പറപ്പൂരില്‍ വീണ്ടും മണല്‍കൊള്ള സജീവം

Posted on: June 5, 2013 12:17 am | Last updated: June 5, 2013 at 12:17 am
SHARE

വേങ്ങര: ഇടവേളക്ക് ശേഷം പറപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കടലുണ്ടിപ്പുഴയില്‍ മണല്‍കടത്ത് സജീവമായി. മണല്‍കടത്ത് തടയാന്‍ വേങ്ങര പോലീസ് നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കുടിവെള്ളക്ഷാമം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ സമിതികള്‍ ചേര്‍ന്നാണ് ഇതുവരെ മണല്‍കടത്ത് തടഞ്ഞിരുന്നത്. പറപ്പൂര്‍ വട്ടപ്പറമ്പ്, പുഴച്ചാല്‍, പാറക്കടവ് എന്നിവിടങ്ങളിലാണ് സമിതികള്‍ രൂപവത്കരിച്ചിരുന്നത്. കുടിവെള്ളക്ഷാമത്തിന് മണല്‍ കടത്തിന്റെ പങ്ക് മണലെടുപ്പുകാര്‍ക്കിടയില്‍ ബോധവത്കരിച്ചതിനെ തുടര്‍ന്നാണ് രണ്ടരമാസക്കാലം മണലെടുപ്പ് പൂര്‍ണമായും നിലച്ചിരുന്നത്. പുഴച്ചാലിന് താഴ്ഭാഗത്താണിപ്പോള്‍ തോണി ഉപയോഗിച്ച് വന്‍ തോതില്‍ മണലെടുപ്പ് ആരംഭിച്ചിരിക്കുന്നത്. പാറക്കടവിലും മണലെടുപ്പ് സജീവമായിട്ടുണ്ട്. ഇവിടെ മണലെടുപ്പിനെ ചൊല്ലി മാഫിയയും നാട്ടുകാരും തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാവുകയും ഇരുവിഭാഗവും കേസുമായി രംഗത്തുവന്നതോടെ വേങ്ങര എസ് ഐയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. ശേഷം ഇവിടെയുള്ള മണല്‍ നിരവധി തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടപ്പോഴാണ് അധികൃതര്‍ ഒഴിവാക്കിയത്. കാലവര്‍ഷം സജീവമാകുകയും വീണ്ടും മണലെടുപ്പ് ആരംഭിക്കുകയും ചെയ്തത് സമീപത്തെ വീട്ടുകാര്‍ക്കും ഭീഷണിയായി മാറിയിട്ടുണ്ട്. പുഴയോരം വന്‍തോതില്‍ കരയിടിച്ചില്‍ ഭീഷണിയിലാണ്.