സിറിയിയില്‍ വിമതരും സൈന്യവും രാസായുധങ്ങള്‍ പ്രയോഗിക്കന്നു: യു എന്‍

Posted on: June 5, 2013 6:00 am | Last updated: June 4, 2013 at 11:45 pm
SHARE

ദമസ്‌കസ്: സിറിയന്‍ പ്രക്ഷോഭ നഗരങ്ങളില്‍ വിമത സൈന്യവും രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് യു എന്‍. സിറിയയില്‍ യു എന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. രാജ്യത്ത് നടക്കുന്ന കൂട്ടക്കൊലക്കും ആക്രമണങ്ങള്‍ക്കും സിറിയന്‍ സൈന്യവും വിമതരും ഒരുപോലെ ഉത്തരവാദികളാണെന്നും ഇരുകൂട്ടരും ഭീതിജനകമായ മനുഷ്യാവകാശ ധ്വംസനങ്ങളും കുറ്റകൃത്യങ്ങളുമാണ് സിറിയന്‍ ജനതക്കുമേല്‍ നടത്തുന്നതെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് യു എന്‍ വക്താക്കള്‍ അറിയിച്ചു.

സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം തേടി ജനീവയില്‍ ഈ മാസം അന്താരാഷ്ട്ര സമാധാന സമ്മേളനം നടക്കാനിരിക്കെയാണ് യു എന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. മാരക വിഷാംശമുള്ള രാസായുധങ്ങള്‍ തീവ്രവാദ സംഘടനകള്‍ വഴിയോ അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നോ ആകാം വിമതര്‍ക്ക് ലഭിച്ചതെന്നാണ് അനുമാനം. കഴിഞ്ഞ ദിവസം സിറിയയുടെ അയല്‍രാജ്യമായ ഇറാഖില്‍ രാസായുധങ്ങള്‍ നിര്‍മിക്കുന്നതിനിടെ അല്‍ഖാഇദക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറിയയിലെ വിമതര്‍ക്ക് നല്‍കാനുള്ള ആയുധങ്ങളാണ് നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രക്ഷോഭകര്‍ക്കും ജനങ്ങള്‍ക്കും നേരെ സിറിയന്‍ സൈന്യം രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ രാസായുധങ്ങള്‍ കൈവശമുണ്ടെങ്കിലും തങ്ങള്‍ ഇതുവരെ അവ പ്രയോഗിച്ചിട്ടില്ലെന്ന് സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
സിറിയയിലെ രാസായുധ പ്രയോഗം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരികയാണെന്നും അടിയന്തര നടപടി ഉണ്ടാകണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റുമുട്ടലിനിടെ പരുക്കേറ്റവരുമായും രാജ്യത്തെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുമായും നടത്തിയ അഭിമുഖത്തിലാണ് രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിന് അന്താരാഷ്ട്രതലത്തില്‍ കനത്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് വര്‍ഷത്തോളമായി സിറിയയില്‍ തുടരുന്ന വിമത പ്രക്ഷോഭത്തില്‍ ഇതിനകം നിരവധി തവണ വിമതരും സൈന്യവും രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. വ്യക്തമായ തെളിവുകള്‍ ലഭിക്കുന്ന പക്ഷം കനത്ത നടപടി തന്നെ സ്വീകരിക്കുമെന്നും മൂണ്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് വര്‍ഷത്തിനിടെ സിറിയയില്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 94,000 കവിഞ്ഞിട്ടുണ്ടെന്നും യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.