വനപ്രദേശത്ത് 12,000 വൃക്ഷത്തൈകള്‍ നട്ടു; 40,000 തൈകള്‍ വിതരണം ചെയ്തു

Posted on: June 6, 2013 2:00 am | Last updated: June 6, 2013 at 2:00 am
SHARE

കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വനത്തിനുള്ളിലെ ആദിവാസി വിഭാഗക്കാരുടെ താമസകേന്ദ്രങ്ങളായിരുന്ന ഗോളൂര്‍, അമ്മവയല്‍ പ്രദേശങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള മണ്ണുകൊണ്ടുള്ള ചെക്കുഡാമുകളില്‍ 12,000 വൃക്ഷത്തൈകള്‍ വിദ്യാര്‍ത്ഥികള്‍ നട്ടുപിടിപ്പിച്ചു.
വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബത്തേരി ഡോണ്‍ബോസ്‌കോ കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതെന്ന് സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയ് പി തോമസ് അറിയിച്ചു.
വന്യജീവികള്‍ക്കായി ജലം സംഭരിച്ചു നിര്‍ത്തുന്നതിനാണ് ഗോളൂര്‍, അമ്മവയല്‍ പ്രദേശങ്ങളില്‍ ചെക്കുഡാമുകള്‍ നിര്‍മ്മിച്ചത്.
സോഷ്യല്‍ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി ഡയറ്റില്‍ നടത്തിയ ജില്ലാതല പരിപാടിയില്‍ 40,000 വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പരിപാടി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി അദ്ധ്യക്ഷത വഹിച്ചു.
പരിസ്ഥിതി അവബോധത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ഡി എഫ് ഒ ജോസ്മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എസ് വിജയ, ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പഴുപത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസി. കണ്‍സര്‍വേറ്റര്‍ ടി കെ ശിവരാജന്‍ സ്വാഗതവും എം ടി ഹരിലാല്‍ നന്ദിയും പറഞു. വെള്ളാര്‍മല ഗവ. ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സൈക്കിള്‍ റാലിയും വൃക്ഷത്തൈ വിതരണവും സ്‌കൂള്‍ ക്യാമ്പസ് ഹരിതവല്‍ക്കരണവും നടത്തി. സൈക്കിള്‍റാലി മേപ്പാടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിഡി ശ്രീകുമാര്‍ ഫഌഗ് ഓഫ് ചെയ്തു.