സിറിയ: ഖുസൈര്‍ പ്രവിശ്യ സൈന്യം തിരിച്ചുപിടിച്ചു

Posted on: June 6, 2013 12:56 am | Last updated: June 6, 2013 at 12:56 am
SHARE

ദമസ്‌കസ്: സിറിയയില്‍ വിമതര്‍ ആധിപത്യം നേടിയിരുന്ന ലബനാന്‍ അതിര്‍ത്തിയിലെ ഖുസൈറില്‍ സൈന്യം വിജയകരമായ മുന്നേറ്റം നടത്തിയതായും ഖുസൈറിലെ കേന്ദ്രം സൈന്യം തിരിച്ചുപിടിച്ചതായും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമതര്‍ കൈയേറിയ ഖുസൈറിലെ എല്ലാ നഗരങ്ങളിലും സിറിയന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും മേഖലയില്‍ നിന്ന് വിമതരെ പൂര്‍ണമായും തുരത്തിയിട്ടുണ്ടെന്നും സൈനിക മേധാവികളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. 
ലബനാനിലെ ഹിസ്ബുല്ലാ പോരാളികളുടെ സഹായത്തോടെയാണ് വിമതരെ ഖുസൈറില്‍ നിന്ന് സൈന്യം തുരത്തിയത്. വിമതര്‍ക്കെതിരായ സൈനിക നടപടിയില്‍ സിറിയന്‍ പ്രസിഡന്റിന് ഹിസ്ബുല്ല പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. വിമതരെ തുരത്താന്‍ ഹിസ്ബുല്ലയെ കൂട്ട് പിടിക്കുന്നതിനെതിരെ ഇസ്‌റാഈലും അമേരിക്കയും രംഗത്ത് വന്നിരുന്നു.
രണ്ടാഴ്ചയോളമായി ഖുസൈറില്‍ നടന്ന രൂക്ഷമായ പോരാട്ടത്തിനൊടുവിലാണ് വിമതരുടെ നിയന്ത്രണത്തില്‍ നിന്നും പ്രക്ഷോഭ നഗരം സൈന്യം തിരിച്ചുപിടിച്ചത്. ബശര്‍ അല്‍ അസദിനെതിരെ രണ്ടര വര്‍ഷത്തോളമായി പ്രക്ഷോഭം നടത്തുന്ന വിമതരുടെയും പ്രതിപക്ഷ സഖ്യത്തിന്റെയും രാജ്യത്തെ പ്രധാന ശക്തികേന്ദ്രമായിരുന്നു ഖുസൈര്‍. വിമത ആക്രമണങ്ങളെയും ഏറ്റുമുട്ടലിനെയും തുടര്‍ന്ന് ദുരിത പൂര്‍ണമായ ഖുസൈറിലെ ജനജീവതം പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ഊര്‍ജിത ശ്രമം നടക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.