‘കടുവ’ക്കരുത്തിന്റെ മൂന്നാമൂഴം; നവാസ് സത്യപ്രതിജ്ഞ ചെയ്തു

Posted on: June 5, 2013 10:30 pm | Last updated: June 6, 2013 at 12:55 am
SHARE

nawas sherif

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി നവാസ് ശരീഫ് ചുമതലയേറ്റു. ഇത് മൂന്നാം തവണയാണ് ഇദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. 342 അംഗ പാര്‍ലമെന്റില്‍ 244 വോട്ട് നേടിയാണ് ശരീഫ് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്. പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇ ഇന്‍സാഫിന്റെ സ്ഥാനാര്‍ഥി ജാവീദ് ഹാശ്മി, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മഖ്ദൂം അമിന്‍ ഫാഹിം എന്നിവരായിരുന്നു തിരഞ്ഞെടുപ്പില്‍ ശരീഫിന്റെ എതിരാളികള്‍. ഹാശ്മിക്ക് 31വോട്ടും ഫാഹിന് 42 വോട്ടുമാണ് നേടാനായത്. 
രാജ്യത്തിന്റെ അസ്ഥിരതയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും പ്രധാനമന്ത്രിയായ ശേഷം നടത്തിയ പ്രസംഗത്തില്‍ ശരീഫ് പറഞ്ഞു. ഗോത്രമേഖലയില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലെ ജനങ്ങളുടെ വിധി മാറ്റിമറിക്കാന്‍ തനിക്കാവുന്നതെല്ലാം ചെയ്യും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പിടിച്ചുനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. വായ്പാ കുടിശ്ശിക, തൊഴിലില്ലായ്മ, യുവാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളും നിയമരാഹിത്യവും, അഴിമതി എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് ശ്രമിക്കും. സാമ്പത്തിക പ്രശ്‌നങ്ങളടക്കമുള്ള ആഭ്യന്ത്രര പ്രശ്‌നങ്ങളാണ് പ്രസംഗത്തിലുടനീളം ശരീഫ് പ്രതിപാദിച്ചത്. അമേരിക്കയുമായി ഇടക്കിടെ ബന്ധത്തില്‍ വിള്ളലുണ്ടാകുന്ന പ്രശ്‌നങ്ങളൊന്നും തന്നെ അദ്ദേഹം പ്രസംഗത്തില്‍ പ്രിതിപാദിച്ചില്ല. ഗോത്രമേഖലകള്‍ അല്‍ഖാഇദ സുരക്ഷിത താവളമാക്കുന്നുവെന്ന് ആരോപിച്ചാണ് ഇവിടങ്ങളില്‍ അമേരിക്ക ആക്രമണം നടത്തുന്നത്. മറ്റുള്ളവരുടെ അഖണ്ഡതയെ നാം ബഹുമാനിക്കുന്നതു പോലെ പാക്കിസ്ഥാന്റെ അഖണ്ഡതയെ മറ്റുള്ളവരും ബഹുമാനിക്കേണ്ടതുണ്ടെന്ന് അമേരിക്കയുടെ ഡ്രോണ്‍ ആക്രമണങ്ങളെ പരാമര്‍ശിച്ച് ശരീഫ് പറഞ്ഞു.
1990ലും 1997ലും പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്ന ശരീഫ,് അഴിമതി അരോപണങ്ങളെത്തുടര്‍ന്ന് അധികാരത്തില്‍നിന്ന്. പുറത്താകുകയായിരുന്നു. പാക്കിസ്ഥാന്‍ പട്ടാള മേധാവി പര്‍വേസ് മുശര്‍റഫ് അധികാരം പിടിച്ചെടുത്തപ്പോള്‍ 1999ല്‍ ശരീഫിനെ ജയിലിലടക്കുകയും പിന്നീട് സഊദിയിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു.