വിവരാവകാശ നിയമവും രാഷ്ട്രീയക്കാരുടെ ആശങ്കയും

Posted on: June 5, 2013 6:00 am | Last updated: June 4, 2013 at 11:12 pm
SHARE

political partiesരാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനത്തിനെതിരെ മിക്ക പാര്‍ട്ടികളും രംഗത്ത് വന്നിരിക്കയാണ്. വിവരാവകാശ കമ്മീഷന്റെ നിലപാട് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന ദ്വിവേദിയുടെ പ്രതികരണം. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് വിഘാതമാകുമെന്നാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആശങ്കപ്പെടുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെ പൊതുസ്ഥാപനമായി കാണാനാകില്ലെന്നും അവര്‍ സര്‍ക്കാറിന്റെ ഭാഗമല്ലെന്നും തന്റെ നിലപാടിന് ന്യായീകരണമായി അദ്ദേഹം പറയുന്നു. സി പി ഐ, ജനതാദള്‍-യു, എന്‍ സി പി എന്നീ കക്ഷികളും ഈ തീരുമാനത്തോട് കടുത്ത ഭാഷയില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ബി ജെ പി മാത്രമാണ് നിലവില്‍ ഇതിനെ സ്വാഗതം ചെയ്തത്. 
അഴിമതി സര്‍വ മേഖലയിലും വ്യാപകമായ സാഹചര്യത്തില്‍ അതിന് തടയിടാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമെന്ന നിലയിലാണ് വിവരാവകാശ നിയമം കൊണ്ടുവന്നത്. അഴിമതി നിര്‍മാര്‍ജനം മുഖ്യ അജന്‍ഡയായി പ്രഖ്യാപിച്ചവരാണ് രാഷ്ട്രീയ കക്ഷികളെന്നിരിക്കെ വിവരാവകാശ കമ്മീഷന്റെ പുതിയ ഉത്തരവിനെ ഇവര്‍ എതിര്‍ക്കുന്നതിന്റെ താത്പര്യമാണ് മനസ്സിലാകാത്തത്. തങ്ങള്‍ സര്‍ക്കാറിന്റെ ഭാഗമോ പൊതുസ്ഥാപനമോ അല്ലെന്ന് പറയുമ്പോള്‍ തന്നെ, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ നികുതിയിളവുകള്‍ ഉള്‍പ്പെടെ മറ്റു സംഘടനകള്‍ക്കില്ലാത്ത പല ആനുകൂല്യങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ അനുഭവിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ ദൂരദര്‍ശന്‍, ആകാശവാണി തുടങ്ങി സര്‍ക്കാര്‍ മാധ്യമങ്ങളില്‍ ഇവര്‍ക്ക് സൗജന്യമായി പ്രചാരണം അനുവദിക്കുന്നുണ്ട്. ഓഫീസ് ആവശ്യത്തിനും മറ്റും സര്‍ക്കാര്‍ കെട്ടിടവും സ്ഥലവും സൗജന്യമായോ നാമമാത്ര പാട്ടത്തിനോ അനുവദിക്കുന്നു. ഇതൊക്കെ നന്നായി അനുഭവിച്ചു കൊണ്ട് തങ്ങള്‍ക്ക് ഭരണകൂടത്തോട് യാതൊരു വിധേയത്വവുമില്ലെന്ന് പറഞ്ഞു പൊതു വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് കുതറിച്ചാടാനൊരുമ്പെടുന്നത് മിതമായി പറഞ്ഞാല്‍ നന്ദികേടാണ്. അല്ലെങ്കില്‍ ഇത്തരം ആനുകൂല്യങ്ങളൊന്നും തങ്ങള്‍ക്ക് വേണ്ടെന്ന് പറയാനും അത് ഉപേക്ഷിക്കാനുമുള്ള ചങ്കൂറ്റം കാണിക്കട്ടെ.
അല്ലെങ്കിലും രാജ്യത്തെയും ജനങ്ങളെയും ‘സേവിക്കാന്‍’ കച്ച കെട്ടിയിറങ്ങിയ രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കാന്‍ എന്താണുള്ളത്? വിവരാവകാശ കമ്മീഷന്റെ പരിധിയില്‍ വന്നാല്‍ സ്വതന്ത്രമായ ഉള്‍പാര്‍ട്ടി ചര്‍ച്ചക്ക് പ്രയാസം നേരിടുമത്രെ. നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും സുതാര്യത പുലര്‍ത്തുന്ന കക്ഷികള്‍ക്ക് ജനങ്ങളറിയാന്‍ പാടില്ലാത്ത എന്ത് കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാനുള്ളത്? ഉള്‍പാര്‍ട്ടി ചര്‍ച്ച മാത്രമാണ് പ്രശ്‌നമെങ്കില്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് അതൊഴിവാക്കിത്തരണമെന്നാവശ്യപ്പെടുകയല്ലാതെ ആ നിയമം പാടേ തങ്ങള്‍ക്ക് വേണ്ടെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്.
ഉള്‍പാര്‍ട്ടി ചര്‍ച്ചയല്ല, വരവുചെലവ് കണക്കുകള്‍ തന്നെയാണ് യഥാര്‍ഥ പ്രശ്‌നമെന്നാണ് മനസ്സിലാകുന്നത്. പ്രവര്‍ത്തന ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് തുടങ്ങി ഒരു കക്ഷിയുടെയും വരുമാനവുമായി ബന്ധപ്പെട്ട മാര്‍ഗങ്ങളൊന്നും സുതാര്യമല്ല. അധികാരികളെ ബോധിപ്പിക്കാന്‍ പൊതുപിരിവുകള്‍ നടത്തുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് വേളയില്‍ പണം വാരിയെറിയെറിയാനും വോട്ടര്‍മാരെ വിലക്ക് വാങ്ങാനും അതൊട്ടും പര്യാപ്തമല്ല. തൂക്കുപാര്‍ലിമെന്റോ നിയമസഭകളോ നിലവില്‍ വരുമ്പോഴും പാര്‍ട്ടിയിലെ പിളര്‍പ്പോ കൂറുമാറ്റമോ കാരണമായി സര്‍ക്കാറിന്റെ ഭാവി തുലാസില്‍ തൂങ്ങുമ്പോഴും കോടികള്‍ മുടക്കി സാമാജികരെ ചാക്കിടാനും വേറെ വഴി കണ്ടെത്തേണ്ടതുണ്ട്. കള്ളപ്പണക്കാരും നിയമങ്ങളെ നോക്കുകുത്തിയാക്കി ബസിനസ് സാമ്രാജ്യങ്ങള്‍ വികസിപ്പിക്കുന്ന കുത്തക മുതലാളിമാരുമൊക്കെയാണ് രാഷ്ട്രീയ പാര്‍ട്ടി ഫണ്ടുകളെ കൊഴുപ്പിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. പല പ്രമുഖ ദേശീയ കക്ഷികള്‍ക്കും ഹവാലക്കാരും അധോലോക രാജാക്കന്മാരുമായുമുള്ള വഴിവിട്ട ബന്ധം ഇടക്കിടെ മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരാറുമുണ്ട്. തങ്ങളുടെ വരുമാനത്തില്‍ 20 ശതമാനം മാത്രമാണ് സംഭാവനയായി ലഭിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് മുമ്പാകെ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയത്. ബാക്കി എവിടെ നിന്നെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
ബി ജെ പിയെങ്കിലും വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ സ്വാഗതം ചെയ്തല്ലോ. സന്തോഷകരം! കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമടക്കം മറ്റെല്ലാ ദേശീയ കക്ഷികളും എതിര്‍ത്ത സാഹചര്യത്തില്‍ ഈ ഉത്തരവ് അത്ര എളുപ്പത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ബി ജെ പിക്ക് നല്ല ബോധ്യമുള്ളതു കൊണ്ട് അവര്‍ക്ക് സധൈര്യം അതിനെ സ്വാഗതം ചെയ്യാം. തങ്ങളുടെ പ്രവര്‍ത്തന പാത സുതാര്യമാണെന്ന് അവകാശപ്പെടുകയുമാകാം. നൂറില്‍ നൂറ് മാര്‍ക്ക് തന്നെ അര്‍ഹിക്കുന്ന ഒന്നാം തരം രാഷ്ട്രീയ തന്ത്രം!