തിരൂര്‍-പൊന്നാനി പുഴ നാശത്തിലേക്ക്

Posted on: June 5, 2013 12:13 am | Last updated: June 5, 2013 at 12:13 am
SHARE

തിരൂര്‍: മലിന ജലവും പേറി മത്സ്യ സമ്പത്തുകളുടെ നാശവും കണ്ട് തിരൂര്‍-പൊന്നാനി പുഴ ഒഴുകാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പുഴയുടെ ശുദ്ധീകരണത്തിനും സംരക്ഷണത്തിനുമായി ലക്ഷങ്ങള്‍ പാസായെന്ന അറിയിപ്പ് കേള്‍ക്കുകയല്ലാതെ അത് പ്രായോഗിക തലത്തില്‍ കൊണ്ടു വരുന്നതിന് അധികൃതര്‍ ശ്രമിക്കാത്തത് പുഴയുടെ നാശത്തിന് ആക്കം കൂട്ടുകയാണ്. ഇന്നലെ രാവിലെ മുതല്‍ പുഴ വീണ്ടും കറുത്തിരുണ്ട് ദുര്‍ഗന്ധം വമിച്ചാണ് ഒഴുകുന്നത്. പലയിടത്തും മത്സ്യങ്ങളും ചത്തുപൊന്തിയിട്ടുണ്ട്. മഴ തുടങ്ങിയിട്ടും പുഴയുടെ ശോച്യാവസ്ഥക്ക് മാറ്റം വരാത്തത് നാട്ടുകാരിലും ആശ്ചര്യമുളവാക്കി. പുഴയിലെ ജലം മലിനമായതോടെ പരിസരത്തുള്ള വീട്ടുകാരും ആശങ്കയിലാണ്. കുടിവെള്ള സ്രോതസുകളിലേക്ക് ഈ മലിനജലം ഒഴുകിയെത്തുന്നത് രോഗഭീതി പടര്‍ത്തുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പെരുകുന്ന ഇക്കാലത്ത് പോലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചിട്ടില്ല. മണിക്കൂറുകള്‍ കഴിയുന്നതിനനുസരിച്ച് പുഴയുടെ സ്വാഭാവിക രൂപം മാറിക്കൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് ഇത്തരം സംഭവം ആദ്യമായി കണ്ടത്.പതിനായിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊന്തുകയും പുഴയുടെ അടുത്തേക്ക് പോലും ആര്‍ക്കും വരാന്‍ കഴിയാത്തവിധം ദുര്‍ഗന്ധപൂരിതമാകുകയും ചെയ്തിരുന്നു. അന്ന് ഏറെ കോലാഹലങ്ങള്‍ ഉണ്ടാകുകയും പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇത് കണ്ടെത്താന്‍ ക്യാമറയും സ്ഥാപിക്കുമെന്നൊക്കെ അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. വാഗ്ദാനങ്ങളെല്ലാം ഒലിച്ചു പോകുകയും പുഴ വീണ്ടും കറുത്തിരുണ്ട് ഒഴുകുകയും ചെയ്യുന്നു.