ട ദക്ഷിണാഫ്രിക്കക്ക് ഇന്ന് പേസ് ബൗളര്‍ ഡെയില്‍ സ്റ്റെയിന്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. സ്റ്റെയിന്‍ പരുക്കിന്റെ പിടിയിലാണെന്ന് ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സ് അറിയിച്ചു.
ഐ പി എല്‍ വാതുവെപ്പ് വിവാദച്ചുഴിയിലകപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് മുഖം മിനുക്കാന്‍ കൂടിയാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് എത്തിയിരിക്കുന്നത്. ട്വന്റി20 ഫോര്‍മാറ്റില്‍ നിന്ന് അമ്പതോവര്‍ മത്സരത്തിലേക്കുള്ള മാറ്റം ടീം ഉള്‍ക്കൊണ്ടത് പ്രതീക്ഷ നല്‍കുന്നു. പരിശീലന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ വിരാട് കോഹ്‌ലിയും ദിനേശ് കാര്‍ത്തിക്കും സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചു. ആസ്‌ത്രേലിയക്കെതിരെ മുന്‍നിര തകര്‍ന്നപ്പോള്‍ ദിനേശ് കാര്‍ത്തിക്ക് രണ്ടാം സെഞ്ച്വറിയോടെ തന്റെ സ്ഥാനം ടീമില്‍ ഉറപ്പിച്ചു. 140 പന്തില്‍ 146 നോട്ടൗട്ട് ആയിരുന്നു കാര്‍ത്തിക്ക്. 55ന് അഞ്ച് എന്ന നിലയില്‍ നിന്ന് കാര്‍ത്തിക്കും ധോണിയും ചേര്‍ന്നാണ് ടീം സ്‌കോര്‍ മുന്നൂറിന് മുകളിലെത്തിച്ചത്. ആഴമുള്ള ബാറ്റിംഗ് ലൈനപ്പാണ് ഇന്ത്യയുടെ കരുത്ത്. പേസര്‍മാരായ ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും മികച്ച ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ പ്രകടനം വരാനിരിക്കുന്നതേയുള്ളൂ. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ആദ്യ ഇലവനില്‍ ഇടം ലഭിച്ചേക്കില്ല. പരിശീലന മത്സരത്തില്‍ 5,10 എന്നിങ്ങനെയാണ് രോഹിതിന്റെ സ്‌കോറിംഗ്. ഓപണിംഗില്‍ മുരളി വിജയും ശിഖര്‍ധവാനും വരും. ഇടത്-വലത് കോമ്പിനേഷന്‍ പ്രയോഗിക്കുക എന്നത തത്വമാണ് ധോണിക്ക്.
ഐ പി എല്ലില്‍ തകര്‍ത്തു കളിച്ച ഡിവില്ലേഴ്‌സാണ് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍താരം. ഹാഷിം അംല, ഡുമിനി, കോളിന്‍ ഇന്‍ഗ്രാം എന്നിവരും പ്രതീക്ഷ നല്‍കുന്നു. ജാക്വിസ് കാലിസും സ്മിത്തും ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ഇന്ത്യന്‍ സ്‌ക്വാഡ്: എം എസ് ധോണി(ക്യാപ്റ്റന്‍), ആര്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്ക്,വിരാട് കോഹ്‌ലി, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്‌ന, ഇഷാന്ത്ശര്‍മ, രോഹിത് ശര്‍മ, മുരളി വിജയ്, വിനയ് കുമാര്‍, ഉമേഷ് യാദവ്.
ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡ്: എ ബി ഡിവില്ലേഴ്‌സ് (ക്യാപ്റ്റന്‍), ഹാഷിം അംല, ഫര്‍ഹാന്‍ ബെഹര്‍ദീന്‍, ജീന്‍ പോള്‍ ഡുമിനി, ഡു പ്ലെസിസ്, കോളിന്‍ ഇന്‍ഗ്രാം, റോറി ക്ലെന്‍വെല്‍റ്റ്, റിയാന്‍ മക്‌ലാരന്‍, ഡേവിഡ് മില്ലര്‍, മോര്‍നി മോര്‍ക്കല്‍, അല്‍വിരോ പീറ്റേഴ്‌സന്‍, റോബിന്‍ പിറ്റേഴ്‌സന്‍, ആരോന്‍ ഫാന്‍ഗിസോ, ഡെയില്‍ സ്റ്റെയിന്‍, ലോന്‍വാബോ സോട്‌സോബെ.