ഖത്തര്‍ ഔട്ട്; ഇറാന് പ്രതീക്ഷ

Posted on: June 6, 2013 1:05 am | Last updated: June 6, 2013 at 1:05 am
SHARE

ദോഹ: ഏഷ്യന്‍ മേഖല 2014 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഒമാന്‍, ഇറാന്‍ ജയം കണ്ടപ്പോള്‍ ദക്ഷിണകൊറിയ ഇഞ്ചുറിടൈമില്‍ ആവേശകരമായ സമനില നേടി. തോല്‍വിയോടെ ഖത്തറിന്റെ പ്രതീക്ഷ അവസാനിച്ചു.
ഗ്രൂപ്പ് ബിയില്‍ ഒമാന്‍ 1-0ന് ഇറാഖിനെ തോല്‍പ്പിച്ചതോടെ അവരുടെ സാധ്യതകളും വര്‍ധിച്ചു. ഏഴ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റോടെ രണ്ടാം സ്ഥാനത്താണിപ്പോള്‍ ഒമാന്‍. പതിനാല് പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ള ജപ്പാന്‍ കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയിരുന്നു. ആറ് മത്സരങ്ങളില്‍ ഏഴ് പോയിന്റോടെ ആസ്‌ത്രേലിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്രയും മത്സരങ്ങളില്‍ ഏഴ് പോയിന്റോടെ ജോര്‍ദാനും അഞ്ച് പോയിന്റോടെ ഇറാഖും നാലും അഞ്ചും സ്ഥാനത്ത്.
ഗ്രൂപ്പ് ബിയില്‍ ദക്ഷിണകൊറിയ 1-1 ലെബനന്‍ മത്സരം സമനിലയായപ്പോള്‍ ഇറാന്‍ 1-0ന് ഖത്തറിനെ തോല്‍പ്പിച്ചു. ആറ് മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റോടെ ദക്ഷിണകൊറിയ ഗ്രൂപ്പില്‍ മുന്നിട്ട് നില്‍ക്കുന്നു. ആറ് മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുള്ള ഉസ്‌ബെക്കിസ്ഥാന്‍ ഗോള്‍ ശരാശരിയില്‍ കൊറിയക്ക് പിറകിലായി. പത്ത് പോയിന്റോടെ ഇറാനാണ് മൂന്നാം സ്ഥാനത്ത്. അതേ സമയം, ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഖത്തറിന് ഏഴ് പോയിന്റും ലെബനന് അഞ്ച് പോയിന്റുമാണുള്ളത്.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. രണ്ട് ഗ്രൂപ്പിലെയും മൂന്നാം സ്ഥാനക്കാര്‍ തമ്മില്‍ അഞ്ചാം റൗണ്ട് പ്ലേ ഓഫ് കളിക്കും. ഇതിലെ വിജയി കോണ്‍മെബോള്‍ പ്രതിനിധിയുമായി പ്ലേ ഓഫിന് യോഗ്യത നേടും. ഇവിടെ ജയിക്കുന്നവര്‍ക്ക് ബ്രസീല്‍ ലോകകപ്പിന് ടിക്കറ്റെടുക്കാം.
