കെ എസ് ആര്‍ ടി സി 50 ലക്ഷ്വറി ബസുകള്‍ നിരത്തിലിറക്കുന്നു

Posted on: June 6, 2013 6:00 am | Last updated: June 6, 2013 at 12:25 am
SHARE

ksrtc1കണ്ണൂര്‍: ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ എസ് ആര്‍ ടി സി 50 ലക്ഷ്വറി ബസുകള്‍ കൂടി പുറത്തിറക്കുന്നു. അന്തര്‍ സംസ്ഥാന സര്‍വീസടക്കം നടത്തുന്നതിനാണ് പുതിയ രൂപത്തില്‍ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ നിരത്തിലിറക്കുന്നത്. സംസ്ഥാനത്തെ ബസ് ബോഡി നിര്‍മാണ യൂനിറ്റുകളില്‍ നിര്‍മാണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. മൂന്ന് മാസത്തിനകം സര്‍വീസ് നടത്താനാണ് പദ്ധതി.
കണ്ണൂര്‍- തിരുവനന്തപുരം, തലശ്ശേരി- ബംഗളൂരു, കോഴിക്കോട് – ബംഗളൂരു, കോഴിക്കോട് – തിരുവനന്തപുരം, മൂന്നാര്‍- ബംഗളൂരു, തൃശ്ശൂര്‍- തിരുവനന്തപുരം, ബത്തേരി- തിരുവനന്തപുരം തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകളിലാണ് പുതിയ ബസുകള്‍ ഓടിക്കുന്നത്. അഞ്ച് വര്‍ഷം പഴകിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ സാധാരണ റൂട്ടുകളിലേക്ക് മാറ്റുന്ന നടപടിക്രമത്തിന്റെ ഭാഗമായാണ് പുതിയ ബസുകള്‍ ഇറക്കുന്നത്.
പുഷ്ബാക്ക് സീറ്റുകളുള്ള ആധുനികവത്കരിച്ച ഏറ്റവും പുതിയ മോഡല്‍ ബസാണ് നിരത്തിലിറക്കുക. ദീര്‍ഘദൂര യാത്രക്ക് തീവണ്ടി കഴിഞ്ഞാല്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കുന്നത് കെ എസ് ആര്‍ ടി സിയാണ്. കെ എസ് ആര്‍ ടി സിക്ക് ഏറ്റവും കൂടുതല്‍ ലാഭം നല്‍കുന്നത് ദീര്‍ഘദൂര സര്‍വീസുകളാണെന്നതും ആധുനികവത്കരിച്ച ബസുകള്‍ ഇറക്കാന്‍ അധികൃതരെ പ്രേരിപ്പിച്ച ഘടകമാണ്. സ്‌പെയര്‍പാര്‍ട്‌സ് പ്രശ്‌നത്തിലും മറ്റുമായി മുടങ്ങിക്കിടന്ന ബസ് ബോഡി നിര്‍മാണം പുനരാരംഭിച്ചിട്ടുണ്ട്.
കോഴിക്കോട്, എടപ്പാള്‍, തിരുവനന്തപുരം, മാവേലിക്കര, ആലുവ കേന്ദ്രങ്ങളില്‍ നിന്നാണ് പുതിയ ബസുകള്‍ പുറത്തിറക്കുന്നത്. കോഴിക്കോട് നിന്ന് 12ഉം എടപ്പാളില്‍ നിന്ന് 22ഉം തിരുവനന്തപുരത്ത് നിന്ന് 30ഉം മാവേലിക്കര, ആലുവ നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് 20ഉം വീതം ബസുകളാണ് നിലവില്‍ പുറത്തിറക്കുന്നത്.