കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഗാഡ്ഗില്‍

Posted on: June 6, 2013 6:00 am | Last updated: June 6, 2013 at 12:22 am
SHARE

pashchima khttamകൊച്ചി: പശ്ചിമഘട്ടത്തില്‍ പരിസ്ഥിതിവിരുദ്ധവും ജനവിരുദ്ധവുമായ വികസന പ്രവര്‍ത്തനങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുകയാകും ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനന്തരഫലമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ ഗാഡ്ഗില്‍. ആറന്‍മുള വിമാനത്താവള പദ്ധതി പോലെ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരാന്‍ സഹായകമായ റിപ്പോര്‍ട്ടാണ് കസ്തൂരിരംഗന്‍ സമിതി നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആറന്‍മുള പോലുള്ള ഒരു സ്ഥലത്ത് ഇത്തരമൊരു വിമാനത്താവളം അനാവശ്യമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുകൊണ്ട് പുതുതായി ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ഗാഡ്ഗില്‍ പറഞ്ഞു.

വനവും വന്യജീവി സങ്കേതങ്ങളും സംരക്ഷിക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തുന്നതിനുള്ള തന്റെ സമിതിയുടെ ശിപാര്‍ശ അവഗണിച്ച സാഹചര്യത്തില്‍ വന സംരക്ഷണം പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയാകും ഇനിയും തുടരുക. പരിസ്ഥിതി, ജനസൗഹാര്‍ദപരമല്ലാത്ത വികസനം കേന്ദ്രീകൃതമായി അടിച്ചേല്‍പിക്കപ്പെടുകയാകും ഇതിന്റെ ഫലം. പ്രാദേശിക ഭരണകൂടങ്ങളുടെ താത്പര്യം നോക്കാതെ ഡല്‍ഹിയിലും തിരുവനന്തപുരത്തുമിരുന്ന് അടിച്ചേല്‍പ്പിക്കുന്ന വികസനമാണ് ഇപ്പോള്‍ നടപ്പാകുന്നത്. ജനങ്ങളുടെമേല്‍ പരിസ്ഥിതി സൗഹാര്‍ദപരമല്ലാത്ത വികസനം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഇതിന് മാറ്റമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് തന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ചത് ജനാധിപത്യവിരുദ്ധ സമീപനമാണെന്ന് ഗാഡ്ഗില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടന്ന മൊത്തം നടപടികളില്‍ നിരാശയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അധികാരപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ പരിശോധനകളും നടത്തിയത്. സ്ഥിതിഗതികള്‍ കാര്യക്ഷമതയോടെ വിശകലനം ചെയ്യാന്‍ തന്റെ നേതൃത്വത്തിലുള്ള സമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്.
രാജ്യത്ത്് ആദ്യമായി ഡേറ്റാ ബാങ്ക് ഉണ്ടാക്കാനും നിരവധി പ്രധാനപ്പെട്ട ശിപാര്‍ശകള്‍ സമര്‍പ്പിക്കാനും കഴിഞ്ഞു. എന്നാല്‍ കൂടുതല്‍ ജനാധിപത്യപരമായി ശിപാര്‍ശകള്‍ തയ്യാറാക്കേണ്ടതുണ്ടെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. സമിതിയുടെ ശിപാര്‍ശകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഒരു മരം പോലും മുറിക്കാന്‍ കഴിയില്ലെന്ന തരത്തിലുള്ള പ്രചാരണം വയനാട് പോലുള്ള ജില്ലകളില്‍ ജനങ്ങളെ ആശങ്കയിലാക്കി.
അത്തരത്തില്‍ ജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്ന ശേഷമാണ് കസ്തൂരിരംഗന്‍ കമ്മീഷനെ നിയോഗിച്ചത്. കസ്തൂരിരംഗന്‍ സമിതി തങ്ങള്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള തെറ്റായ ചിത്രം നല്‍കിയത് നിരാശപ്പെടുത്തി. പ്ലാച്ചിമടയിലേതു പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കും ജനങ്ങളുടെ ജീവിതത്തിനും ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക തന്റെ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ കസ്തൂരിരംഗന്‍ കമ്മിറ്റി ഇത്തരം പ്രധാന ശിപാര്‍ശകള്‍ അവഗണിക്കുകയാണ് ചെയ്തത്. സമിതിയുടെ നിഗമനങ്ങളോടുള്ള വിയോജിപ്പ് വ്യക്തമാക്കി കസ്തൂരിരംഗന് എഴുതിയ കത്തില്‍ തന്റെ ആശങ്കകള്‍ അറിയിച്ചിട്ടുണ്ടെന്ന് ഗാഡ്കില്‍ പറഞ്ഞു.