മൊറൊട്ടോറിയം പ്രഖ്യാപനത്തില്‍ മാത്രം: കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍

Posted on: June 6, 2013 1:50 am | Last updated: June 6, 2013 at 1:50 am
SHARE

പട്ടാമ്പി: കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം ഇല്ലാത്തതിനാല്‍ ജപ്തി ഭീഷണിയില്‍ ജില്ലയിലെ കര്‍ഷകര്‍. ഫെബ്രുവരി 15ന് റവന്യു വകുപ്പ് പുറപ്പെടുവിപ്പിച്ച കാര്‍ഷിക വായ്പകളിന്മേലുള്ള മൊറട്ടോറിയത്തിന്റെ ആനുകൂല്യം കിട്ടിയില്ലെന്നാണ് കര്‍ഷകരുടെ പരാതി.
റവന്യു റിക്കവറി നടപടികള്‍ക്കായി ഒരു വര്‍ഷത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയമാണ് ഇല്ലാതെ കര്‍ഷകര്‍ വലയുന്നത്. ഹൗസിംഗ് ബോര്‍ഡ്, കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫൗഡറേഷന്‍, പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍, വി എഫ് പി സി കെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണ ബേങ്കുകള്‍ എന്നിവ സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള കാര്‍ഷിക വായ്പകളിന്മേലുള്ള റവന്യു റിക്കവറി നടപടികളിലാണ് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ഗവര്‍ണറുടെ ഉത്തരവിറങ്ങിയത്.
സംസ്ഥാനത്തെ കര്‍ഷകരില്‍ വലിയൊരു വിഭാഗവും ദേശസാല്‍കൃത ബേങ്കുകളുടെ വായ്പകളെയാണ് കൃഷിയാവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത്. പലിശനിരക്ക് കുറവാണെന്നതാണ് ഇതിന് കാരണം.
മൊറട്ടോറിയത്തിന്റെ ആനുകൂല്യം ദേശസാല്‍കൃത ബേങ്കുകളില്‍ നിന്നുമെടുത്ത വായ്പകള്‍ക്ക് ലഭിക്കാതായതോടെ വില്ലേജ് ഓഫീസുകളില്‍ നിരവധി റവന്യു റിക്കവറി നോട്ടീസുകളാണ് കര്‍ഷകര്‍ക്കെതിരായി വന്നുകിടക്കുന്നത്. ജൂണില്‍ കാലവര്‍ഷം എത്തുമെന്ന പ്രതീക്ഷയില്‍ വിളവിറക്കാന്‍ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയിലാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കടുത്ത വേനലില്‍ കൃഷിനാശം ഉണ്ടായതിനാല്‍ വിളവിറക്കാന്‍ പണം കണ്ടെത്തുന്നത് വലിയ പ്രയാസമായിരുന്നു.
ജപ്തി നോട്ടീസുകള്‍ കൂടി വന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ ഭയപ്പാടിലാണ് കര്‍ഷകര്‍. വി എഫ് പി സി കെയുടെ മാര്‍ഗനിര്‍ദേശത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകരെല്ലാം അതത് പ്രദേശവുമായി ബന്ധപ്പെട്ടുള്ള ദേശസാല്‍കൃത ബേങ്കുകളില്‍ നിന്നാണ് വായ്പയെടുത്തിട്ടുള്ളത്. ദേശസാല്‍കൃത ബേങ്കുകളില്ലാത്ത പഞ്ചായത്തുകളിലുള്ളവര്‍ ഷെഡ്യുള്‍ഡ് ബേങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടുണ്ട്.
ജില്ലയുടെ ബേങ്കുകളെല്ലാം കാര്‍ഷക വായ്പകളിന്മേല്‍ ജപ്തി നടപടി സ്വീകരിച്ചത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം യഥാര്‍ഥ കര്‍ഷകര്‍ക്ക് ഗുണം ലഭിക്കാത്ത സ്ഥിതിവിശേഷമുണ്ടാക്കിയിരിക്കുകയാണ്. എല്ലാ കര്‍ഷകര്‍ക്കും ഗുണം ലഭിക്കുന്ന രീതിയില്‍ ദേസാല്‍കൃത ബേങ്കുകളിലെ കാര്‍ഷിക വായ്പക്കും വരള്‍ച്ച പരിഗണിച്ച് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം കര്‍ഷകര്‍ ഉയര്‍ത്തുന്നു. ബേങ്കുകളില്‍ നിന്ന് അപ്രതീക്ഷിതമായി ജപ്തി നോട്ടീസുകള്‍ കൈപ്പറ്റേണ്ടി വന്നതോടെ ജപ്തി നടപടിയെ എങ്ങിനെ നേരിടുമെന്നഭയപ്പാടോടെ കഴിയുകയാണ് ജില്ലയിലെ നൂറ് കണക്കിന് കര്‍ഷകര്‍.