ജപ്പാന്‍ ഫസ്റ്റടിച്ചു !

Posted on: June 5, 2013 7:41 am | Last updated: June 5, 2013 at 7:45 am
SHARE

footballസെയ്താമ(ജപ്പാന്‍): ഏഷ്യന്‍ ഫുട്‌ബോളിലെ ചാമ്പ്യന്‍മാരായ ജപ്പാന്‍ 2014 ഫിഫ ലോകകപ്പിന് യോഗ്യത നേടി. ഏഷ്യന്‍ ക്വാളിഫൈയിംഗ് ഗ്രൂപ്പ് ബിയില്‍ ആസ്‌ത്രേലിയക്കെതിരെ 1-1ന് സമനില നേടിയ ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീലില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ടിക്കറ്റെടുത്തു. യോഗ്യതാ റൗണ്ടിലൂടെ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീം എന്ന ഖ്യാതിയും ജപ്പാന്‍ സ്വന്തമാക്കി. ബ്രസീല്‍ ആതിഥേയര്‍ എന്ന നിലക്കാണ് യോഗ്യത നേടിയത്. ഏഴ് മത്സരങ്ങളില്‍ പതിനാല് പോയിന്റോടെ ബി ഗ്രൂപ്പില്‍ മുന്നിലെത്തിയാണ് ജപ്പാന്‍ സ്ഥാനമുറപ്പിച്ചത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടുമെന്നിരിക്കെ ഏഴ് പോയിന്റ് വ്യത്യാസത്തിലാണ് ജപ്പാന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആറ് മത്സരങ്ങളില്‍ ഏഴ് പോയിന്റ് വീതമുള്ള ആസ്‌ത്രേലിയയും ജോര്‍ദാനും രണ്ടാം സ്ഥാനത്തിനായി മത്സരിക്കുന്നു. ഗോള്‍ ശരാശരിയിലെ മുന്‍തൂക്കത്തില്‍ ആസ്‌ത്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഒമാന്‍ നാലാം സ്ഥാനത്തും അഞ്ച് മത്സരങ്ങളില്‍ അഞ്ച് പോയിന്റുള്ള ഇറാഖ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.
ഗ്രൂപ്പ് എ യില്‍ ആറ് മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുള്ള ഉസ്‌ബെക്കിസ്ഥാനാണ് ഒന്നാംസ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി ദക്ഷിണകൊറിയ രണ്ടാമതും അഞ്ച് മത്സരങ്ങളില്‍ ഏഴ് പോയിന്റോടെ ഇറാന്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. ആറ് മത്സരങ്ങളില്‍ ഏഴ് പോയിന്റുള്ള ഖത്തര്‍ ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റുള്ള ലെബനന്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍.
സെയ്താമയില്‍ ജപ്പാനായിരുന്നു മേധാവിത്വം. എണ്‍പത്തിരണ്ടാം മിനുട്ടില്‍ ടോമി ഓറിന്റെ ഗോളില്‍ ആസ്‌ത്രേലിയ ലീഡെടുത്തത് ഒഴുക്കിന് വിപരീതമായിട്ടായിരുന്നു. സ്റ്റോപ്പേജ് ടൈമില്‍ പെനാല്‍റ്റിയിലൂടെയാണ് ജപ്പാന്‍ ആവേശജയം സ്വന്തമാക്കിയത്. കെയ്‌സുകെ ഹോണ്ടയെടുത്ത കിക്ക് പാഴായിരുന്നെങ്കില്‍ ജപ്പാന്റെ ലോകകപ്പ് യോഗ്യത അടുത്ത മത്സരം വരെ നീളുമായിരുന്നു. ഹോണ്ടയുടെ ഇടങ്കാലനടി ആസ്‌ത്രേലിയന്‍ ഗോളി മാര്‍ക് ഷ്വാര്‍സറെ കീഴടക്കി. ആദ്യ പകുതിയില്‍ ഇരുടീമുകളും തുടരെ അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, മധ്യഭാഗത്ത് കുറേക്കൂടി ആധിപത്യം ജപ്പാനായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഷിന്‍ജി കഗാവയുടെ ഷോട്ടായിരുന്നു ആദ്യ പകുതിയില്‍ ജപ്പാന്റെ സുവര്‍ണാവസരം. ഗോളി ഷ്വാര്‍സര്‍ വലത് ഭാഗത്തേക്ക് ഡൈവ് ചെയ്ത് തടുക്കുകയായിരുന്നു കഗാവയുടെ ഗോള്‍ശ്രമം.
ബ്രെറ്റ് ഹോള്‍മാന്റെ പാസില്‍ റോബി ക്രൂസിന്റെ ഷോട്ടിലൂടെ ആസ്‌ത്രേലിയ മറുപടി കൊടുത്തു. ജപ്പാന്‍ ഗോളി ഇജി കവാഷിമ പന്ത് കുത്തിയകറ്റിയതോടെ അപകടവും അകന്നു.
ആദ്യ ഇരുപത് മിനുട്ടില്‍ ജപ്പാന്റെ അതിവേഗത്തിലുള്ള പാസുകള്‍ ആസ്‌ത്രേലിയന്‍ പ്രതിരോധത്തെ വെള്ളംകുടിപ്പിച്ചു. സെന്റര്‍ ഡിഫന്‍സില്‍ ക്യാപ്റ്റന്‍ ലുകാസ് നീലിനൊപ്പം വെറ്ററന്‍ സാസ ഓഗ്നെവോസ്‌കിയെ പരീക്ഷിച്ചത് സോക്കറൂസിന് ഗുണം ചെയ്തു. ജപ്പാന്റെ അപകടകരമായ നീക്കങ്ങള്‍ക്ക് തടയിടാന്‍ ഈ പരിചയ സമ്പന്നന് സാധിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലും ജപ്പാന്‍ ആക്രമിച്ചു കളിച്ചു.
അറുപതാം മിനുട്ടില്‍ കഗാവയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. എണ്‍പതാം മിനുട്ടില്‍ യുടോ നഗാമാറ്റോ സുവര്‍ണാവസരം പാഴാക്കി. ആസ്‌ത്രേലിയയും നിരവധി അവസരങ്ങള്‍ പാഴാക്കി. അവര്‍ നേടിയ ഗോള്‍ ജപ്പാന്‍ ഗോളി കവാഷിമയുടെ പിഴവില്‍ നിന്നായിരുന്നു.

