യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ്; ജില്ലയില്‍ എ ഗ്രൂപ്പിന് ആധിപത്യം

Posted on: June 5, 2013 12:35 am | Last updated: June 5, 2013 at 12:35 am
SHARE

മലപ്പുറം: കഴിഞ്ഞ രണ്ട് ദിവസമായി നടന്ന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എ ഗ്രൂപ്പിന് ആധിപത്യം. 16 മണ്ഡലങ്ങളില്‍ പത്തിടത്തും എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ഐ ഗ്രൂപ്പിന് ആറിടത്ത് മാത്രമാണ് വിജയിക്കാനായത്. എന്നാല്‍ ലോക്‌സഭാ മണ്ഡലമായ മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പ് തിരിച്ചു പിടിച്ചു. മലപ്പുറത്തും തിരൂരിലുമായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. 
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍പെടുന്ന ഏഴു നിയോജക മണ്ഡലങ്ങളില്‍ നാലെണ്ണം എ ഗ്രൂപ്പ് നേടി. മലപ്പുറം, വള്ളിക്കുന്ന്, വേങ്ങര, കൊണ്ടോട്ടി എന്നിവയാണിവ. മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട എന്നിവിടങ്ങളില്‍ ഐ ഗ്രൂപ്പിനാണു വിജയം. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിനു കീഴിലുള്ള പൊന്നാനി, തവനൂര്‍, തൃത്താല, കോട്ടക്കല്‍ നിയമസഭാ മണ്ഡലങ്ങള്‍ ഐ ഗ്രൂപ്പിനാണ്. താനൂര്‍, തിരൂര്‍, തിരൂരങ്ങാടി എന്നിവ എ ഗ്രൂപ്പ് നേടി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍പെടുന്ന ജില്ലയിലെ മണ്ഡലങ്ങളായ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നിവയില്‍ എ ഗ്രൂപ്പിനാണ് വിജയം. കെ എസ് യു മുന്‍ജില്ലാ പ്രസിഡന്റും യുവജനക്ഷേമ ബോര്‍ഡംഗവുമായ റിയാസ് മുക്കോളിയാണ് മലപ്പുറം ലോക്‌സഭ പ്രസിഡന്റ്. മധു തൃത്താലയെ പൊന്നാനി ലോക്‌സഭാ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തു.
ഓരോ നിയോജക മണ്ഡലത്തിലും പ്രസിഡന്റായി തെരഞ്ഞെടുത്തവര്‍: മലപ്പുറം: പി കെ നൗഫല്‍ ബാബു, മഞ്ചേരി: കെ സജാദ്ബാബു, കൊണ്ടോട്ടി: ജൈസല്‍ എളമരം, വേങ്ങര: നാസര്‍ പറപ്പൂര്‍, പെരിന്തല്‍മണ്ണ: ഹാരിസ്, മങ്കട: ഉമ്മര്‍ ചോലയില്‍, വള്ളിക്കുന്ന്: നിധീഷ്, പൊന്നാനി: നവാസ് സെല്‍ടെക്, തവനൂര്‍: അനീഷ്. കോട്ടക്കല്‍: ഷഹീന്‍, തൃത്താല: ജസീര്‍ മുണ്ടേക്കോട്, വണ്ടൂര്‍-ശിഹാബുദ്ദീന്‍, താനൂര്‍: ഷാജി, തിരൂര്‍: യാസര്‍, തിരൂരങ്ങാടി: അനീസ്, നിലമ്പൂര്‍: മുജീബ്, ഏറനാട്: സൈഫുദ്ദീന്‍.