ചിന്തിക്കൂ, ഭക്ഷിക്കൂ, സംരക്ഷിക്കൂ

Posted on: June 5, 2013 6:00 am | Last updated: June 5, 2013 at 6:17 am
SHARE

1ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമായാണ് ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി പ്രോഗ്രാം ആചരിക്കുന്നത്. ഈ വര്‍ഷം ദിനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ‘ചിന്തിക്കൂ, ഭക്ഷിക്കൂ, സംരക്ഷിക്കൂ’ എന്നതാണ്. 1972ല്‍ സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ വെച്ച് ‘മനുഷ്യനും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ ലോക ഉച്ചകോടി നടന്നു. ലോകരാജ്യങ്ങള്‍ നടത്തുന്ന മലിനീകരണം രാജ്യാന്തര പ്രശ്‌നങ്ങളാകുകയും അന്തരീക്ഷവും കടലും കാലാവസ്ഥയും വരെ പരിസ്ഥിതി പ്രശ്‌നം മൂലം വീര്‍പ്പു മുട്ടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് യു എന്‍ സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്‍ നടത്തിയത്. അതിനു ശേഷമാണ് എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാചരണം നടത്താന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനമെടുത്തത്.

ലോകം അതുവരെ പരിസ്ഥിതി മലിനീകരണത്തിന്റെ കെടുതികളെക്കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍, സ്റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് സംസാരിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ‘പട്ടിണിയാണ് ഏറ്റവും വലിയ മലിനീകരണം’ എന്ന് വ്യക്തമാക്കുന്നത് വരെ ഈ നില തുടര്‍ന്നു. അതുവരെ മൂന്നാം ലോക രാജ്യങ്ങളും അവികസിത രാജ്യങ്ങളും മാത്രമാണ് ലോകത്തെ മലിനീകരണത്തിന് കാരണമെന്നാണ് സമ്പന്ന രാജ്യങ്ങള്‍ പറഞ്ഞുപരത്തിയിരുന്നത്. കാരണം, സമ്പന്ന രാജ്യങ്ങളില്‍ കുറ്റമറ്റ സംസ്‌കരണ സംവിധാനങ്ങള്‍ ഉണ്ടെന്നതിനാല്‍ മലിനീകരണ തോത് തുലോം കുറവാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, ലോകത്തിന്റെ സമ്പത്തിന്റെ 75 ശതമാനത്തിലധികം സമ്പന്ന രാജ്യങ്ങളുടെ കൈവശമാണെന്നും വ്യവസായ വിപ്ലവം നടത്തി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതല്‍ നടത്തിയത് അവരാണെന്നും അവികസിത രാജ്യങ്ങള്‍ വാദിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും കുറക്കാന്‍ ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അല്‍പ്പമൊക്കെ മലിനീകരണം നടക്കുമെന്നും അത് സ്വാഭാവികമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലിനീകരണം നടത്തി ലോകസമ്പത്ത് മുഴുവന്‍ വെട്ടിപ്പിടിച്ചതിനു ശേഷം സുഖലോലുപതയില്‍ കഴിയുന്ന വികസിത രാജ്യങ്ങള്‍ക്ക് അവികസിത രാജ്യങ്ങള്‍ നടത്തുന്ന ചെറിയ തോതിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങളോട് പോലും അസഹിഷ്ണുതയാണെന്നും ലോകം തിരിച്ചറിഞ്ഞു.
