ഈ കുടുംബ വഴക്കില്‍ ആശ്വസിക്കാനെന്ത്?

Posted on: June 6, 2013 6:00 am | Last updated: June 5, 2013 at 11:54 pm
SHARE
narendra_modi_shivraj_singh_chauhan_
ശിവരാജ് സിംഗ് ചൗഹാന്‍ നരേന്ദ്ര മോഡി

”രണ്ട് വിരുദ്ധ രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ ആയിരുന്നെങ്കില്‍ സാധാരണഗതിയില്‍ പരസ്യമായ ഒരു യുദ്ധത്തിനു തന്നെ കാരണമായേക്കാവുന്ന വിധം വിരുദ്ധമായ രാഷ്ട്രീയാഭിപ്രായങ്ങള്‍ അതിനുള്ളില്‍ (സംഘ്പരിവാറിനുള്ളില്‍) ഇപ്പോള്‍ ഒരു കുടുംബകാര്യം മാത്രമാണ്. എത്ര തീക്ഷ്ണമായ കലഹമാണെങ്കിലും അതെപ്പോഴും പരസ്യമായിത്തന്നെ നടത്തപ്പെടുന്നു. എല്ലായ്‌പ്പോഴും സൗഹാര്‍ദപരമായിത്തന്നെ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. രോഷം, നാട്യം, പ്രതികാരം, ഉപജാപം, പശ്ചാത്താപം, കാവ്യം, പിന്നെ ഇഷ്ടം പോലെ ഉറഞ്ഞ ചോരയും…. എന്നാല്‍ കാര്യത്തിലെത്തുമ്പോള്‍, ശരിക്കും കാര്യത്തിലെത്തുമ്പോള്‍ ശണ്ഠ കൂടുന്ന തലകളെല്ലാം നിശ്ശബ്ദമാകുന്നു. എല്ലാ അലര്‍ച്ചകള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ ഒരൊറ്റ ഹൃദയമാണ് മിടിക്കുന്നതെന്ന് ഭയപ്പെടുത്തും വിധം വ്യക്തമാകുന്നു. ഒരിക്കലും പൊറുക്കാന്‍ ഒരുക്കമല്ലാത്ത ഒരു മനസ്സ് കാവിയില്‍ കുതിര്‍ന്ന ഇടുങ്ങിയ കാഴ്ചപ്പാടോടെ അധികസമയ ജോലി ചെയ്യുന്നു. (അരുന്ധതി റോയി- ജനാധിപത്യം: വീട്ടില്‍ ആയിരിക്കുമ്പോഴും അവള്‍ ആരാണ്?).

ആര്‍ എസ് എസ് എന്ന അങ്ങേയറ്റം ജനവിരുദ്ധമായ, ജനാധിപത്യവിരുദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ ശിഖകളായി മുളപൊട്ടിയവയാണ് ബി ജെ പി, വി എച്ച് പി, ബജ്‌റംഗ്ദള്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍. ആര്‍ എസ് എസിന് ഒരു ലക്ഷ്യമേയുള്ളൂ: ഹിന്ദു രാഷ്ട്ര രൂപവത്കരണം. സംഘടനയുടെ രാഷ്ട്രീയ ഗുരു വീരദാമോദര സവര്‍ക്കറാണെന്നത് യാദൃച്ഛികമല്ല. ഇന്ത്യയില്‍ രണ്ട് ദേശീയതയുണ്ടെന്നും ഹിന്ദു ദേശീയതക്കും മുസ്‌ലിം ദേശീയതക്കും ഒരുമിച്ചു പോകാനാകില്ലെന്നും ആദ്യം പറഞ്ഞത് സവര്‍ക്കറാണ്. രാജ്യം വിഭജിക്കണമെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കാലമേറെ കഴിഞ്ഞാണ് മുസ്‌ലിം ലീഗും മുഹമ്മദലി ജിന്നയും ഈ ആശയത്തിലേക്കെത്തുന്നത്. ചരിത്രവശാല്‍, ഇന്ത്യാ വിഭജനത്തിന്റെ പാപഭാരം മുഴുവന്‍ തലയിലേറ്റേണ്ടി വന്നുവെന്നത് ജിന്നയുടെയും ലീഗിന്റെയും ദുര്യോഗം എന്നത് ഇന്ത്യനവസ്ഥയില്‍ സ്വാഭാവികം.

ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തില്‍ ആര്‍ക്കെല്ലാം ഇടം കിട്ടുമെന്നത് കുറേക്കൂടി ആഴത്തില്‍ വിശകലനം ചെയ്യേണ്ടതാണ്. രണ്ടാം സര്‍സംഘ് ചാലക് ആയിരുന്ന മാധവ സദാശിവ ഗോള്‍വാള്‍ക്കറുടെ പുസ്തകങ്ങള്‍ തുറന്നുവെച്ച് തീര്‍പ്പ് പറയാവുന്നൊരു കാര്യമുണ്ട്: ആദിവാസികള്‍, ദളിതര്‍, ഈഴവര്‍ തുടങ്ങിയ അധഃസ്ഥിത വിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമല്ല സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര പരിസരം. അത് അങ്ങേയറ്റം സവര്‍ണ താത്പര്യങ്ങളിലെധിഷ്ഠിതമാണ്. കീഴാളനെ മനുഷ്യനായി പോലും പരിഗണിക്കാന്‍ സന്നദ്ധമാകാത്ത മനുസ്മൃതിയാണ് സംഘ്പരിവാറിന്റെ മാനിഫെസ്റ്റോ. ലക്ഷക്കണക്കിന് മനുഷ്യരെ ക്രൂരമായി കൊന്നൊടുക്കിയ അഡോള്‍ഫ് ഹിറ്റ്‌ലറാണ് ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന്റെ മാതൃകാപുരുഷന്‍ (ഗോള്‍ വാള്‍ക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ എന്ന കൃതി). അങ്ങനെയൊരു പ്രത്യയശാസ്ത്രത്തിന് വിശാലമായൊരു ജനാധിപത്യ ജീവിതത്തെ പ്രതിനിധാനം ചെയ്യാന്‍ കഴിയില്ലെന്നത് സ്പഷ്ടമാണ്. ഇങ്ങനെയെല്ലാമായിട്ടും ആര്‍ എസ് എസിനെ സാംസ്‌കാരിക സംഘടനയായി വാഴ്ത്തുന്ന എഴുത്തുകാരും ബുദ്ധിജീവികളും ഗാന്ധിയന്മാരും നമുക്കിടയിലുണ്ടെന്നതാണ് വിചിത്രമായ വൈപരീത്യം.

ആര്‍ എസ് എസിന്റെ വിളി കേട്ടാണ് നെഹ്‌റു സര്‍ക്കാറില്‍ നിന്ന് രാജി വെച്ച് ശ്യാമപ്രസാദ് മുഖര്‍ജി ജനസംഘം രൂപവത്കരിക്കാനിറങ്ങിയത്. രാഷ്ട്രീയത്തിലെ വിവിധ കൈവഴികള്‍ താണ്ടി പില്‍ക്കാലം അത് ബി ജെ പിയായി രൂപപ്പെട്ടു. പരിവാര്‍ കുടുംബത്തിനകത്ത് ഇതിനിടെ വേറെയും സംഗതികളുണ്ടായി. വി എച്ച് പി മുതല്‍ കര്‍ണാടകത്തിലെ ശ്രീരാമസേന വരെയുള്ള സംഘടനകള്‍ ആര്‍ എസ് എസിന്റെ ആക്രമണോത്സുക പ്രത്യയശാസ്ത്രത്തില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് തിടംവെച്ചവയാണ്. അരുന്ധതി നിരീക്ഷിക്കുന്നതു പോലെ എല്ലാ സംഘടനകളിലും നേതാക്കളിലും മിടിക്കുന്നത് ഒരേ ഹൃദയമാണ്. അതുകൊണ്ടുതന്നെ ബി ജെ പിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചേരിപ്പോരില്‍ മതേതരത്വ സമൂഹത്തിന് ആശ്വാസത്തിനു വകയുണ്ടെന്ന് തോന്നുന്നില്ല. അധികാര രാഷ്ട്രീയത്തിന്റെ അപചയങ്ങള്‍ക്കപ്പുറം സൈദ്ധാന്തികമായോ നിലപാടുകളിലോ ബി ജെ പിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ല. അരുന്ധതി റോയിയുടെ തന്നെ വാക്കുകള്‍:

”പരിവാറിന് ഓരോ അവസരത്തിനും അനുയോജ്യമായ ഓരോ ശിരസ്സുണ്ട്. ഓരോ കാലത്തിനും യോജിച്ച രീതിയില്‍ സംസാരിക്കുന്ന വൃദ്ധനായ ഒരു പദ്യകാരന്‍, അടല്‍ ബിഹാരി വാജ്‌പേയി. ആഭ്യന്തര കാര്യങ്ങള്‍ക്ക്, ആളുകളെ വികാരം കൊള്ളിച്ച് അക്രമാസക്തരാക്കി മാറ്റുന്ന ഒരു കടുംപിടിത്തക്കാരന്‍-എല്‍ കെ അദ്വാനി. വിദേശ കാര്യങ്ങള്‍ക്ക് സരളശീലനായ ഒരാള്‍, ജസ്വന്ത് സിംഗ്. ടി വി സംവാദങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇംഗ്ലീഷ് സംസാരിക്കുന്ന സൗമ്യനായ ഒരു അഭിഭാഷകന്‍- അരുണ്‍ ജെയ്റ്റ്‌ലി. മുഖ്യമന്ത്രിയായി ഒരു ക്രൂര ജന്തു-നരേന്ദ്ര മോഡി. പിന്നെ ബജ്‌റംഗദളും വി എച്ച് പിയും. വംശഹത്യ ഉള്‍പ്പെടെയുള്ള ശാരീരിക അധ്വാനത്തിന് നിയുക്തരായ അടിസ്ഥാനതല പ്രവര്‍ത്തകരും.”