പ്രതിഷേധത്തിനിടെ ഇസ്‌റാഈലില്‍
ഇന്ന് കിക്കോഫ്
ടെല്‍അവീവ്: യുവേഫ അണ്ടര്‍ 21 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കിക്കോഫ്. ഇതാദ്യമായി ഇസ്രാഈലാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. പതിനെട്ടിനാണ് ഫൈനല്‍. ടെല്‍ അവിവ്, നെതാന്യ, പെറ-ടിവ എന്നിവിടങ്ങളിലാണ് വേദി. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഇംഗ്ലണ്ട്, ഇറ്റലി, നോര്‍വെ, ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഹോളണ്ട് ടീമുകള്‍ക്കൊപ്പം ആതിഥേയ രാഷ്ട്രവും ടീമിനെ പങ്കെടുപ്പിക്കും. 2007 ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇസ്രാഈലിന് ഇത് രണ്ടാമൂഴമാണ്. ടൂര്‍ണമെന്റ് ഇസ്രാഈലില്‍ നടത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. ദക്ഷിണാഫ്രിക്കന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഡെസ്മുണ്ട് ടുട്ടു യുവേഫയുടെ നടപടിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. മാലി ഫുട്‌ബോളര്‍ ഫ്രെഡറിക് കാനോട്ടും യുവേഫയെ വിമര്‍ശിച്ചു. ഫലസ്തീനിയെ സ്റ്റേഡിയങ്ങള്‍ തകര്‍ത്ത ഇസ്രാഈലിന് യൂറോപ്യന്‍ ഫുട്‌ബോള്‍ ബോഡി അനുകൂലമായി നില്‍ക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.