2009, 2010 വര്‍ഷങ്ങളില്‍ ലോകത്ത് 2.3 ദശകോടി ടണ്‍ ധാന്യ ഉത്പാദനമാണ് നടന്നത്. ഇതിന്റെ പകുതിയിലധികം നാശോന്മുഖമായിപ്പോകുകയോ പാഴായിപ്പോകുകയോ ആണ് ഉണ്ടായത്. ഭക്ഷണം പാഴായിപ്പോകുമ്പോള്‍ നമുക്ക് ശരിക്കും നഷ്ടമാകുന്നത് അത് ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ച ജലം, ഊര്‍ജം, തൊഴില്‍ ദിനങ്ങള്‍, മൂലധനം എന്നിവയാണ്. ഭക്ഷ്യവസ്തുക്കള്‍ നശിക്കുമ്പോഴും കേടായിപ്പോകുമ്പോഴും മീഥേല്‍ അടക്കമുള്ള ഹരിതഗൃഹ വാതകങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മീഥേല്‍ വാതകത്തിന് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഉത്തരവാദിയായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ 3 ഇരട്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുണ്ട്. വികസ്വര രാജ്യങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ കേടാകാതെ പരിപാലിക്കുന്നതിന് വേണ്ട സാങ്കേതിക മികവ് കുറവും പണമില്ലായ്മയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതു കൂടാതെ പരിജ്ഞാനമില്ലായ്മ, വിളവെടുപ്പിനും അതിനു ശേഷവും അവശ്യം വേണ്ട സാങ്കേതിക ഉപകരണങ്ങളുടെ അപര്യാപ്തത, സൂക്ഷിക്കുന്നതിനുള്ള കെട്ടിടങ്ങളുടെയും നിര്‍മിതികളുടെയും കുറവ് ശരിയായ പാക്കേജിംഗ് സംവിധാനങ്ങള്‍ ഇല്ലാത്തത് എന്നിവയെല്ലാം ഭക്ഷണ പദാര്‍ഥങ്ങള്‍ കേടായിപ്പോകാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ വന്‍കിട സമ്പന്ന രാജ്യങ്ങളിലും ഇടത്തരം സമ്പന്ന രാജ്യങ്ങളിലും ധൂര്‍ത്തും വിതരണക്കാരും ഉത്പാദകരും തമ്മിലുള്ള പരസ്പര ധാരണയില്ലായ്മയുമാണ് പലപ്പോഴും ഭക്ഷ്യനാശത്തിനും ഭക്ഷ്യവസ്തുക്കള്‍ പാഴായിപ്പോകുന്നതിനും ഇടയാകുന്നത്. അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 30 ശതമാനം ഭക്ഷ്യവസ്തുക്കളാണ് (ഉദ്ദേശം 48 ശതകോടി ടണ്‍) വലിച്ചെറിഞ്ഞു കളയുന്നത്. അതുകൊണ്ടു തന്നെ ഭക്ഷ്യ ഉത്പാദനത്തിന് ഉപയോഗിക്കുന്ന പകുതിയിലധികം ജലവും പാഴാക്കിക്കളയുന്നതായി കണക്കാക്കുന്നു. 2015ല്‍ 50 രാജ്യങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകാന്‍ ഇടയുണ്ടെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തില്‍ വേണം നാമിതിനെ വിലയിരുത്താന്‍.
ഐക്യരാഷ്ട്ര സംഘടന 2013 ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ഔദ്യോഗികമായി ആചരിക്കുന്നത് മംഗോളിയയിലാണ്. ഖനികള്‍ കുഴിച്ചും വനങ്ങള്‍ നശിപ്പിച്ചും ക്രമാതീതമായി ഭൂഗര്‍ഭജലം ഉപയോഗിച്ചും കാര്‍ഷിക മേഖല തകിടം മറിഞ്ഞ രാജ്യമാണ് അത്. സാധാരണ ജനങ്ങള്‍ നാടോടി ജീവിതം നയിക്കുന്നവരാണ്. കാലാവസ്ഥാ വ്യതിയാനം മൂലം അവരുടെ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിന് വലിയ തിരിച്ചടി നേരിട്ടിരിക്കയാണ്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ മംഗോളിയയുടെ അന്തരീക്ഷ ഊഷ്മാവ് രണ്ട് ഡിഗ്രി കൂടിയതായി രേഖപ്പെടുത്തിയിരിക്കുന്നു. മഴയാണെങ്കില്‍ ഏകദേശം എല്ലാ പ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇവിടെ പരിസ്ഥിതി ദിനാചരണം നടത്തുന്നതിനാല്‍ ആ രാജ്യം മലിനീകരണവിമുക്തമാക്കുമെന്നും നാടിന്റെ ഭാവിക്കായി സുസ്ഥിര വികസനത്തിന്റെ പാത പിന്തുടരുമെന്നും മംഗോളിയന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നു. അതിന്റെ മുന്നോടിയായായി പുതിയ ഖനികള്‍ക്ക് മൊറോറ്റോറിയം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പഴയ ഖനികള്‍ പൂര്‍ണമായും പരിസ്ഥിതി നിയമങ്ങളുടെ കീഴില്‍ കൊണ്ടുവരികയും ചെയ്തു. രാജ്യം പാരമ്പര്യേതര ഊര്‍ജഉത്പാദനത്തിലേക്ക് തിരിയുകയാണ്. മംഗോളിയയില്‍ ഉടലെടുത്തിരിക്കുന്ന ഹരിത സമ്പദ്‌വ്യവസ്ഥ ലോകപരിസ്ഥിതി ദിനാചരണത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരുടെ മുമ്പില്‍ അവതരിപ്പിക്കുമെന്നാണ് പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. പരമ്പരാഗതമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ കൂടുതല്‍ പരിസ്ഥിതിസൗഹൃദമായി ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. മംഗോളിയയുടെ പുനഃസൃഷ്ടി ആരംഭിച്ചിരിക്കുന്നു. കല്‍ക്കരി ഉപയോഗം ഗണ്യമായി കുറക്കുന്നതിന് ഊര്‍ജസംരക്ഷണ സാങ്കേതിക വിദ്യകള്‍ക്ക് മുന്‍ഗണന നല്‍കിക്കഴിഞ്ഞു. 2013 ഏപ്രില്‍ മുതല്‍ വായു മലിനീകരണം നടത്തുന്ന ഫാക്ടറികള്‍ക്ക് വായു മലിനീകരണ നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ രാജ്യം ഭക്ഷ്യസുരക്ഷയിലേക്ക് നടന്നു നീങ്ങുന്നതായി ലോകം വിലയിരുത്തുന്നു.
