Connect with us

Kerala

സംസ്ഥാനത്തെ 493 ഇനം സസ്യജാതികള്‍ ചുവന്ന പട്ടികയില്‍

Published

|

Last Updated

ഇന്ന് പരിസ്ഥിതി ദിനം

-മുപ്പതിനം സസ്യങ്ങള്‍ അപ്രത്യക്ഷമായി

കണ്ണൂര്‍:അതീവ ജാഗ്രതാ ജൈവ മണ്ഡലമായ പശ്ചിമ ഘട്ട മല നിരകള്‍ ഉള്‍പ്പെടുന്ന കേരളത്തില്‍ നിന്ന് തദ്ദേശീയമായ സസ്യജാതികള്‍ പലതും അതിവേഗം അപ്രത്യക്ഷമാകുന്നു. തനത് ആവാസവ്യവസ്ഥകളുടെ നാശത്തിന്റെ രൂക്ഷത മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യജാതികളുടെ എണ്ണം അമ്പരപ്പിക്കുന്ന വിധത്തിലാണ് വര്‍ധിക്കുന്നത്. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കാന്‍ രൂപംകൊണ്ട അന്താരാഷ്ട്ര സംഘടനയായ ഐ സി യു എന്നിന്റെ ചുവന്ന പട്ടികയില്‍ (റെഡ് ലിസ്റ്റ്) കേരളത്തിലെ 5094 ഇനം സസ്യങ്ങളില്‍ 493 എണ്ണം ഇതിനകം സ്ഥാനം പിടിച്ചുകഴിഞ്ഞു.