ഇവരെല്ലാം ചേര്‍ന്നതാണ് സംഘ്പരിവാരം. അതിനകത്തു നിന്ന് ഒരു നരേന്ദ്ര മോഡിയേയോ ശിവരാജ് സിംഗ് ചൗഹാനെയോ അടര്‍ത്തിമാറ്റി ചര്‍ച്ച ചെയ്യുന്നത് നിരര്‍ഥകമായിരിക്കും. തത്വത്തില്‍ ഇവര്‍ ഇരുമെയ്യെങ്കിലും ഒറ്റക്കരളെന്ന നിലയിലാണ്. ഗുജറാത്ത് കലാപാനന്തരം ഗോവയില്‍ നടന്ന ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ ‘കലാപത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്’ രാജി വെക്കാന്‍ നരേന്ദ്ര മോഡി സന്നദ്ധത(?) അറിയിച്ചപ്പോള്‍ അഡ്വാനി ഉള്‍പ്പെടെയുള്ളവരാണ് ഏകകണ്ഠമായി അത് തള്ളിയത്. നരേന്ദ്ര മോഡിയോട് അഡ്വാനിക്ക് ഇന്നുണ്ടെന്ന് പറയപ്പെടുന്ന അസ്പൃശ്യത പാര്‍ട്ടിയിലെയും ഭരണത്തിലെയും സ്ഥാനമാനങ്ങളെ ചൊല്ലിയുള്ളതാണെന്ന് ചുരുക്കം.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കഴിഞ്ഞ ദിവസം നടന്ന ബി ജെ പി സമ്മേളനത്തിലാണ് മുതിര്‍ന്ന നേതാവായ അഡ്വാനി രണ്ട് മുഖ്യമന്ത്രിമാരെ താരതമ്യം ചെയ്തത്. ‘രോഗി’യായ മധ്യപ്രദേശിനെയാണ് ചൗഹാന്‍ മാറ്റിയെടുത്തതെന്നും നരേന്ദ്ര മോഡി അധികാരമേറുമ്പോള്‍ തന്നെ ഗുജറാത്ത് ഭേദപ്പെട്ട നിലയിലായിരുന്നുവെന്നും അഡ്വാനി പറയുകയുണ്ടായി. മോഡി നിലവിലുള്ള അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്തിയപ്പോള്‍ ചൗഹാന്‍ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി പുരോഗതി സാധ്യമാക്കിയെന്ന് സാരം. ഈ പ്രഭാഷണത്തിന്റെ രത്‌നച്ചുരുക്കം ഇതാണ്: ഗുജറാത്തിലെ നരേന്ദ്ര മോഡിയല്ല, മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാനാണ് യഥാര്‍ഥ വികസന നായകന്‍. ഇതു മോഡിക്കെതിരായ ബി ജെ പിയിലെ പടനീക്കത്തിന്റെ ഭാഗമായി വിലയിരുത്തുന്നതും ആ തലത്തില്‍ പരിമിതപ്പെടുത്തുന്നതും എത്രമേല്‍ സംഗതമല്ലെന്നാലോചിക്കുക. അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും മോഡിയെക്കുറിച്ചുള്ള സംസാരങ്ങള്‍ വികസന സങ്കല്‍പങ്ങളില്‍ ചുറ്റിത്തിരിയുന്നത് മതേതര വാദികളെ ഉത്കണ്ഠാകുലരാക്കണം.

