സൈബര്‍ സിറ്റി: എച്ച് എം ടി ഭൂമി മറിച്ചു വില്‍ക്കുന്നു

Posted on: June 6, 2013 6:00 am | Last updated: June 6, 2013 at 12:12 am
SHARE

cyber cityകൊച്ചി: സൈബര്‍ സിറ്റിക്കായി എച്ച് എം ടിയില്‍ നിന്ന് എച്ച് ഡി ഐ എല്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനി വാങ്ങിയ 70 ഏക്കര്‍ ഭൂമി മറിച്ചു വില്‍ക്കുന്നു. ഭൂമി വില്‍ക്കാനായി എച്ച് ഡി ഐ എല്‍ പ്രമുഖ പത്രങ്ങളില്‍ ഇന്നലെ പരസ്യം നല്‍കി. വില്‍പ്പനക്കോ സംയുക്ത സംരംഭത്തിനോ ഭൂമി ലഭ്യമാണെന്നാണ് പരസ്യത്തില്‍ പറയുന്നത്. 2002ല്‍ സെന്റിന് 1,34,000 രൂപ നിരക്കില്‍ എച്ച് ഡി ഐ എല്‍ വാങ്ങിയ ഭൂമി സെന്റിന് എട്ട് ലക്ഷം രൂപ നിരക്കില്‍ വില്‍ക്കാനാണ് ശ്രമം.കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാറിന്റെ കാലത്ത് 2,300 കോടി രൂപയുടെ സൈബര്‍ സിറ്റി നിര്‍മിക്കുമെന്ന പ്രഖ്യാപിച്ചാണ് എച്ച് ഡി ഐ എല്ലിന്റെ ഉപ സ്ഥാപനമായ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് ഭൂമി വാങ്ങിയത്.

ഭൂമി ഇടപാടും അതിനെ ചൊല്ലിയുണ്ടായ രാഷ്ട്രീയ വിവാദങ്ങളും കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചിരുന്നു. എച്ച് ഡി ഐ എല്ലിന്റെ ലക്ഷ്യം റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്ന് അന്ന് ശക്തമായ ആരോപണം ഉയര്‍ന്നെങ്കിലും വ്യവസായ പദ്ധതിയുടെ പേരില്‍ കമ്പനി ഭൂമി ഇടപാടിനുള്ള എല്ലാ നിയമ തടസ്സങ്ങളും നീക്കിയെടുക്കുകയായിരുന്നു. വ്യാവസായികാവശ്യത്തിനായതു കൊണ്ട് മാത്രമാണ് ഭൂമി ഇടപാടിന് സാധുത നല്‍കുന്നതെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാറിന് നല്‍കിയ ഉറപ്പുകളില്‍ നിന്നെല്ലാം പിന്‍മാറിക്കൊണ്ടാണ് ഭൂമി വില്‍പ്പന നടത്താന്‍ എച്ച് ഡി ഐ എല്‍ നീക്കം നടത്തുന്നത്.
കാക്കനാട്ട് സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായി വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം പ്രത്യേക താത്പര്യമെടുത്ത് കളമശേരി സൈബര്‍ സിറ്റി പദ്ധതിയുമായി വരുന്നത്. സ്്മാര്‍ട്ട് സിറ്റിയില്‍ വരുന്നതുപോലുള്ള ഐ ടി സംരംഭങ്ങളുമായി സ്വകാര്യ ഐ ടി പാര്‍ക്ക് എന്ന നിലയിലാണ് സൈബര്‍ സിറ്റി വിഭാവനം ചെയ്യപ്പെട്ടത്. പദ്ധതി നടപ്പായാല്‍ 60,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഈ പദ്ധതി സ്മാര്‍ട്ട് സിറ്റിക്ക് ഭീഷണിയാകുമെന്ന ആശങ്ക തുടക്കം മുതല്‍ ഉണ്ടായിരുന്നു.

പദ്ധതിയുടെ ശിലാസ്ഥാപനത്തിന് മുമ്പ് എച്ച് എം ടി ഭൂമി ഇടപാടിന് പിന്നിലെ ക്രമക്കേട് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ പദ്ധതിക്കുമേല്‍ അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. പൊതുമേഖലാ സ്ഥാപനമായ എച്ച് എം ടിയുടെ ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് വാങ്ങിയത് ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ചുകൊണ്ടാണെന്ന ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. ഇത് വലിയ വാര്‍ത്തയായതോടെ സൈബര്‍ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് പ്രഖ്യാപിച്ചു. വി എസിന്റെ അഭാവത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം എളമരം കരീമാണ് നിര്‍വഹിച്ചത്. വിവാദം ആളിക്കത്തിയതോടെ തെങ്ങിന്‍ മണ്ടയില്‍ വ്യവസായം കൊണ്ടുവരാന്‍ കഴിയില്ലെന്ന് എളമരം കരീം പ്രസ്താവിച്ചത് എരിതീയില്‍ എണ്ണയൊഴിച്ചു. സൈബര്‍സിറ്റിയുടെ പേരില്‍ എളമരം കരീമിനെ സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലായിരുന്നു വിവാദം മുന്നോട്ടു പോയത്. എച്ച് എം ടി ഭൂമി വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന് സൈബര്‍ സിറ്റി പദ്ധതി മുടക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്ന ഔദ്യോഗിക പക്ഷത്തിന്റെ ആരോപണം സി പി എമ്മില്‍ പൊട്ടിത്തെറി സൃഷ്ടിച്ചു.

വിഷയം കോടതിയിലെത്തിയതോടെ സൈബര്‍ സിറ്റി പദ്ധതി മുടങ്ങി. ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും എച്ച് എം ടി ഭൂമി ഇടപാട് ശരിവെച്ചു കൊണ്ട് ഉത്തരവ് വന്ന ശേഷം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ എച്ച് ഡി ഐ എല്‍ ആരംഭിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്ന് സെസ്സും അനുവദിക്കപ്പെട്ടു. പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച എച്ച് ഡി ഐ എല്‍ പിന്നീട് കുറേക്കാലം നിശ്ശബ്ദത പാലിച്ച ശേഷമാണ് ഭൂമി വില്‍പ്പന നടത്താന്‍ പരസ്യം ചെയ്തിരിക്കുന്നത്.
ഈ ഭൂമി റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവാദ ഭൂമിയിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തി.