മസ്‌കറ്റില്‍ ഇറാഖിനെതിരെ ഒമാന്റെ വിജയഗോള്‍ ആദ്യ പകുതിയിലായിരുന്നു. ഇസ്മാഈല്‍ അല്‍ അജ്മിയുടെ ഹെഡര്‍ ഗോളില്‍. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് കോര്‍ണര്‍ കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയില്‍ മികച്ച പ്രതിരോധമൊരുക്കി ഒമാന്‍ ലീഡ് നിലനിര്‍ത്തി. കനത്ത ചൂടില്‍ കളിക്കാര്‍ തളര്‍ന്നവശരായിരുന്നു. ആദ്യ അരമണിക്കൂറില്‍ ഇരുഭാഗത്ത് നിന്നും ശ്രദ്ധേയ നീക്കങ്ങള്‍ ഇല്ലാതെ പോയതിനും ചൂടിനെ പഴിക്കാം. ഇറാഖ് തുടരെ രണ്ട് ഗോള്‍ ശ്രമം നടത്തിയതാണ് അപവാദം. ആദ്യത്തേത് അലി അദ്‌നാന്റെ ഷോട്ട്. അത് പുറത്തേക്കാണ് പോയത്. രണ്ടാമത്തേത് ക്യാപ്റ്റന്‍ യൂനിസ് മഹ്മൂദിന്റെ വക. ക്യാപ്റ്റന്റെ ഷോട്ടും ഗോളിയെ മറികടന്നില്ല. അരമണിക്കൂറിന് ശേഷമാണ് ഒമാന്‍ ഉണര്‍ന്നത്. സ്‌ട്രൈക്കര്‍ അബ്ദുല്‍ അസീസ് മുബാറക്കിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഇറാഖ് ഗോള്‍ മുഖം വിറപ്പിച്ചു. ഇറാഖ് ഉടനടി മറുപടി നല്‍കി. റഈദ് സാലെയുടെ ക്രോസ് ബോള്‍ സ്വതന്ത്രനായി സ്വീകരിച്ച അലാ അബ്ദുല്‍ സഹ്‌റക്ക് അനായാസ ഗോള്‍ നേടാമായിരുന്നു. എന്നാലത് സംഭവിച്ചില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒമാന്‍ എതിര്‍വല കുലുക്കി. അറുപത്തെട്ടാം മിനുട്ടിലും ഇസ്മാഈല്‍ അല്‍ അജ്മിയിലൂടെ ഒമാന്‍ ഗോള്‍ നേടിയെന്ന് തോന്നിച്ചു. തൊട്ടരികെ നിന്നുള്ള ഷോട്ട് ഇറാഖ് ഗോളി നൂര്‍ സബ്രി അത്ഭുതകരമായി തടഞ്ഞു. ഒമാന്റെ അമിത പ്രതിരോധം ഇറാഖിന് വിലങ്ങുതടിയായി. സമനില നേടാനുള്ള അവസാന അവസരം പകരക്കാരനായിറങ്ങിയ മുസ്തഫ കരീമിന്റെതായിരുന്നു. കരീമിന്റെ ഷോട്ട് ഒമാന്‍ ഗോളി ഫയസ് അല്‍ റുഷ്ദിയുടെ നേരെ കൈകളിലേക്കായിരുന്നു. നിര്‍ഭാഗ്യം കൊണ്ടാണ് ജയം അകന്നതെന്ന് ഇറാഖ് കോച്ച് വഌദ്മിര്‍ പെട്രോവിച് പറഞ്ഞു. ചില കളിക്കാര്‍, വളരെ മോശമായി കളിച്ചു. ലോംഗ് ബോളുകളായിരുന്നു ടീം ഏറെയും കളിച്ചത്. ചില കളിക്കാര്‍ പന്ത് നിയന്ത്രിക്കുന്നതില്‍ വന്‍ പരാജയമായിരുന്നു. ഇതുള്‍ക്കൊള്ളാനാകുന്നില്ല-ഇറാഖിന്റെ സെര്‍ബിയന്‍ കോച്ച് പറഞ്ഞു.
ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ലഭിക്കുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. മൂന്നാം സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. ആസ്‌ത്രേലിയയും ജോര്‍ദാനും തൊട്ടുപിറകിലുണ്ട്-ഒമാന്‍ കോച്ച് പോള്‍ ലെ ഗ്യുന്‍ പറഞ്ഞു. ഒരു മത്സരം ശേഷിക്കെ മൂന്നാം സ്ഥാനം മാത്രമാണ് സാധ്യതയെന്നും ഫ്രഞ്ച് കോച്ച് നിരീക്ഷിച്ചു. ഒമാന്റെ അവസാന മത്സരം പതിനെട്ടിന് ജോര്‍ദാനെതിരെയാണ്. ആസ്‌ത്രേലിയക്കും ജോര്‍ദാനും രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. പതിനൊന്നിന് ഇവര്‍ തമ്മില്‍ ഏറ്റുമുട്ടും. പതിനെട്ടിന് ആസ്‌ത്രേലിയ ഇറാഖിനെതിരെ.
