രാത്രികാല ഗതാഗത നിരോധം: കേരളം മൗനം പാലിക്കുന്നു- ജനതാദള്‍ എസ്

Posted on: June 6, 2013 2:00 am | Last updated: June 6, 2013 at 2:00 am
SHARE

കല്‍പ്പറ്റ: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഉടന്‍ തന്നെ കോഴിക്കോട്, ബത്തേരി, മൈസൂര്‍ റോഡിലേയും മാനന്തവാടി, ബാവലി മൈസൂര്‍ റോഡിലേയും രാത്രി യാത്ര നിരോധം പിന്‍വലിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാതെ കേരളത്തിലെ ഭരണ നേതൃത്വവും വയനാട് എം പിയും കോണ്‍ഗ്രസ് നേതൃത്വവും മൗനം പാലിക്കുകയാണെന്ന് ജനതാദള്‍ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയി ആരോപിച്ചു.
രണ്ട് മലയാളി മന്ത്രിമാര്‍ ഉള്‍പ്പെട്ട സിദ്ധാരാമയ്യ സര്‍ക്കാര്‍ കര്‍ണ്ണാടകത്തില്‍ അധികാരത്തില്‍ വന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലേയും കര്‍ണ്ണാടകയിലേയും ജനങ്ങളുടെ ജീവതോപാധിയേപ്പോലും ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ കര്‍ണ്ണാടക ഗവണ്‍മെന്റുമായി ചര്‍ച്ച നടക്കുന്നതിനു പോലും കേരള മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ വയനാടിനെ പ്രതിദാനം ചെയ്യുന്ന എം പിയോ തയ്യാറായിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള കര്‍ണ്ണാടക മുഖ്യമന്തിമാര്‍ ചേര്‍ന്ന് തറക്കല്ലിട്ട ബൈരക്കുപ്പ പാലം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും ഗവണ്‍മെന്റുകള്‍ തയ്യാറായിട്ടില്ല. ഈ പാലത്തിന്റെ നിര്‍മ്മാണത്തിന് സാധ്യമായ എല്ലാവിധ സഹായവും ചെയ്യുമെന്ന് ചിക്കമാതു നായ്ക്ക് എം എല്‍ എ അറിയിച്ചിട്ടുപോലും ഈക്കാര്യത്തില്‍ നിസംഗ നിലപാടാണ് കേരള-കര്‍ണാടക സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്. വയനാടിനെ ഗുരുതരമായി ബാധിക്കുന്ന പരിസ്ഥിതി സംവേദക മേഖലയില്‍ ജില്ലയിലെ 13 വില്ലേജുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോ.മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കുന്നതിന് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് നിശ്ചയിച്ച ഡോ. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചിട്ടും വയനാട്ടിലെ ജനങ്ങളെ വിഢികളാക്കുന്ന സമീപനമാണ് വയനാട്ടിലെ മന്ത്രിയും എം പിയും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്വീകരിക്കുന്നത്.
പരിസ്ഥിതി സംവേദക മേഖല പ്രഖ്യാപിച്ചാല്‍ സമരം ചെയ്യുമെന്ന് പറയുന്ന എം പി പരിസ്ഥിതി സംവേദക മേഖല വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും, ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും ജോയി ആവശ്യപ്പെട്ടു.
വയനാട്ടിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഈ രണ്ട് വിഷയങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ അവസാന വാരത്തില്‍ കല്‍പ്പറ്റയില്‍ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.