Connect with us

Kannur

പോസ്റ്റര്‍ പതിച്ചതിന് അറസ്റ്റ് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം പോലീസ് തടഞ്ഞു

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ ഡി വൈ എസ് പി. പി സുകുമാരന്‍ വര്‍ഗീയവാദിയാണെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പോസ്റ്റര്‍ പതിച്ചതിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പോസ്റ്റര്‍ പതിച്ചുകൊണ്ട് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഡിവിഷന്‍ നേതാക്കളുള്‍പ്പെടെ 75ഓളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. 
കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പരിസരത്ത് നിന്നാണ് മാര്‍ച്ചാരംഭിച്ചത്. റോഡിന്റെ ഇരുവശങ്ങളിലും ഡി വൈ എസ് പിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റര്‍ പതിച്ച് കൊണ്ടാണ് പ്രകടനം നീങ്ങിയത്. നഗരസഭാ ഓഫീസിന് സമീപം വെച്ച് കണ്ണൂര്‍ സി ഐ. പി വിനോദ്കുമാര്‍, ടൗണ്‍ എസ് ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം മാര്‍ച്ച് തടയാനെത്തിയിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ അല്‍പസമയം റോഡില്‍ കുത്തിയിരുന്ന് പ്രകടനം വിളിച്ചു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഡിവിഷന്‍ നേതാക്കളായ അഫ്‌സല്‍ കക്കാട്, ബി ഹാഷിം, ലുക്മാന്‍, ജാബിര്‍ പാപ്പിനിശ്ശേരി, ജംഷി പൊയ്ത്തുംകടവ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. നാറാത്ത് സംഭവവുമായി ബന്ധപ്പെട്ട് ഡി വൈ എസ് പി. പി സുകുമാരന്റെ നിലപാട് വര്‍ഗീയമാണെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഡി വൈ എസ് പിക്കെതിരെ പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മാര്‍ച്ച് നടത്തിയത്.