ഇന്ത്യയില്‍ 2013 ജനുവരിയിലെ കണക്കനുസരിച്ച് 50,000 കോടി രൂപയുടെ ഭക്ഷ്യധാന്യം (ഭക്ഷ്യവസ്തുക്കള്‍) പ്രതിവര്‍ഷം പാഴാക്കിക്കളയുന്നതായി കണക്കാക്കുന്നു. സാമര്‍ഥ്യവും പ്രാപ്തിയുമുള്ള മാനവ വിഭവശേഷിയുടെ കുറവ്, ധാന്യപ്പുരകളുടെ അഭാവം, വിളവെടുപ്പിനു ശേഷമുള്ള പാകപ്പെടുത്തലിലെ പോരായ്മ, സാങ്കേതിക വിദ്യയുടെ കുറവ്, അജ്ഞത, സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാതെ വരുന്നത്, അതിവേഗത്തിലുള്ള ചരക്കുനീക്കത്തിന്റെ അഭാവം തുടങ്ങിയ പ്രധാന കാരണങ്ങളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ 40 ശതമാനം നശിച്ചുപോകുന്നതിനു കാരണം. ശാസ്ത്രീയമായും സാങ്കേതികമായും ഭക്ഷ്യരംഗം കൈകാര്യം ചെയ്യാന്‍ സമര്‍ഥരായ 35 ലക്ഷം ആളുകളെങ്കിലും നമുക്കാവശ്യമാണ്. ഇതുകൂടാതെ, ധാന്യങ്ങളും ഭക്ഷണവസ്തുക്കളും പച്ചക്കറികളും കൃഷി ഭൂമിയില്‍ നിന്നുള്ള മറ്റു ഉത്പന്നങ്ങളും പഴങ്ങളും ഇറച്ചി, പാല്‍, മുട്ട, വേവിച്ച ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയും കേട് കൂടാതെ സൂക്ഷിക്കാന്‍ രാജ്യമൊട്ടാകെ ശീതീകരണ സംവിധാനങ്ങളുടെ ശൃംഖലയും അത്യാവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. കുറ്റമറ്റ ഭക്ഷ്യസുരക്ഷാ പ്രക്രിയകളും പ്രവൃത്തനക്രമങ്ങളും ഭക്ഷ്യവസ്തുക്കള്‍ പാഴായിപ്പോകുന്നത് തടയാന്‍ അത്യന്താപേക്ഷിതമാണ്. 1970 മുതല്‍ ഭക്ഷ്യോത്പാദനത്തില്‍ മിച്ച രാജ്യമാണ് ഇന്ത്യ. എന്നിട്ടും പട്ടിണി മാറിയിട്ടില്ലെന്നതാണ് സത്യം. ഭക്ഷ്യവസ്തുക്കള്‍ തെറ്റായി കൈകാര്യം ചെയ്യുന്നതും അലക്ഷ്യമായി പരിപാലിക്കുന്നതും ഒരളവ് വരെ ഭക്ഷ്യ വേസ്റ്റ് ഉണ്ടാകാന്‍ കാരണമാകാറുണ്ട്.
