പ്രക്ഷോഭം രാജ്യ വ്യാപകമാകുന്നു; ക്ഷമാപണവുമായി തുര്‍ക്കി സര്‍ക്കാര്‍

Posted on: June 5, 2013 6:00 am | Last updated: June 5, 2013 at 6:16 am
SHARE

isthampulഇസ്തംബൂള്‍: ഇസ്തംബൂളിലെ ഗസി പാര്‍ക്ക് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ആരംഭിച്ച പ്രക്ഷോഭം വ്യാപിക്കുന്നു. പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്തംബൂളിന് പുറത്ത് തലസ്ഥാനമായ അങ്കാറയിലും സമീപ നഗരങ്ങളിലും പ്രക്ഷോഭവും ആക്രമണവുമുണ്ടായി. ഗസി പാര്‍ക്ക് നവീകരിക്കുമ്പോള്‍ മരങ്ങള്‍ നശിക്കുമെന്നും നിര്‍മാണ പ്രവൃത്തി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം രാജ്യവ്യാപകമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകായണെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നടത്തിയ മനുഷ്യത്വരഹിതമായ സമീപനങ്ങളില്‍ തുര്‍ക്കി സര്‍ക്കാര്‍ ക്ഷമാപണം നടത്തി. എന്നാല്‍ തങ്ങള്‍ക്ക് ആവശ്യം സര്‍ക്കാര്‍ രാജിവെക്കലാണെന്നും ക്ഷമാപണമല്ലെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രകടനം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ നേരിട്ട പോലീസ് നടപടി തികച്ചും തെറ്റാണെന്നും പരുക്കേറ്റവരോട് നിരുപാധികം ക്ഷമാപണം നടത്തുന്നുവെന്നും തുര്‍ക്കി ഉപപ്രധാനമന്ത്രി ബുലന്ദ് അര്‍നിക് വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ നടക്കുന്ന അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രക്ഷോഭത്തില്‍ നിന്ന് ജനങ്ങള്‍ പിന്‍മാറണം രാജ്യത്തെ നശിപ്പിക്കാനുള്ള വിദേശ തീവ്രവാദ സംഘടനകള്‍ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് തിരിച്ചറിയണം’ -അദ്ദേഹം പറഞ്ഞു.
സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന അന്റാകിയ പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അന്റാകിയയിലെ തെക്കന്‍ മേഖലയിലുണ്ടായ പ്രകടനം പോലീസ് അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. 22കാരനാണ് കൊല്ലപ്പെട്ടത്. ഇതോടെ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം രണ്ടായി. ഏറ്റുമുട്ടലിനിടെ ഇതുവരെ 2,800 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ 791 പേരുടെ നിലഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രക്ഷോഭത്തിന് തുര്‍ക്കിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രഹസ്യ പിന്തുണ നല്‍കിയിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ അടിച്ചമര്‍ത്തല്‍ നടപടിയെ മനുഷ്യാവകാശ സംഘടനകളും അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും അപലപിച്ചു.