Connect with us

National

ഉപതിരഞ്ഞെടുപ്പ്: ബീഹാറില്‍ ആര്‍ ജെ ഡി, ഹൗറ തൃണമൂലിന്, ഗുജറാത്തില്‍ ബി ജെ പി

Published

|

Last Updated

പാറ്റ്‌ന/ കൊല്‍ക്കത്ത/ അഹമ്മദാബാദ്/ ലക്‌നോ: ബീഹാര്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ യഥാക്രമം ആര്‍ ജെ ഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി, സമാജ്‌വാദി പാര്‍ട്ടികള്‍ വിജയിച്ചു. ബീഹാറിലെ മഹാരാജ്ഗഞ്ജ് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എയെ അട്ടിമറിച്ച് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദള്‍ മേല്‍ക്കൈ നേടി. നിരന്തര തിരിച്ചടികള്‍ മൂലം തകര്‍ച്ചയുടെ വക്കിലിരിക്കുന്ന ആര്‍ ജെ ഡിക്ക് ജീവന്‍ തിരിച്ചു കിട്ടിയ പ്രതീതിയായിരിക്കുകയാണ് ഈ വിജയം.
ആര്‍ ജെ ഡി നേതാവായിരുന്ന ഉമാശങ്കര്‍ സിംഗിന്റെ വിയോഗത്തെ തുടര്‍ന്നാണ് മഹാരാജ്ഗഞ്ജില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ ആര്‍ ജെ ഡി നേതാവ് പ്രഭുനാഥ് സിംഗ് 31000ല്‍ പരം വോട്ടുകള്‍ക്ക് എന്‍ ഡി എയുടെ പി ഷാഹിയെ തോല്‍പ്പിച്ചു. അതേസമയം കോണ്‍ഗ്രസ് ഇറക്കിയ, ഉമാശങ്കര്‍ സിംഗിന്റെ മകന്‍ ജിതേന്ദ്ര സ്വാമിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി.
ബീഹാറിലെ ജനങ്ങളുടെ വിജയമാണ് ഇതെന്നും നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കും ഭരണത്തിനുമെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. നിതീഷ് കുമാറിന് വന്‍ തിരിച്ചടിയാണ് ഇത്. ജെ ഡി യു സ്ഥാനാര്‍ഥി പി കെ ഷാഹിയുടെ പരാജയമല്ല ഇത്. മറിച്ച് വികസനങ്ങളുടെ പ്രതിഫലമായി സീറ്റ് ചോദിച്ച മുഖ്യമന്ത്രിയുടെ പരാജയമാണ് -ലാലു പറഞ്ഞു.
പശ്ചിമ ബംഗാളിലെ ഹൗറ ലോക്‌സഭാ മണ്ഡലത്തില്‍ സി പി എമ്മും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്. തൃണമൂലിന്റെ പ്രസുന്‍ ബാനര്‍ജി എതിരാളിയായ ശ്രീദിപ് ഭട്ടാചാര്യയെ 27015 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇവിടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയിട്ടില്ല. ചിട്ടിക്കമ്പനി കുംഭകോണത്തില്‍ മുഖം നഷ്ടപ്പെട്ട തൃണമൂല്‍ സര്‍ക്കാറിന് തെല്ലൊരാശ്വാസമായിരിക്കുകയാണ് ഹൗറയിലെ വിജയം. ചിട്ടിക്കമ്പനി തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജനവിധി മമതാ സര്‍ക്കാറിന് എതിരായിരിക്കുമെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. അതേസമയം, നേരിയ ഭൂരിപക്ഷമാണ് തൃണമൂല്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. 2009ല്‍ തൃണമൂല്‍ സ്ഥാനാര്‍ഥി 37000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. ഹൗറയിലെ സ്ഥാനാര്‍ഥിയെ ബി ജെ പി പിന്‍വലിച്ചിരുന്നു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമത എന്‍ ഡി എയുമായി സഹകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തിയേറ്റുന്നതായിരുന്നു ഇത്.
ഗുജറാത്തില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും അഞ്ച് നിയമസഭാ മണ്ഡലങ്ങളും കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പി പിടിച്ചെടുത്തു. ബണസ്‌കന്ത, പോര്‍ബന്തര്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും ലിമാദി, മോര്‍വ ഹദാഫ്, ജെത്പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ് ബി ജെ പി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
ഉത്തര്‍പ്രദേശിലെ ഹാന്ദിയ നിയമസഭാ മണ്ഡലം സമാജ്‌വാദി പാര്‍ട്ടി നിലനിര്‍ത്തി. 26,000ത്തിലേറെ വോട്ടുകള്‍ക്കാണ് ബി എസ് പി സ്ഥാനാര്‍ഥിയെ എസ് പിയുടെ പ്രശാന്ത് കുമാര്‍ സിംഗ് പരാജയപ്പെടുത്തിയത്. ഹാന്ദിയയില്‍ എം എല്‍ എയായിരുന്ന മഹേഷ് നാരായണ്‍ സിംഗ് കഴിഞ്ഞ ഫെബ്രുവരിയില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. മഹേഷ് നാരായണിന്റെ മകനാണ് 26കാരനായ പ്രശാന്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി മൂന്നാമതായിരുന്നു.

---- facebook comment plugin here -----

Latest