ഇന്ത്യ, ഭക്ഷ്യ സുരക്ഷ കുറഞ്ഞ രാജ്യമാണ്. അതുകൊണ്ടുതന്നെ പട്ടിണിയും ഒഴിയാ ബാധയായി പുരോഗതിയെ പിറകോട്ടടിപ്പിക്കുന്നു. ലോകത്ത് ജപ്പാനാണ് ഏറ്റവും കുറവ് ഭക്ഷ്യവേസ്റ്റ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ അവര്‍ക്കുള്ള നിയമങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നതാണിതിന് കാരണം. ഇന്ത്യയിലും പാക്കിസ്ഥാനിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭക്ഷണം കിട്ടാതെ അലയുന്നത്. ലോകത്ത് അഞ്ച് ലക്ഷം കുട്ടികളെങ്കിലും പ്രതിവര്‍ഷം ഭക്ഷണത്തിന്റെ അഭാവം മൂലമുള്ള പട്ടിണി മൂലം മരണമടയുന്നതായി കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളും ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യയോഗ്യമായ വസ്തുക്കളാണ് പ്രതിവര്‍ഷം കുഴിച്ചുമൂടുന്നത്. എന്നാല്‍ ആവശ്യക്കാരിലേക്ക് ഭക്ഷണം എത്തുന്നുമില്ല. ഭക്ഷ്യ വസ്തുക്കളുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രതിദിനം നശിപ്പിച്ചുകളയുന്ന ഭക്ഷ്യവസ്തുക്കള്‍ പട്ടിണി അനുഭവപ്പെടുന്ന രാജ്യങ്ങളിലെത്തിയിരുന്നെങ്കില്‍ അനേകായിരങ്ങളുടെ വിശപ്പ് അടക്കാമായിരുന്നു. ദശലക്ഷക്കണക്കിനാളുകള്‍ പട്ടിണി കിടക്കുന്ന ഇന്ത്യയില്‍ ഭക്ഷണം പാഴാകുന്നത് തടയാനാകുന്നില്ലെങ്കില്‍ അത് കുറ്റകരമായ അനാസ്ഥയാണ്. വിവാഹ സത്കാരങ്ങളില്‍ കാണിക്കുന്ന ധൂര്‍ത്ത് മൂലം നഷ്ടമായിപ്പോകുന്നത് വില പിടിച്ച ഭക്ഷ്യവസ്തുക്കളാണ്. എന്നാല്‍, ഒരു വശത്ത് വിശപ്പടക്കാനായി കുപ്പത്തൊട്ടിയില്‍ കൈയിട്ടുവാരുന്ന ആളുകളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥതയും അനാസ്ഥയും ഇക്കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണമാകുന്നുണ്ട്. മിക്കവാറും വിവാഹ സത്കാരങ്ങളില്‍ വിളമ്പുന്ന ആഹാരത്തിന്റെ അഞ്ചിലൊന്ന് പാഴായിപ്പോകുന്നുണ്ടത്രേ. ഇത് ഒരു ക്രിമിനല്‍ കുറ്റമായി കാണണം. അരിയടക്കം ഭക്ഷ്യവസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും വില ഏതാനും മാസമായി കുത്തനെ കൂടിയതിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഏഷ്യയിലെ 64 ദശലക്ഷം ആളുകളെങ്കിലും പട്ടിണിപ്പാവങ്ങളായിരിക്കുന്നു. പ്രാദേശിക ഭക്ഷ്യ വിപണിയെ, നാം വാങ്ങി, തിന്നാതെ പാഴാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഏറെ ബാധിക്കുന്നുണ്ട് എന്നതാണ് വാസ്തവം. നാം ആവശ്യത്തിലധികം വാങ്ങി പാഴാക്കാതിരുന്നെങ്കില്‍ പ്രാദേശിക ഭക്ഷ്യലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും കഴിയുമായിരുന്നു. അതുകൊണ്ട് ആവശ്യത്തിനുള്ളത് മാത്രം വാങ്ങുക, വാങ്ങിയതെല്ലാം ഭക്ഷിക്കുക ഇങ്ങനെ ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകും. ലോകാരോഗ്യ സംഘടന പറയുന്നത് പ്രതിവര്‍ഷം 1.3 ശതകോടി ടണ്‍ ഭക്ഷണം പാഴായിപ്പോകുകയോ നാശമായിപ്പോകുകയോ ചെയ്യുന്നുണ്ടെന്നാണ്. സമ്പന്ന രാഷ്ട്രങ്ങള്‍ മാത്രം പാഴാക്കിക്കളയുന്നത് 222 ദശലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കളാണ്. ലോകത്ത് ഏഴ് പേരില്‍ ഒരാള്‍ എന്ന കണക്കില്‍ ഭക്ഷിക്കാത്ത വയറുമായിട്ടാണ് ഉറങ്ങാന്‍ കിടക്കുന്നത്. പ്രതിദിനം അഞ്ച് വയസ്സില്‍ താഴെയുള്ള 20,000 കുട്ടികളെങ്കിലും ഭക്ഷണമില്ലാതെ മരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യു എന്‍ ഫുഡ് പ്രിന്റ് കറക്കാനായി ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഭക്ഷ്യസുരക്ഷ പരുങ്ങലിലാണ്. ഭക്ഷണത്തിനായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഒരു സമരമോ തര്‍ക്കമോ കലാപമോ മതി കേരള ജനത പട്ടിണിയിലാകാന്‍. അതുകൊണ്ട് നമ്മുടെ തരിശിട്ടിരിക്കുന്ന പാടശേഖരങ്ങളില്‍ കൃഷി നടത്തണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഭക്ഷ്യവേസ്റ്റ് കുറക്കാനും നമുക്ക് ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്.