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ അലക്‌സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റ് ആയിരുന്ന കാര്‍ലോസ് ക്വുറോസിന്റെ ശിക്ഷണത്തിലാണ് ഇറാന്‍ ലോകകപ്പ് ബെര്‍ത് അന്വേഷിക്കുന്നത്. ഖത്തറിനെതിരെ അറുപത്താറാം മിനുട്ടിലാണ് റെസ ഗൂചാനെഹാദ് ഇറാന്റെ വിജയഗോള്‍ നേടിയത്. ഇറാനെതിരെ ഇബ്രാഹിം ഖല്‍ഫാന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് ഒമന്‍ അനുകൂലികള്‍ അവിശ്വസനീയതയോടെയാണ് കണ്ടത്. ഖത്തര്‍ ഗോളി ഖാസിം ബര്‍ഹാന്‍ രണ്ട് മികച്ച രക്ഷപ്പെടുത്തലുകള്‍ നടത്തി ഇറാന്റെ നീക്കവും ചെറുത്തു.
ഗ്രൂപ്പ് എ യില്‍ പത്ത് പോയിന്റോടെ മൂന്നാം സ്ഥാനത്തുള്ള ഇറാന് രണ്ട് മത്സരങ്ങള്‍ ശേഷിക്കെ സാധ്യതകള്‍ അവശേഷിക്കുന്നു. മുന്നിലുള്ള ദക്ഷിണകൊറിയയും ഉസ്‌ബെക്കിസ്ഥാനുമായി ഒരു പോയിന്റിന്റെ അകലം മാത്രമേ ഇറാനുള്ളൂ. ഈ ജയം ആഘോഷിക്കുന്നില്ല. കാരണം, രണ്ട് നിര്‍ണായക മത്സരങ്ങളാണ് മുന്നിലുള്ളതെന്ന് ഇറാന്റെ അസിസ്റ്റന്റ് കോച്ച് അന്റോണിയ സിമോയിസ് അഭിപ്രായപ്പെട്ടു. പതിനൊന്നിന് ലെബനനും പതിനെട്ടിന് ദക്ഷിണകൊറിയയുമാണ് ഇറാന്റെ എതിരാളികള്‍. അഞ്ച് പോയിന്റോടെ ഏറ്റവും പിറകിലുള്ള ലെബനനെതിരെ ഇറാന് പ്രതീക്ഷയുണ്ടെങ്കിലും ഒന്നാം സ്ഥാനത്തുള്ള ദക്ഷിണകൊറിയ വെല്ലുവിളി ഉയര്‍ത്തും.ദോഹയില്‍ നാട്ടുകാര്‍ക്ക് മുന്നിലേറ്റ തോല്‍വിയോടെ ഖത്തറിന്റെ ലോകകപ്പ് സാധ്യത അവസാനിച്ചു. പതിനെട്ടിന് ഉസ്‌ബെക്കിസ്ഥാനെ തോല്‍പ്പിച്ചാലും ഖത്തറിന് ആദ്യ മൂന്നില്‍ ഉള്‍പ്പെടാനാകില്ല. ശാരീരികമായി തങ്ങളേക്കാള്‍ മേല്‍ക്കോയ്മയുള്ള ഇറാന്‍ ടീമിനെതിരെ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചു. ഇറാന്റെ പ്രതിരോധം ലോകനിലവാരത്തിലുള്ളതാണെന്നും ഖത്തര്‍ കോച്ച് ഫഹദ് താനി അഭിപ്രായപ്പെട്ടു.പന്ത്രണ്ടാം മിനുട്ടില്‍ ലീഡ് നേടിയ ലെബനനെതിരെ ദക്ഷിണകൊറിയ സമനില പൊരുതിയെടുക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ തുടരെ ആക്രമിച്ച കൊറിയ ഇഞ്ചുറി ടൈമിലെ ഫ്രീകിക്ക് ഗോളിലാണ് ജയം പിടിച്ചത്.