Connect with us

Kannur

പനി പടരുന്നു; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

കണ്ണൂര്‍: മഴ തുടങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴേക്കും ജില്ലയില്‍ പനിബാധിതരുടെ എണ്ണം ക്രമാതീതമായി കൂടി. ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയെത്തിയവര്‍ 812 പേരാണ്. മലയോര മേഖലയിലുള്ളവരാണ് ഇവരില്‍ ഏറെ പേരും. ഇന്നലെ ജില്ലാ ആശുപത്രിയില്‍ പനി ബാധിച്ചെത്തിയവരില്‍ ഒന്ന് വീതം ആളുകള്‍ക്ക് ഡെങ്കി പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ജില്ലയില്‍ ഡെങ്കിപനി ബാധിതരുടെ എണ്ണം 98 ആയി. അഞ്ചുമാസത്തിനിടെ 70,585 പേര്‍ക്ക് ജില്ലയില്‍ പനി ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. 
പെരിങ്ങോം, പേരാവൂര്‍, ആലക്കോട് മേഖലയില്‍നിന്നാണ് പ്രധാനമായും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാലിന്യ നിര്‍മാര്‍ജനത്തില്‍ വന്ന പാളിച്ചയാണ് ഡെങ്കിപനി പടരാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഞ്ഞപ്പിത്തം, വയറിളക്കം, ചര്‍ദ്ദി തുടങ്ങിയ രോഗങ്ങളും പടരുന്നുണ്ട്. ആലക്കോട് ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. പെരിങ്ങോം-വയക്കര പഞ്ചായത്തിലെ ഏണ്ടി, കടുക്കാര, ചെറുപുഴ പഞ്ചായത്തിലെ കക്കോട്, എയ്യങ്കള്ളി, തിരുമേനി എന്നിവിടങ്ങളില്‍ പനി വ്യാപകമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളാട് പ്രദേശത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മാലൂര്‍, തോലേമ്പ്ര ഭാഗങ്ങളില്‍ പനിയും ശിവപുരം മേഖലയില്‍ മഞ്ഞപിത്തവും വ്യാപകമാണ്.
ചക്കരക്കല്‍, അഞ്ചരക്കണ്ടി, പനയത്താംപറമ്പ്, ചേലോറ, ചെമ്പിലോട് ഭാഗങ്ങളില്‍ പകര്‍ച്ചപ്പനിക്കാരുടെ എണ്ണം കൂടുന്നുണ്ട്. തദ്ദേശ വകുപ്പ് മാലിന്യ നിര്‍മാര്‍ജന രംഗത്ത് വേണ്ടത്ര ജാഗ്രത പാലിക്കാത്തതാണ് പനി പടരാന്‍ കാരണം. ഉറവിട നശീകരണവും മറ്റും നടത്താത്തതിനാല്‍ കൊതുക് കൂത്താടികള്‍ വളര്‍ന്ന് രോഗം പരത്തുകയാണ്. അതിനിടെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലയോര മേഖലകളില്‍ ഡി എം ഒ. ഡോ. ആര്‍ രമേഷ് സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കൊതുക് ഉറവിട നിശികരണം, ബോധവത്കരണം, എന്നിവ നടത്താനും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കാകരമായ സ്ഥിതി കണ്ണൂരിലില്ലെന്നും പകര്‍ച്ചപ്പനി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്നും ഡി എം ഒ പറഞ്ഞു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വേണ്ടത്ര മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. ഡോക്ടര്‍ ക്ഷാമം പരിഹരിക്കാന്‍ 40 ഡോക്ടര്‍മാരെ താത്കാലികമായി നിയമിച്ചു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പനി പ്രതിരോധത്തിനുള്ള ഫണ്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫോഗിംഗ് ഉള്‍പ്പെടെയുള്ള നടപടികളും പുരോഗമിച്ച് വരുന്നുണ്ടെന്ന് ആരോഗ്യവകുപ്പധികൃതര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest