പുതിയ പടനായര്‍ക്ക് പിറകെ കുയിലിന്‍ കൂട്ടില്‍ മുട്ടയിടുന്ന കാക്കയും

Posted on: June 6, 2013 6:00 am | Last updated: June 6, 2013 at 12:24 am
SHARE

chandrika dailyതൃശൂര്‍: എന്‍ എസ് എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ എഴുതിയ പുതിയ പടനായര്‍ എന്ന ലേഖനം വിവാദമായതില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും അതിലെ പരാമര്‍ശങ്ങളെ പരോക്ഷമായി ന്യായീകരിക്കും വിധം ചന്ദ്രികയില്‍ പുതിയ ലേഖനം. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എയാണ് കുയിലിന്‍ കൂട്ടില്‍ മുട്ടയിടുന്ന കാക്ക എന്ന തലക്കെട്ടില്‍ ലേഖനം എഴുതിയിരിക്കുന്നത്. തന്റെ പ്രതിവാര കോളമായ കാലം, കാലികത്തിലാണ് എന്‍ എസ് എസ് പോലെയുള്ള സംഘടനകള്‍ക്കും അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന കോണ്‍ഗ്രസിനുമെതിരെ വിമര്‍ശങ്ങള്‍ ചൊരിയുന്നത്.
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് ജനപിന്തുണയാര്‍ജിക്കുക എളുപ്പമല്ലാത്തതിനാല്‍ വ്യവസ്ഥാപിതമായി നിലനില്‍ക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനമുണ്ടാക്കലാണ് സമുദായ സംഘടനകള്‍ കണ്ടെത്തുന്ന എളുപ്പവഴി. കുയിലിന്റെ കൂട്ടില്‍ മുട്ടയിടുന്ന കാക്കയുടെ സുഖമാണിവര്‍ അനുഭവിക്കുന്നത്.
തന്റെ കൂട്ടില്‍ മുട്ടയിടുന്ന കാക്കയെയും തന്റെ ചെലവില്‍ തന്റെ കുഞ്ഞുങ്ങളോടൊപ്പം വളരാന്‍ ശ്രമിക്കുന്ന കാക്കക്കുഞ്ഞുങ്ങളെയും തിരിച്ചറിയാനുള്ള വിവേകമാണ് കുയിലുകള്‍ക്ക് വേണ്ടത്. ഒന്നുമറിയാതെ മണ്ടത്തരം കാണിക്കുന്ന കുയിലുകള്‍ സഹതാപമര്‍ഹിക്കുന്നു എന്നിങ്ങനെ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശമാണ് ലേഖനത്തില്‍. ഭരണാധികാരികളെയും പ്രതിപക്ഷക്കാരെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ഭരണ നടപടികളെയും നിയന്ത്രിക്കാനുള്ള അധികാരം ഒരു സാമുദായിക സംഘടനക്കുമില്ല. അവര്‍ അവരുടെ പണി ചെയ്താല്‍ മതിയെന്നും പംക്തിയില്‍ തുറന്നടിക്കുന്നു. രാഷ്ട്രീയ കക്ഷികള്‍ അവരുടെ പരിപാടികള്‍ വിസ്മരിച്ച് സമുദായ സംഘടനകളുടെയും നിക്ഷിപ്ത താത്പര്യക്കാരുടെയും ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്ന് ഓര്‍മിപ്പിച്ചാണ് ലേഖനം അവസാനിക്കുന്നത്.
വിവാദ ലേഖനത്തിന്റെ പേരില്‍ ചന്ദ്രിക ഖേദം പ്രകടിപ്പിക്കേണ്ടതില്ലായിരുന്നുവെന്നും സുകുമാരന്‍ നയരുടെ ഭീഷണിക്ക് വഴങ്ങിയത് ശരിയായില്ലെന്നും അണികള്‍ക്കിടയില്‍ സംസാരം ഉയരുന്നതിനിടെയാണ് അവരെ തണുപ്പിക്കും വിധം ഇന്നലെ പുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ലേഖനത്തില്‍ താന്‍ ആരേയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കെ എന്‍ എ ഖാദര്‍ സിറാജിനോട് പറഞ്ഞു.
വിവാദമായ ലേഖനം ചന്ദ്രികക്ക് പകരം മറ്റേതെങ്കിലും പത്രത്തില്‍ ആയിരുന്നെങ്കില്‍ വിവാദമാകില്ലായിരുന്നു. മണ്ടത്തരം കാണിക്കുന്ന കുയിലുകള്‍ എന്നത് കോണ്‍ഗ്രസിനെ ഉദ്ദേശിച്ചല്ലേ എന്ന ചോദ്യത്തിന് ‘നിങ്ങള്‍ക്ക് എങ്ങനെയും വ്യാഖാനിക്കാമെന്ന്’ഖാദര്‍ പ്രതികരിച്ചു.