ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു

Posted on: June 5, 2013 2:21 pm | Last updated: June 5, 2013 at 9:15 pm
SHARE

lonappan

 

കൊച്ചി: മുന്‍മന്ത്രിയും എം പിയുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖം പിടിപെട്ട് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ 3 മണിക്ക് മൃതദേഹം പേരാമ്പ്ര സെന്റ് ആന്റണീസ് സെമിത്തേരിയില്‍. രണ്ടുതവണ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു നമ്പാടന്‍ മാഷ്. കേരളാകോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച നമ്പാടന്‍ മാഷ് പിന്നീട് സി പി എമ്മില്‍ എത്തി. ജനപ്രതിനി എന്നതിന് പുറമെ അധ്യാപകന്‍, കര്‍ഷകന്‍, സമുദായ നേതാവ് എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടു. 1965ലാണ് നിയമസഭയിലേക്ക് അദ്ദേഹം ആദ്യമായി മത്സരിച്ചത്. എന്നാല്‍ ഇതില്‍ അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് 1977ല്‍ കൊടകരയില്‍ നിന്നു തന്നെ മത്സരിച്ച് നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 1981 ല്‍ നിലവില്‍ വന്ന കരുണാകരന്‍ സര്‍ക്കാറിനും അന്നത്തെ പ്രതിപക്ഷത്തിനും തുല്യമായ അംഗബമായിരുന്നു നിയമസഭയില്‍. അന്ന് കാസ്റ്റിംഗ് വോട്ട് നമ്പാടന്‍ മാഷ് കരുണാകരന്‍ മന്ത്രിസഭക്കെതിരെ ഉപയോഗിച്ചു. ഇതിന്റെ ഫലമായി മന്ത്രിസഭ നിലംപൊത്തി. അതിന് ശേഷം ഇടതുപക്ഷവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പിന്നീട് നാലുതവണ ഇരിങ്ങാലക്കുടയില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. 1982, 87, 91, 96 എന്നീ വര്‍ഷങ്ങളിലായിരുന്നു അദ്ദേഹം ജയിച്ചിരുന്നത്. 2001ല്‍ കൊടകരയില്‍ നിന്നും മത്സരിച്ചുതോറ്റു.

പിന്നീട് 2004ല്‍ മുകുന്ദപുരത്തുനിന്ന് സി പി എം സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ച അദ്ദേഹം 1,1700 വോട്ടുകള്‍ക്ക് പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തി.

സ്വതസിദ്ധമായ നര്‍മോക്തിയായിരുന്നു അദ്ദേഹത്തിന്റെ ആകര്‍ഷണീയത. നിയമസഭയില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രണ്ട് വിധം നേതാക്കളായിരുന്നു ഉണ്ടായിരുന്നത്. ‘കഞ്ഞി’കളും ‘ കോഴി’കളും. അതായത് കഞ്ഞി കുടിച്ച് നടക്കുന്ന മാതൃകാ അംഗങ്ങളും കോഴി തിന്നുന്ന ധൂര്‍ത്തന്‍മാരായ അംഗങ്ങളും ഉള്ളതായിരുന്നു നിയമസഭ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എല്ലാവര്‍ക്കും സ്വീകാര്യനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഉറച്ച ദൈവവിശ്വാസിയായിരുന്ന അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത് സഞ്ചരിക്കുന്ന ദൈവവിശ്വാസി എന്നായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരും അത് തന്നെയാണ്, ‘സഞ്ചരിക്കുന്ന വിശ്വാസി’. വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം സംശുദ്ധ രാഷ്ട്രീയത്തിന് ഉത്തമോദാഹരണമായിരുന്നു.