ഗ്യാസ് ഏജന്‍സിയുടെ പുതിയ നിബന്ധനകള്‍ ഉപഭോക്താക്കളെ വലയ്ക്കുന്നു

Posted on: June 6, 2013 1:56 am | Last updated: June 6, 2013 at 1:56 am
SHARE

ഒറ്റപ്പാലം: ഭാരത് ഗ്യാസ് ഏജന്‍സിയുടെ പുതിയനിബന്ധനകള്‍ ഉപഭോക്താക്കളെ വലയ്ക്കുന്നുവെന്ന് സിറ്റിസണ്‍സ് ഫോറം ആരോപിച്ചു. സ്ഥലത്തില്ലാത്ത ആളുകളുടെ പേരിലുള്ളതുമായ രജിസ്‌ട്രേഷന്‍ അനന്തരാവകാശികളുടെ പേരിലേക്ക് മാറ്റാന്‍ സമീപിക്കുന്ന ഉപഭോക്താക്കളെ പല നിബന്ധനകളും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നതായാണ് പരാതി.—
പാചകവാതക ഗ്യാസ് രജിസ്‌ട്രേഷന്‍ പുതിയ പേരിലേക്ക് മാറ്റുന്നതിന് ഉപഭോക്താക്കള്‍ക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏജന്‍സിക്ക് കഴിയില്ലെന്നും എല്ലാം റീജിയണല്‍ ഓഫീസിലാണ് പരിഹരിക്കപ്പെടേണ്ടതെന്നുമാണ് ഏജന്‍സിക്കാരുടെ വാദം. സബ്‌സിഡി ബാങ്ക് വഴിയാക്കുന്നതിനാല്‍ നിരവധി ഉപഭോക്താക്കളാണ് ഇതോടെ ബുദ്ധിമുട്ടിലാവുന്നത്. അതേസമയം മറ്റു ഗ്യാസ് ഏജന്‍സികളിലെ ഉപഭോക്താക്കള്‍ക്ക് രജിസ്‌ട്രേഷന്‍ ട്രാന്‍സ്ഫര്‍ പതിനഞ്ച് ദിവസത്തിനകം നടക്കുന്നുമുണ്ട്.—
പാചകവാതക റീഫില്‍ ബുക്കിംംഗിന് മൊബൈല്‍ രജിസ്‌ട്രേഷന്‍ മാത്രമേ ഇനി സ്വീകരിക്കൂവെന്നും ഏജന്‍സി പറയുന്നു. മെസേജ് അയക്കാന്‍ അറിയാത്തവരും മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരും ഈ നിബന്ധനകൊണ്ട് ഏറെ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല മെസേജ് അയക്കുമ്പോഴും ഇതില്‍ അപാകതകള്‍ സംഭവിക്കുമ്പോഴും പണം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകുന്നു.——ഒരുതവണ ഈ നിബന്ധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം വന്നപ്പോള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. മാന്‍ഡേറ്ററി ചെക്കിംങിന്റെ പേരില്‍ ഓരോ ഉപഭോക്താവില്‍ നിന്നും അമ്പതു രൂപയാണ് ഈടാക്കുന്നത്.—ഇത് ജനങ്ങളെ കൊള്ളയടിക്കലാണ്. അതിനാല്‍ ഈതുകയില്‍ ഇളവ് വരുത്തണം. ആധാര്‍നമ്പറും ബേങ്ക് അക്കൗണ്ട് നമ്പറും ഏജന്‍സിയുടെ ഓഫീസിലെ ബോക്‌സില്‍നേരിട്ട് ചെന്ന് നിക്ഷേപിക്കണമെന്ന നിബന്ധന ഒഴിവാക്കി പാചകവാതക വിതരണം ചെയ്യുമ്പോള്‍ ജീവനക്കാര്‍തന്നെ വീടുകളില്‍നിന്നും ഇത് ശേഖരിക്കാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. ബുക്ക് ചെയ്ത് പാചകവാതകം വിതരണം ചെയ്യുന്നതിലും അപാകതകള്‍ ഇപ്പോഴും പലയിടത്തും നിലനില്‍ക്കുകയാണ്. ജനങ്ങള്‍ക്ക് പരാതി രഖപ്പെടുത്താനുള്ള രജിസ്റ്റര്‍ ജനങ്ങള്‍ക്ക് കാണുന്നിടത്ത് പ്രദര്‍ശിപ്പിച്ചിട്ടില്ല.—നേരിട്ട് പരാതി പറയുന്നവരോട് ഏജന്‍സി വിരോധത്തോടെയാണത്രെ പെരുമാറുന്നത്. കഴിഞ്ഞതവണ സിറ്റിസണ്‍സ് ഫോറം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറും സബ് കളക്ടറും ഏജന്‍സികളുമായി ചര്‍ച്ച നടത്തി നിര്‍ദേശിച്ച കാര്യങ്ങള്‍ ഇതുവരേയും നടപ്പാക്കിയിട്ടില്ലെന്ന് ഫോറം കുറ്റപ്പെടുത്തി.—താലൂക്ക് ആസ്ഥാനത്ത് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനും പരിഹരിക്കാനും അദാലത്ത് സംഘടിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.