ഇല്ലാതായേക്കാന്‍ സാധ്യതയുള്ള 493 ഇനം സസ്യജാതികള്‍ക്കു പുറമെ മുപ്പത് ഇനം സസ്യങ്ങള്‍ അപ്രത്യക്ഷമായി vegetationകഴിഞ്ഞെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വേങ്ങ, കാട്ടുതെങ്ങ് (മലന്തെങ്ങ്), അശോകം, വാതംകൊല്ലി മരം, കുമുദ്, ഓരിലത്താമര, കാശാവ്, ചുവന്ന അകില്‍, നീര്‍വഞ്ചി, നെല്ലിക്കപ്പുളി, പറട്ടി, മഞ്ഞപ്പുന്ന, മലമ്പുളി, മുത്താറിവള്ളി, വെളുത്തപാല, വ്യാളിത്തണ്ടന്‍ കാട്ടുചേന തുടങ്ങി പ്രാദേശികമായി പല പേരുകളിലറിയപ്പെടുന്ന സസ്യ ഇനങ്ങളാണ് അതീവ വംശനാശഭീഷണിയുള്ളവയായി കണക്കാക്കപ്പെട്ടിരിക്കുന്നത്. മലബാര്‍ കീനോട്രീ, മാര്‍സുപ്പിയം തുടങ്ങിയ ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന വേങ്ങ ഏറ്റവുമടുത്ത കാലം വരെ നമ്മുടെ പറമ്പുകളില്‍ സജീവമായി കാണപ്പെട്ടിരുന്ന ഒരിനം സസ്യമാണ്. മുപ്പത് മീറ്റര്‍ ഉയരത്തില്‍ വളരുന്ന വേങ്ങ ഏറ്റവും വലിയ അണുനാശക ശക്തിയുള്ളതാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ നിത്യഹരിത മരങ്ങളില്‍ ഒന്നായ കാരാഞ്ഞിലി ഗുരുതരമായ വംശനാശത്തിന്റെ വക്കിലായതിനാല്‍ ഇവയെ വനങ്ങളില്‍ കൃത്രിമമായി നട്ടുപിടിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
“സൈസീജിയം ട്രാവന്‍കോറിക്ക” എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന വാതംകൊല്ലി, പൊരിയന്‍ എന്നീ പേരുകളുള്ള കുളവെട്ടിമരം ചെങ്കല്‍ക്കുന്നുകളുടെ നാശം മൂലമാണ് വംശനാശത്തിന്റെ വക്കിലെത്തിയത്. ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന ജലത്തെ ആഴത്തിലുള്ള വേരുപടലം കൊണ്ട് തടഞ്ഞുനിര്‍ത്തി വൃക്ഷം നില്‍ക്കുന്ന പ്രദേശം ചതുപ്പുനിലമാക്കി മാറ്റാന്‍ കഴിവുള്ള കുളവെട്ടിയുള്ള പ്രദേശങ്ങളില്‍ ഒരിക്കലും ജലക്ഷാമമുണ്ടാകാറില്ല. അകില്‍, കാട്ടമ്പഴം, കാട്ടുമല്ലി, ആറ്റുവയന തുടങ്ങിയ മരങ്ങളും അടുത്തിടെ ചുവന്ന പട്ടികയിലിടം നേടിയവയാണ്.
പോളിയാലിതമഫ്‌ന്റെസ് (ചെറിയ മരം), ഡ്രൈപെറ്റ്‌സ് ട്രാവന്‍മൂറിക്ക (വന്‍ വൃക്ഷം), ഡാല്‍ബെര്‍ജിയ vegetatട്രാവന്‍കൂറിക്ക (വള്ളി), ബര്‍മാനിയ ഇന്‍ഡിക്ക, ബര്‍മാനിയ സിട്രിക്ക (ഔഷധ സസ്യം) തുടങ്ങിയ മുപ്പത് ഇനം സസ്യങ്ങളാണ് അപ്രത്യക്ഷമായിട്ടുള്ളത്. ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പുറത്തിറക്കിയ ചുവന്ന പുസ്തകത്തില്‍ കേരളത്തിലെ വനങ്ങളില്‍ കാണുന്ന നിരവധി ചെടികള്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. കാശിത്തുമ്പ ഇനത്തില്‍പ്പെട്ട ചെടികള്‍ നമ്മുടെ മലമുടികളിലുണ്ട്. ഇംപേഷ്യന്‍സ് എന്ന ജനുസ്സില്‍പ്പെട്ട ചില മലങ്കാശിത്തുമ്പകളുടെ ഇനം കുറ്റിയറ്റു പോയതായി ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ അപൂര്‍വമായ മലബാര്‍ ഡാഫോഡില്‍, ബോക്കി കൊറിത്തിഡ് വൈറ്റി തുടങ്ങിയ ഓര്‍ക്കിഡുകള്‍ പശ്ചിമഘട്ട മലയില്‍ തീര്‍ത്തും വംശനാശ ഭീഷണി നേരിട്ടവയായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
നിശ്ചിത കാലാവസ്ഥയിലും ആവാസ വ്യവസ്ഥയിലും മാത്രം നിലനില്‍ക്കുന്ന സസ്യജനുസ്സുകള്‍ അപ്രത്യക്ഷമാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാടുകള്‍ വെട്ടിവെളുപ്പിക്കുന്നതും നാണ്യവിള തോട്ടങ്ങള്‍ വര്‍ധിക്കുന്നതുമെല്ലാം സസ്യങ്ങളുടെ തിരോധാനത്തിന് കാരണമാകുന്നതായി കേരള വന ഗവേഷണ കേന്ദ്രത്തിലെ സസ്യശാസ്ത്രജ്ഞനായ ഡോ. എന്‍ ഗംഗാധരന്‍ പറഞ്ഞു. അതേസമയം, കേരളത്തിന്റെ വന മേഖലയെ ഉള്‍പ്പെടെ അധിനിവേശ സസ്യങ്ങള്‍ കീഴടക്കുന്നുവെന്ന് വനം വകുപ്പിന്റെ പഠനങ്ങളിലും പറയുന്നു. അമേരിക്ക, ആസ്‌ത്രേലിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവയാണ് അധിനിവേശ ചെടികള്‍ ഏറെയും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി