ശിവദാസ്‌വധം: മുഖ്യപ്രതിയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

Posted on: June 6, 2013 1:57 am | Last updated: June 6, 2013 at 1:57 am
SHARE

പാലക്കാട്: സി പി എം പ്രവര്‍ത്തകനും പണമിടപാട് സ്ഥാപനത്തിന്റെ ഉടമയുമായ കുഴല്‍മന്ദം പുല്ലുപാറ കാട്ടിലംകാട് ശിവദാസന്‍ (30) കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ പാലക്കാട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
ശിവദാസന്റെ മുന്‍കാല സുഹൃത്തും പണമിടപാടുകാരനുമായ ബി ജെ പി അനുഭാവി പ്രകാശന്‍, കാട്ടിലംകാട് സ്വദേശിയും പ്രകാശന്റെ സുഹൃത്തുമായ പ്രസാദ് എന്നിവരെയാണ് കുഴല്‍മന്ദം പൊലീസ് അറസ്റ്റു ചെയ്തത്.
പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഡി വൈ എസ് പി ശങ്കരനാരായണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുല്ലുപാറക്ക് സമീപം കാറിലെത്തിയ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശിവദാസനെ ഇടിച്ചിട്ട് വെടിവെച്ച ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് കുഴല്‍മന്ദം ജങ്ഷനില്‍ വെച്ച് ശിവദാസന്‍ പ്രകാശനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഗുണ്ടാസംഘത്തിന്റെ തലവനായ ശിവദാസന്‍ പറഞ്ഞത് ചെയ്യുമെന്ന് ഉറപ്പുള്ളതിനാലാണ് മുന്‍കൂട്ടി ശിവദാസനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അയല്‍വാസികളായ ഇവര്‍ തമ്മില്‍ സ്വത്ത് തര്‍ക്കവും നിലവിലുണ്ടായിരുന്നതായി പറയുന്നു.
പത്രസമ്മേളനത്തില്‍ സി.ഐ ഹരിദാസും സംബന്ധിച്ചു. തിങ്കളാഴ്ച വൈകീട്ട് നടന്ന കൊലക്ക് ശേഷം പ്രതികള്‍ കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു. കോയമ്പത്തൂര്‍ പൊലീസിന്റെ അന്വേഷണത്തെ ഭയന്ന് പ്രതികള്‍ നാട്ടിലേക്ക് തന്നെ തിരിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ സംഭവത്തിന് പിന്നിലുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ശിവദാസന്റെ മരണത്തില്‍ പ്രതിഷേധിച്ച് സി പി എം വ്യാഴാഴ്ച കുഴല്‍മന്ദം പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.