ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം: തീരുമാനം ഹൈക്കമാന്‍ഡിന്

Posted on: June 5, 2013 9:15 pm | Last updated: June 6, 2013 at 9:15 pm
SHARE

oommen chandy and chennithala

തിരുവനന്തപുരം: ആഭ്യന്തര വകുപ്പില്‍ തട്ടി നിര്‍ണായകമായ ചര്‍ച്ചയും വഴിമുട്ടിയതോടെ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച അനിശ്ചിത്വം തുടരുന്നു. ആഭ്യന്തമന്ത്രി പദവിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതോടെ അന്തിമ തീരുമാനത്തിനായി പ്രശ്‌നം വീണ്ടും ഹൈക്കമാന്‍ഡിന് മുന്നിലേക്ക്. ആഭ്യന്തരം നല്‍കാനാകില്ലെന്നും റവന്യൂ, വനം വകുപ്പുകള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും ചെന്നിത്തല വഴങ്ങിയില്ല. ഇതോടെയാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഇന്നലെ നടത്തിയ അവസാനവട്ട ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ രമേശ് ചെന്നിത്തലയെ അറിയിച്ചതായി ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ടാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടതോടെ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന സാധ്യതകള്‍ മങ്ങിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ആഭ്യന്തര വകുപ്പ് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട മുന്‍നിലപാടുകളില്‍ എ, ഐ വിഭാഗങ്ങള്‍ ഉറച്ചുനിന്നതോടെ 25 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്ച അവസാനിപ്പിക്കുകയായിരുന്നു. രമേശ് മന്ത്രിസഭയിലെത്തുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. കൂടിക്കാഴ്ചയെ സംബന്ധിച്ചു കൂടുതല്‍ വിശദീകരിക്കാനും ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. മുഖ്യമന്ത്രി പോയശേഷം ഐ ഗ്രൂപ്പ് നേതാക്കളായ മന്ത്രി വി എസ് ശിവകുമാറും ജോസഫ് വാഴക്കനും കെ പി അനില്‍കുമാറും ഇന്ദിരാ ഭവനിലെത്തി ചെന്നിത്തലയുമായി ചര്‍ച്ച നടത്തി.
അതേസമയം, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. തീരുമാനം ചെന്നിത്തല പറയുമെന്ന് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയശേഷം മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ക്കുശേഷം പുറത്തേക്ക് വന്ന ചെന്നിത്തല പ്രതികരിക്കാന്‍ തയ്യാറായില്ല. കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനെ അറിയിക്കും. പുതിയ സാഹചര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കണമെന്നായിരിക്കും മുഖ്യമന്ത്രി ആവശ്യപ്പെടുക.
രാത്രി 8.30 ഓടെയായിരുന്നു കൂടിക്കാഴ്ച ആരംഭിച്ചത്. ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന എ ഗ്രൂപ്പിന്റെ നിലപാട് ഉമ്മന്‍ ചാണ്ടി ചെന്നിത്തലയെ അറിയിച്ചു. ഉപമുഖ്യമന്ത്രി പദം അനുവദിക്കാനാകില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനവും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ റവന്യൂവും ദേവസ്വവും മറ്റേതെങ്കിലും പ്രധാന വകുപ്പും കൂടി നല്‍കാമെന്ന് ഉമ്മന്‍ ചാണ്ടി അറിയിക്കുകയായിരുന്നു. എന്നാല്‍ ആഭ്യന്തരം ഇല്ലാതെ മന്ത്രിസഭയിലേക്കു വരേണ്ടതില്ലെന്ന ഐ ഗ്രൂപ്പ് തീരുമാനം ചെന്നിത്തല ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. കെ പി സി സി അധ്യക്ഷ സ്ഥാനത്തു തുടരാമെന്നും മന്ത്രിസഭയിലേക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. തുടര്‍ന്ന് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കാമെന്ന് ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടി മടങ്ങുകയായിരുന്നു. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ആയിരുന്നു ചര്‍ച്ചകള്‍ക്കു മധ്യസ്ഥത വഹിച്ചത്. രാവിലെ തന്നെ ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും തങ്കച്ചന്‍ വെവ്വേറെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ ഇരുവിഭാഗവും നിലപാടുകള്‍ തങ്കച്ചനെ അറിയിച്ചു.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് യാതൊരു അയവും വന്നിട്ടില്ലെന്നാണ് ഇന്നത്തെ ചര്‍ച്ചയുടെ ഫലം നല്‍കുന്ന സൂചന.