വേ ബ്രിഡ്ജ് ഇല്ല; അതിര്‍ത്തിയിലെ ചെക് പോസ്റ്റ് വഴി അധികൃത ചരക്ക് കടത്ത് തുടരുന്നു

Posted on: June 5, 2013 12:18 am | Last updated: June 5, 2013 at 12:18 am
SHARE

കൊല്ലങ്കോട്: ചെമ്മണാംപതിയില്‍ വേ ബ്രിഡ്ജിന് നടപടിയായില്ല; സംസ്ഥാന അതിര്‍ത്തിയിലെ ചെക് പോസ്റ്റിലൂടെ ‘അനധികൃത കടത്ത് തുടരുന്നു. തമിഴ്‌നാടിനോട് ചേര്‍ന്നുള്ള ചെമ്മണാംപതി ചെക്‌പോസ്റ്റ് വഴി സിമന്റ്, എം സാന്‍ഡ് മണല്‍, കളിമണ്ണ് എന്നിവ സംസ്ഥാനത്തേക്കു കൊണ്ടു വരുന്നത് അനുവദിക്കപ്പെട്ട ഭാരത്തിലും കൂടുതല്‍ കയറ്റിയാണ്. ഇവിടത്തെ വാണിജ്യ നികുതി ചെക്‌പോസ്റ്റുമായി ബന്ധപ്പെട്ട് വേബ്രിഡ്ജ് ഇല്ലാത്തതിനാല്‍ വരുന്ന ചരക്ക് ലോറികളുടെ ഭാരം പരിശോധിക്കുന്നതിന് സംവിധാനമില്ല. ഇതു മുതലെടുത്താണ് അമിതഭാരം കയറ്റി നൂറ് കണക്കിന് വന്‍ ചരക്ക് ലോറികള്‍ പ്രതിദിനം ഇതുവഴി കടന്നുപോവുന്നത്.
അനുവദിക്കപ്പെട്ട ഭാരത്തിന്റെ നികുതിയടച്ച് കൊണ്ടു വരുന്നതും വേ ബ്രിഡ്ജ് ഇല്ലാത്തതും കാരണം ഈ വണ്ടികളില്‍മേല്‍ കാര്യമായ പരിശോധനകള്‍ ഉണ്ടാവാറില്ലെന്നും പറയുന്നു. തമിഴ്‌നാടിലെ ഡാല്‍മിയാപുരം, ഐരാപുരം എന്നിവിടങ്ങളില്‍ നിന്നും കയറ്റി വരുന്ന സിമന്റിനു അനുവദിക്കപ്പെട്ട ഭാരം 16 ടണ്‍ ആണെങ്കിലും 25 മുതല്‍ 30 വരെ ടണ്‍ സിമന്റാണ് ലോറികളില്‍ കടത്തുന്നത്. പഴനിയില്‍ നിന്നും സംസ്ഥാനത്തേ ക്കു കടത്തുന്ന കളിമണ്ണ് 12-15 ടണ്‍ അനുവദനീയമെങ്കിലും 20-24 ടണ്‍ കളി മണ്ണാണ് ഒരു ലോറിയില്‍ സംസ്ഥാനത്തേയ്ക്കു വരുന്നത്. നാല് ടണ്‍ അനുവദിക്കപ്പെട്ട സ്ഥാനത്തു ഇരട്ടിയോളം ടണ്‍ കയറ്റിയാണു എം സാന്‍ഡ് മണല്‍ സംസ്ഥാനത്തേക്ക് വരുന്നത്.
ചെമ്മണാംപതി അതിര്‍ത്തിയില്‍ വാണിജ്യ നികുതി വകുപ്പ്, എക്‌സൈസ്,കന്നുകാലി എന്നിവയുടെ ചെക്‌പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വാണിജ്യ നികുതി വകുപ്പു നടത്തുന്ന പരിശോധനയില്‍ മിനിമം നികുതി അടച്ച രേഖകള്‍ കാണിച്ചാണ് സംസ്ഥാനത്തേയ്ക്കു കടക്കുന്നത്. എന്നാല്‍ ഇരട്ടി ഭാരം കയറ്റി വരുന്നതിലൂടെ വന്‍ നികുതി ചോര്‍ച്ചയാണു സംഭവിക്കുന്നത്.
ഒരു ദിവസം 25-30 സിമന്റ് ലോറികളും 15-20 എം —സാന്‍ഡ് മണല്‍ ലോറികളും 25-30 കളിമണ്‍ ലോറികളും വരുന്നുണ്ട്. വേ ബ്രിഡ്ജിന്റെ അഭാവവും കാര്യമായ പരിശോധനയ്ക്കിടയില്ലെന്ന സ്ഥിതിയാണു ചെമ്മണാംപതി വഴി തിരഞ്ഞെടുക്കുന്നതിനു കടത്തു സംഘങ്ങളെ പ്രേരിപ്പിക്കുന്നത്. ആദ്യം ഇത് വഴി രാത്രി മാത്രമാണ് ചരക്കു ലോറികള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ രാപകല്‍ വ്യത്യാസമില്ലാതെ ഇതു വഴി സിമന്റ്, മണല്‍, കളി മണ്ണു ലോറികള്‍ കടന്നുവരുന്നുണ്ട്.