യഥാര്‍ഥാത്തില്‍ ആരാണ് മോഡി? ലളിതമായി പറയാവുന്ന ഉത്തരമിങ്ങനെ: രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയോടോ മതേതര സംഹിതകളോടോ തരിമ്പും താത്പര്യമില്ലാത്തയാള്‍. ഭരണ യന്ത്രം ഉപയോഗിച്ച് സ്വന്തം പ്രജകളെ എങ്ങനെ കൊന്നൊടുക്കാമെന്ന് 2002 ല്‍ അദ്ദേഹം കാട്ടിത്തന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ‘ശല്യം’ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ കലാപകാരികളെ കയറൂരി വിട്ടു. ‘ഹിന്ദു സമൂഹത്തിന്റെ രോഷം പ്രകടിപ്പിക്കാന്‍’ അവസരമൊരുക്കണമെന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് ആജ്ഞ കൊടുത്തു. ബാബു ബജ്‌റംഗിയും മായാ കൊദ്‌നാനിയും അമിത് ഷായുമുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ തന്നെ വംശഹത്യക്ക് നേരിട്ടിറങ്ങി. കലാപത്തിന്റെ പേരില്‍ ഇന്നോളം മനോവ്യഥയുണ്ടായിട്ടില്ല നരേന്ദ്ര മോഡിക്ക്. അന്നത്തെ ചെയ്തികളില്‍ ഗുജറാത്ത് മുഖ്യന് എന്തെങ്കിലും കുറ്റബോധമുള്ളതായും അറിവില്ല. മോഡിയുടെ ‘ഹിറ്റ്‌ലര്‍ കാലം’ സൗകര്യപൂര്‍വം വിസ്മരിച്ച് വികസനപുരുഷനായി മാധ്യമങ്ങളും ചില മതേതര നാട്യക്കാരും അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് ആനയിക്കുകയാണ്. മോഡിയുടെ വികസനത്തിന്റെ മൂലശില മുതലാളിത്ത മനോഭാവമാണെന്ന് ഇതിനിടയില്‍ തിരിച്ചറിയപ്പെടുന്നുമില്ല. ലക്ഷണമൊത്ത ഭരണാധികാരിയായി അദ്ദേഹം വാഴ്ത്തപ്പെടുമ്പോള്‍ സംഭവിക്കുന്നതെന്താണ്? രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളോട് നീതി പുലര്‍ത്താതെ തന്നെ ഒരാള്‍ക്ക് ‘മികച്ച’ ഭരണാധികാരിയാകാം എന്നു വരികയാണിവിടെ. കുത്തക സംരംഭങ്ങളെ പ്രസാദിപ്പിച്ചുകൊണ്ട് നേടിയെടുക്കുന്ന ഈ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്വന്തം ജനതയെ വഞ്ചിച്ചതിന്റെ പ്രത്യുപകാരമാണെന്ന് തുറന്നുപറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിയുന്നില്ല.

ബി ജെ പിയില്‍ ഇപ്പോള്‍ നടക്കുന്ന ആഭ്യന്തര കലഹത്തില്‍ ഒരു ഭാഗത്ത് അഡ്വാനിയും മറുഭാഗത്ത് മോഡിയുമാണ്. ഈ വിയോജിപ്പിന്റെ കാരണം ഗുജറാത്ത് കലാപവും അതില്‍ മോഡിയുടെ നേതൃപരമായ പങ്കുമായിരുന്നുവെങ്കില്‍ ആശ്വസിക്കാമായിരുന്നു. ഇതുപക്ഷേ, കേവലം അധികാരത്തര്‍ക്കമാണ്. മോഡിയുടെ പ്രധാനമന്ത്രിമോഹം നുള്ളിക്കളയാനുള്ള ശ്രമം. അതുകൊണ്ടെന്ത്? അദ്വാനി, മോഡി, ജെയ്റ്റ്‌ലി, സുഷമ, ചൗഹാന്‍…. ഇവരിലാര് പ്രധാനമന്ത്രിയാകുന്നതും രാജ്യത്തെ സംബന്ധിച്ചിടത്തോളം, ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഭീതിദമാണ്. കാരണം, നേതാക്കളുടെ പ്രകൃതമല്ല, ബി ജെ പിയുടെ പ്രത്യയശാസ്ത്രമാണ് മതേതര സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്‌നം. ആര്‍ എസ് എസുമായുള്ള പൊക്കിള്‍കൊടി ബന്ധം മുറിച്ചു മാറ്റാന്‍ ഒരു കാലത്തും ബി ജെ പിക്ക് കഴിയില്ലെന്നിരിക്കെ ഈ ആശങ്കക്ക് അടിസ്ഥാനമുണ്ട്. അപ്പോള്‍ പിന്നെ ബി ജെ പിയില്‍ ഇപ്പോള്‍ നടക്കുന്നത് ഒരു കുടുംബ വഴക്ക് മാത്രമായി കണ്ട് നിലപാടെടുക്കുകയാണ് മാധ്യമങ്ങള്‍ക്കും മതേതര പ്രവര്‍ത്തകര്‍ക്കും അനുഗുണമായിട്ടുള്ളത്.