കാരാപ്പുഴ കനാല്‍ നിര്‍മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കാന്‍ കോടതി ഉത്തരവ്

Posted on: June 5, 2013 12:32 am | Last updated: June 5, 2013 at 12:32 am
SHARE

കല്‍പ്പറ്റ: കാരാപ്പുഴ പദ്ധതി യുടെ ഇടതുകര കനാല്‍ നിര്‍മാണത്തിലെ അഴിമതിയും ക്രമക്കേടും പോലീസ് വിജിലന്‍സ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവായി. വയനാട് വിജിലന്‍സ് ഡി വൈ എസ് പിയെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. തൃക്കൈപ്പറ്റ കെ കെ ജംഗ്ഷനില്‍ കീരിമോളയില്‍ കെ എ ജോസ് സമര്‍പ്പിച്ച പരാതിയിലാണ് വിജിലന്‍സ് കോടതി ഉത്തരവ്. കാരാപ്പുഴ പദ്ധതിയുടെ ഇടതുകര കനാല്‍കൊണ്ട് ഗുണമുണ്ടായില്ലെന്ന് മാത്രമല്ല, കര്‍ഷകര്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ജോസിന്റെ പരാതി. ഈ ജലസേചന പദ്ധതിയുടെ ഇടതുകര കനാല്‍ ചോര്‍ന്ന് കരഭൂമിയില്‍ വീഴുന്നതിനാല്‍ ഭൂമി കൃഷിയോഗ്യമല്ലാതായെന്ന് നേരത്തെ മുതല്‍ കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. ഭൂമി നിരപ്പില്‍ നിന്ന് അല്‍പം പോലും ഉയര്‍ത്താതെ മണ്ണില്‍ കമ്പികെട്ടി കൗണ്‍ക്രീറ്റ് ചെയ്തതിന്റെ ചിത്രങ്ങളും ഹരജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. ഈ ഭാഗത്ത് കരഭൂമിയാകെ ചതുപ്പായിട്ടുണ്ട്. കൂടാതെ അല്‍പം ഉയരത്തില്‍ കനാല്‍ കടന്നുപോകുന്ന കെ.കെ ജംഗ്ഷനില്‍ വ്യാപകമായ ചോര്‍ച്ചയും ഉണ്ട്. നിരന്തരമായി വെള്ളം കരഭൂമിയില്‍ വീഴുന്നതിനാല്‍ ഈ സ്ഥലം ഇപ്പോള്‍ ചതുപ്പുനിലമായി മാറി. ഈ ഭാഗത്ത് കൃഷിയിറക്കുവാനോ വീടു നിര്‍മ്മിക്കുവാനോ കഴിയുന്നില്ല. പ്രവൃത്തിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഇത് പരിഹരിക്കാന്‍ കാരാപ്പുഴ പദ്ധതി അധികൃതര്‍ക്കും സര്‍ക്കാറിനും നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഹരജിക്കാരനായ ജോസിന്റെ 1.23 ഏക്കര്‍ കൃഷിയിടം പൂര്‍ണണായും കൃഷിയോഗ്യമല്ലാതായി. ജോസിന്റെ അനുജന്‍ കെ.എ തോമസിന്റെ സ്ഥലവും ഇതേ അവസ്ഥയിലാണ്. ഈ പ്രദേശത്ത് നിരവധി കര്‍ഷകര്‍ കാരാപ്പുഴ കനാലിലെ ചോര്‍ച്ച മൂലം ദുരിതം അനുഭവിക്കുകയാണ്. കൃഷിയോഗ്യമല്ലാതാവുകയും വീട് വെയ്ക്കാന്‍ കഴിയാതാവുകയും ചെയ്തതോടെ ഭൂമി വിറ്റ് മറ്റെവിടേയ്‌ക്കെങ്കിലും പോവാനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. കാരാപ്പുഴ ഇടതുകര കനാല്‍ പള്ളിക്കുന്ന് ഭാഗത്ത് കൃഷിക്ക് വെള്ളം എത്തിക്കുന്നതിനായാണ് നിര്‍മ്മിച്ചിട്ടുള്ളത്. തൃക്കൈപ്പറ്റ കെ കെ ജംഗ്ഷന്‍ പരിസരത്ത് 30 ഏക്കറോളം സ്ഥലം കൃഷിയിറക്കാന്‍ കനാലിലെ വെള്ളം ഉപയോഗിക്കുന്നു എന്നാണ് കാരാപ്പുഴ പ്രോജക്ടിലെ ഔദ്യോഗിക കണക്ക്. എന്നാല്‍ തൃക്കൈപ്പറ്റ കെ കെ ജംഗ്ഷന്‍ ഭാഗത്ത് ഒരേക്കര്‍ കുഷിഭൂമിയില്‍ പോലും കാരാപ്പുഴയിലെ വെള്ളം ജലസേചനത്തിനായി ലഭിക്കുന്നില്ല. കനാലിലൂടെ ഒഴുകുന്ന വെള്ളം ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനു മുന്‍പു തന്നെ വിള്ളലുകള്‍ വഴി ചോര്‍ന്നു പോകുകയാണ്. ഫലത്തില്‍ കനാല്‍ കൊണ്ട് ആര്‍ക്കും ഗുണം ലഭിക്കുന്നില്ല.പൊതുഖജനാവിലെ പണം കരാറുകാരും ഉദ്യോഗസ്ഥരും തട്ടിയെടുക്കുകയായിരുന്നു. നിര്‍മ്മാണത്തിലെ ക്രമക്കേട് മൂലമാണ് കനാല്‍ ഇത്തരത്തില്‍ വ്യാപകമായി ചോരുന്നതെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡി വൈ എസ് പിക്ക് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.