11 മരണം കൂടി; സംസ്ഥാനം പനിയുടെ പിടിയില്‍

Posted on: June 5, 2013 6:00 am | Last updated: June 5, 2013 at 5:29 pm
SHARE

*ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

*ഡെങ്കിപ്പനി കൂടുതലും
തലസ്ഥാന ജില്ലയില്‍

തിരുവനന്തപുരം:പകര്‍ച്ചപ്പനി വ്യാപകമായി തുടരുന്നതിനിടെ, സംസ്ഥാനത്ത് ഇന്നലെ ഡെങ്കിപ്പനി, പകര്‍ച്ചപ്പനി എന്നിവ ബാധിച്ച് പത്ത് പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ചും മരിച്ചിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ചായ്‌ക്കോട്ടുകോണം വാറുവിള വീട്ടില്‍ അനിത (18), കൊല്ലം പുനലൂര്‍ കരവാളൂര്‍ മാത്ര ഐ എച്ച് ഡി പി കോളനിയില്‍ തങ്ക (55), പള്ളിശേരിക്കല്‍ തെറ്റിക്കുഴി വടക്കതില്‍ സുബൈര്‍കുട്ടിയുടെ ഭാര്യ ഉസൈബാ ബീവി (57), പത്തനംതിട്ട തിരുവല്ല നെടുമ്പ്രം കല്ലുങ്കല്‍ പുളിക്കത്തറയില്‍ റിട്ട. എസ് ഐ. പി കെ കുട്ടപ്പന്റെ മകള്‍ സൗമ്യാ റാണി (27), കലഞ്ഞൂര്‍ കല്ലറേത്ത് പറയന്‍കോട് പുത്തന്‍വീട്ടില്‍ എന്‍ വിജയന്റെ ഭാര്യ പ്രഭാവതി (50), കോട്ടയം കടുത്തുരുത്തി സ്വദേശിനി മേരിക്കുട്ടി ജോണ്‍(69), കൊല്ലം ഇട്ടിവ സ്വദേശി ഷേര്‍ളി ചാക്കോ(39), കൊല്ലം സ്വദേശി ഉഷാകുമാരി, ശാസ്താകോട്ട പോരുവഴി കമ്പലടി ഷെമീര്‍ മന്‍സിലില്‍ അബ്ദുസ്സലാം (50), കോട്ടയം തീക്കോയി മാവടി മാടത്താനിയില്‍ ജാനകി (60), അടിമാലി വെള്ളത്തൂവല്‍ മുതുവാന്‍കുടി കൊല്ലമ്മാക്കുടി ജോബിനോ (14) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട അടൂര്‍ പള്ളിക്കല്‍ രതീഷ് ഭവനില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ചന്ദ്ര (55)യാണ് മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്.

ഡെങ്കിപ്പനിക്ക് പുറമെ സംസ്ഥാനത്ത് എലിപ്പനിയും മലേറിയയും മഞ്ഞപ്പിത്തവും പടര്‍ന്നുപിടിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ 15,385 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇവരില്‍ 118 പേര്‍ക്ക് ഡെങ്കിപ്പനിയും 12 പേര്‍ക്ക് എലിപ്പനിയും 32 പേരില്‍ മഞ്ഞപ്പിത്തവും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിതരില്‍ 47 പേര്‍ തിരുവനന്തപുരത്തും 42 പേര്‍ കോട്ടയത്തുമാണ്. ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ 12 പേര്‍ക്ക് എലിപ്പനിയും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്- 47. കോട്ടയം-42, കൊല്ലം- അഞ്ച്, പത്തനംതിട്ട- നാല്, എറണാകുളം- എട്ട്, തൃശൂര്‍- നാല്, മലപ്പുറം- ഒന്ന്, കോഴിക്കോട്- മൂന്ന്, വയനാട്- രണ്ട്, കണ്ണൂര്‍, കാസര്‍കോട്- ഒന്ന് വീതം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്നലെ എലിപ്പനി കണ്ടെത്തിയത്. തിരുവനന്തപുരം- ഏഴ്, തൃശൂര്‍-രണ്ട്, പാലക്കാട്, വയനാട്, കണ്ണൂര്‍- ഒന്നുവീതം ആളുകളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മലേറിയ കണ്ടെത്തിയത്. ഡെങ്കിപ്പനിക്ക് പുറമെ സംസ്ഥാനത്ത് എലിപ്പനിയും വ്യാപിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ഇതിനിടെ, പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇതിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗവും ചേരുന്നുണ്ട്. ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഉന്നതതല യോഗം നടക്കുക. പനി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നത്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി സംസ്ഥാനത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റു വകുപ്പുകളുടെ സഹകരണം ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു. ആരോഗ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ എം കെ മുനീര്‍, മഞ്ഞളാംകുഴി അലി, വകുപ്പ് തലവന്മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഉന്നതതല യോഗത്തിനു ശേഷം പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ഭരണപരമായ നടപടിക്രമങ്ങള്‍ക്ക് അംഗീകാരം നല്‍കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന പഞ്ചായത്തുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം കെ മുനീര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അഞ്ച് പേരിലാണ് എലിപ്പനി കണ്ടെത്തിയത്. രണ്ട് ദിവസത്തിനിടെ തലസ്ഥാന ജില്ലയില്‍ എലിപ്പനി ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഏറ്റവുമധികം ഡെങ്കിപ്പനി, എലിപ്പനി ബാധിതരുള്ളതും തലസ്ഥാന ജില്ലയിലാണ്. തലസ്ഥാനത്ത് മാലിന്യനിര്‍മാര്‍ജനത്തിലെ പാളിച്ചയും ജലസ്രോതസ്സുകളുടെ മലിനീകരണവുമാണ് രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നത്. അതേസമയം, പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കേണ്ട സംയോജിത രോഗപ്രതിരോധ വിഭാഗവും(ഐ ഡി എസ് പി) കൊതുകുജന്യ രോഗനിയന്ത്രണ സെല്ലും പദ്ധതിവിഹിതം പൂര്‍ണമായി ചെലവഴിച്ചില്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഐ ഡി എസ് പിക്ക് അനുവദിച്ച 2.10 കോടി രൂപയില്‍ 1.37 കോടി രൂപ മാത്രമേ ചെലവഴിച്ചുള്ളൂ. കൊതുകുജന്യ രോഗനിയന്ത്രണ വിഭാഗത്തിന് അനുവദിച്ച 9.72 കോടി രൂപയില്‍ 7.39 കോടി മാത്രമേ ചെലവഴിച്ചുള്ളൂ. പകര്‍ച്ചവ്യാധി കണക്കുകള്‍ കൃത്യമായി കേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കുന്നതിലും ഈ വിഭാഗങ്ങള്‍ അലംഭാവം കാട്ടി. ഇതിനിടെ, കോട്ടയത്തും പത്തനംതിട്ടയിലും ഇന്നലെ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.